kodiyeri-and-sons

തിരുവനന്തപുരം: മുജ്ജന്മത്തിലെ ശത്രുക്കൾ ഈ ജന്മത്തിൽ മക്കളായി ജനിക്കുമെന്ന ചൊല്ല്, സി.പി.എമ്മിലെ കരുത്തുറ്റ മുഖങ്ങളിലൊന്നായ കോടിയേരി ബാലകൃഷ്ണന്റെ കാര്യത്തിൽ അർത്ഥവത്തായോ? .

2006ലെ വി.എസ് മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായും, പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടറിയായും സംഘാടകമികവ് കാട്ടിയ കോടിയേരിയെ പൊതുസമൂഹത്തിന് മുന്നിൽ തല കുനിപ്പിച്ച് നിറുത്തിയത് മക്കളുടെ ചെയ്തികളെന്ന് ചിന്തിക്കുന്നവർ ഏറെയാണ്. കേരളം കണ്ട മികച്ച ആഭ്യന്തരമന്ത്രിമാരിലൊരാളാണ് .കോടിയേരി .കുടുംബത്തെയും മക്കളെയും നിലയ്ക്കുനിറുത്താനാവാത്ത ഒരാളെങ്ങനെ പാർട്ടിയെയും സമൂഹത്തെയും നന്നാക്കുമെന്ന അടക്കം പറച്ചിലുകൾ സി.പി.എമ്മിൽ ശക്തം.

സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റപ്പോൾ മുതൽ കോടിയേരിയെ തളർത്തിയത് മക്കൾ വിവാദം. 2018ലാണ് മൂത്തമകൻ ബിനോയിക്കെതിരെ ദുബായിൽ സാമ്പത്തികത്തട്ടിപ്പ് കേസുണ്ടായത്. ആഡംബര കാർ വാങ്ങാൻ 53.61ലക്ഷവും മറ്റ് വ്യാപാരാവശ്യങ്ങൾക്ക് 7.7കോടിയും ബിനോയിക്ക് സ്വന്തം അക്കൗണ്ടിൽ നിന്ന് നൽകിയെന്ന് കാട്ടിയായിരുന്നു പരാതി. 2016 ജൂൺ ഒന്നിന് മുമ്പ് പണം തിരിച്ചുനൽകുമെന്ന ഉറപ്പ് തെറ്റിച്ചെന്ന് ദുബായിലെ ജാസ് കമ്പനി പരാതിപ്പെട്ടു. കമ്പനിയുടമ ഇസ്മായിൽ അബ്ദുള്ള അൽ മർസുഖി കേരളത്തിലെത്തി. ബിനോയിക്ക് ദുബായിൽ നിന്ന് പുറത്തേക്ക് യാത്രാവിലക്കുണ്ടായി. പാസ്പോർട്ട് പിടിച്ചുവച്ചു. കോടതിക്ക് പുറത്ത് ഒത്തുതീർപ്പുണ്ടാക്കാൻ അന്നിടപെട്ടത് സഹോദരൻ ബിനീഷും .

2019ൽ ബിനോയ് വീണ്ടും കോടിയേരിക്ക് തലവേദന സൃഷ്ടിച്ചത് സ്ത്രീവിഷയത്തിലൂടെ. പീഡനപരാതിയുമായി രംഗത്തെത്തിയത് ബീഹാർ സ്വദേശിനി. ബന്ധത്തിലൊരു മകനുണ്ടെന്നും ബിനോയ് ചെലവിന് നൽകുന്നില്ലെന്നുമായിരുന്നു മുംബയ് പൊലീസിന് ലഭിച്ച പരാതി. ബിനോയിയുമൊത്തുള്ള ചിത്രങ്ങൾ യുവതി പുറത്തുവിട്ടു. ആരോപണം ബിനോയ് നിഷേധിച്ചെങ്കിലും കേസ് ഡി.എൻ.എ പരിശോധനയ്ക്ക് വിട്ടു. .ബിനോയിക്കെതിരെ രണ്ടാമത്തെ കേസുണ്ടായപ്പോൾ ആരോഗ്യപരമായും കോടിയേരി ക്ഷീണിതനായിരുന്നു. സെക്രട്ടറി സ്ഥാനമൊഴിയാൻ അന്നദ്ദേഹം സന്നദ്ധനായപ്പോൾ പിടിച്ചുനിറുത്തിയത് പാർട്ടി.

വിവാദങ്ങളുടെ തോഴനാണ് രണ്ടാമത്തെ മകൻ ബിനീഷ് . സർക്കാർ അധികാരമേറ്റയുടൻ കോടിയേരിക്കും പാർട്ടിക്കും പേരുദോഷമുണ്ടാക്കരുതെന്ന കർശന താക്കീത് ബിനീഷിന് മുഖ്യമന്ത്രി നൽകിയതായി പ്രചാരണമുണ്ടായി. പക്ഷേ വിവാദം തുടർന്നു. ഏറ്റവുമൊടുവിൽ, ബിനീഷിന്റെ അറസ്റ്റ് കോടിയേരിയെ വല്ലാതെ പ്രതിരോധത്തിലാക്കി.കടുത്ത പ്രമേഹരോഗിയായ കോടിയേരിയെ അതിനിടയിൽ അർബുദം ശാരീരികമായി തളർത്തി. എന്നിട്ടും തളരാതെ പിടിച്ചുനിന്നത് പാർട്ടി സമരമുഖത്തെ പോരാട്ടത്തിന്റെ കരുത്തിൽ. അതിനെയും തോല്പിക്കുന്ന ആഘാതം മക്കളേല്പിച്ചാൽ...