പാറശാല: നിരവധി മോഷണക്കേസുകളിലെ പ്രതിയെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൊഴിയൂർ തെക്കേ കൊല്ലങ്കോട് പൊയ്പ്പള്ളി വിളാകം വീട്ടിൽ അഖിൽ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിൽ പൊഴിയൂരിൽ നൂറുൽഹുദാ സ്‌കൂളിന് സമീപത്തെ നിഷയുടെ വീടിന്റെ പുറകിലത്തെ കതക് കുത്തിത്തുറന്ന് 21 ഗ്രാം സ്വർണാഭരണങ്ങളും 12,760 രൂപയും കവരുകയും, അടുത്ത ദിവസം സമീപത്തെ ആരോഗ്യമേരിയുടെ വീട് കുത്തിത്തുറന്ന് മൊബൈൽ ഫോൺ ഉൾപ്പെടെ 19,700 രൂപയുടെ സാധനങ്ങളും ജൂലായിൽ പ്ലാമൂട്ടുക്കട ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി, ഓഫീസ് എന്നിവ കുത്തിത്തുറന്ന് 70,000 രൂപയുടെ സ്വത്തുവകകളും കവർന്ന കേസുകളിലെ പ്രതിയാണ് ഇയാൾ. മുൻപും നിരവധി കേസുകൾക്ക് പുറമേ കഞ്ചാവ് കേസുകളിലും പ്രതിയായതിനെ തുടർന്ന് ജയിൽവാസം അനുഭവിച്ചിരുന്നു. സംഭവ സ്ഥലങ്ങളിൽ നിന്നു ലഭിച്ച വിരലടയാളങ്ങൾ പിന്തുടർന്ന് പൊഴിയൂർ പൊലീസ് ഇൻസ്‌പെക്‌ടർ കെ.വിനുകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എം.ആർ.പ്രസാദ്, എസ്.സി.പി.ഒ ബിജു, സി.പി.ഒ മാരായ വിമൽ, പോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.