ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ, ബിനാമി ഇടപാടിൽ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ പ്രത്യേക സെല്ലിലേക്ക് മാറ്റി. കൊവിഡ് പരിശോധനാഫലം ലഭിച്ച ശേഷമേ മറ്റ് പ്രതികളെ പാർപ്പിക്കുന്ന ബ്ലോക്കിലേക്ക് മാറ്റുകയുള്ളൂ.
ബിനീഷ് ഭക്ഷണം കൃത്യമായി കഴിച്ചെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ജയിൽ അധികൃതർ അറിയിച്ചു. സുരക്ഷ മുൻനിറുത്തി വരും ദിവസങ്ങളിലും പ്രത്യേക സെല്ലിൽ പാർപ്പിക്കാനും ജയിൽ അധികൃതർ ആലോചിക്കുന്നുണ്ട്. ജയിലിൽ 8498 ആണു ബിനീഷിന്റെ നമ്പർ. നേരത്തെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപ്, റിജേഷ് എന്നിവരെയും, സി.സി.ബി അറസ്റ്റ് ചെയ്ത കന്നഡ സിനിമാ താരങ്ങളെയും ഇതേ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്.
25 വരെയാണ് കോടതി ബിനീഷിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അടുത്ത ബുധനാഴ്ചയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
ബിനാമി ഇടപാടിൽ
അന്വേഷണം
ബിനീഷിന്റെയും ബിനാമികളുടെയും പേരിലുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി വിശദമായി അന്വേഷിക്കുകയാണ്. ബിനീഷ് ഡയറക്ടറായ ബംഗളൂരുവിലെ ബീ ക്യാപിറ്റൽ ഫോറെക്സ് ട്രേഡിംഗ്, കേരളത്തിലെ ബീ ക്യാപിറ്റൽ ഫൈനാൻഷ്യൽ സർവീസസ്, ടോറസ് റെമഡീസ്, ലഹരിക്കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ഡയറക്ടർമാരായ എറണാകുളത്തെ റിയാന, ബംഗളൂരുവിലെ യൗഷ് എന്നീ കമ്പനികളെക്കുറിച്ചാണ് അന്വേഷണം. ലഹരി ഇടപാടിൽ നിന്നു ലഭിച്ച പണം ഈ കടലാസു കമ്പനികളുടെ പേരിൽ വെളുപ്പിച്ചെന്നാണു സംശയം.