തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിനുള്ള കോർപറേഷൻ വാർഡുകളിലെ സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ മൂന്നു മുന്നണികളിലും തമ്മിലടി പരസ്യമായി. പ്രവർത്തകരെ തഴഞ്ഞ് പലയിടങ്ങളിലും പുറത്തുനിന്നുള്ളവരെ ചരടിൽ കെട്ടിയിറക്കിയെന്നാണ് അക്ഷേപം. ഇതോടെ പലയിടങ്ങളിലും ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ വിമതർ തലപൊക്കിത്തുടങ്ങി. കൂട്ടരാജിയും പരസ്യയോഗങ്ങളും തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസിൽ പേമെന്റ് സീറ്റ് വിവാദമാണ് ആളിപ്പടരുന്നത്. ഗ്രൂപ്പിൽ സബ് ഗ്രൂപ്പ് തിരിഞ്ഞ് പണം വാങ്ങി സീറ്റ് നൽകുന്നുവെന്നാണ് പരാതി. ഇതിനെതിരെ തിരുവല്ലത്ത് പരസ്യ പ്രതിഷേധത്തിലാണ് നേതാക്കളും പ്രവർത്തകരും. തിരുവല്ലം വാർഡിൽ മഹിളാ കോൺഗ്രസ് നേമം നിയോജകമണ്ഡലം പ്രസിഡന്റ് സിമിക്ക് സീറ്റ് നൽകാൻ വാർഡ് തലത്തിൽ തീരുമാനമെടുത്ത് പാർട്ടിയെ അറിയിച്ചെങ്കിലും ആർ.എസ്.പി സ്ഥാനാർത്ഥിയായി കഴിഞ്ഞതവണ പുഞ്ചക്കരി വാർഡിൽ മത്സരിച്ച കൃഷ്ണവേണിക്കാണ് ഇക്കുറി തിരുവല്ലത്ത് സീറ്റ് നൽകിയത്. ഇതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിൽക്കാൻ ഭൂരിഭാഗം നേതാക്കളും പ്രവർത്തകരും തീരുമാനിച്ചു. ഇന്നലെ ബൂത്ത്,വാർഡ്,മണ്ഡലം ബ്ലോക്ക് നേതാക്കൾ യോഗം ചേർന്നു. ഇന്ന് കെ.പി.സി.സിക്ക് പരാതി നൽകും. തുടർന്ന് തിങ്കളാഴ്ച തിരുവല്ലം രാജലക്ഷ്മി ഒാഡിറ്റോറിയത്തിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ കൺവെൻഷൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. വെള്ളാർ വാർഡിൽ പൊതുസമ്മതനായ പാച്ചല്ലൂർ രാജുവിന് സീറ്റ് നൽകാതെ പനത്തുറ പുരുഷോത്തമനെ രംഗത്തിറക്കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. നന്തൻകോട് വാർഡിൽ മുൻ സി.പി.എം നേതാവിനെ സ്ഥനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് ഭാരവാഹി പാർട്ടിയിൽ നിന്നും രാജിവച്ചു. നെടുങ്കാട് വാർഡ് ഘടകക്ഷിക്ക് നൽകിയതിനെ തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധത്തിലാണ്. കിണവൂരിൽ ത്രേസ്യാമാ തോമസിനെതിരെ വിമത സ്ഥാനാർത്ഥി രംഗത്തിറങ്ങിയേക്കും.ഇവിടെ ഒരുകൂട്ടം നേതാക്കൾ രാജിവച്ചു. ദീർഘകാലം എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന കോട്ടത്തല മോഹനന് പട്ടം സീറ്റ് നൽകാത്തതിൽ പ്രതിഷേധം ശക്തമാണ്. സർവീസ് സംഘടന രംഗത്തെ മുതിർന്ന നേതാവിനെ ഒഴിവാക്കിയത് ആസൂത്രിതമാണെന്നാണ് ആരോപണം.

ഇടതിലും ബി.ജെ.പിയിലും കലഹം

കാലടി വാർഡിൽ പ്രചാരണം തുടങ്ങിയ ശ്യാം മോഹനെ പിൻവലിച്ച് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് സീറ്റ് വിട്ടു നൽകിയതിനെതിരെ സി.പി.എമ്മിൽ പ്രതിഷേധം.നെട്ടയത്ത് സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ നല്ലപെരുമാൾ സ്വതന്ത്രനായി പ്രചാരണം തുടങ്ങി. പി.ടി.പി നഗറിൽ സി.പി.ഐ തുടർച്ചയായി ഹാപ്പികുമാറിനെ സ്ഥാനാർത്ഥിയാക്കുന്നുവെന്നാരോപിച്ച് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടി ദിലീപും കൂട്ടരും രാജിവച്ചു. ബി.ജെ.പിയിലും പല സ്ഥലങ്ങളിൽ പ്രതിഷേധങ്ങളുയരുന്നുണ്ട്. നെടുങ്കാട് സ്വദേശി ജില്ലാ കമ്മിറ്റി അംഗം രാജിവച്ചിരുന്നു. പുന്നയ്ക്കാമുകളിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹിളാമോർച്ച നേമം മണ്ഡലം പ്രസിഡന്റ് ചന്ദ്രകുമാരിഅമ്മയും കഴിഞ്ഞദിവസം രാജിവച്ചു. ഇവർ വിമതസ്ഥാനാർത്ഥിയാകും. സീറ്റ് തർക്കത്തെ ചൊല്ലി വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി വലിയവിള ബിന്ദുവും രാജിവച്ചിരുന്നു.

ഡി.സി.സി ഓഫീസിൽ തെറിവിളി

സിറ്റ് നിഷേധത്തിനെതിരെ ഡി.സി.സി ഓഫീസിലെത്തി കോൺഗ്രസ് പ്രവർത്തകർ നേതാക്കളെ തെറിവിളിച്ചു. അമ്പലത്തറ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കമലേശ്വരത്ത് സീറ്റ് തർക്കമാണ് തെറിവിളിയിൽ കലാശിച്ചത്. പ്രതിഷേധത്തെ തുടർന്ന് സീറ്റ് വിട്ടുനൽകി.