കൊല്ലം: ഭാര്യയുമായുള്ള പിണക്കത്തെ തുടർന്ന് ഭാര്യാപിതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കലയപുരം ചക്കാലയിൽ പുത്തൻവീട്ടിൽ ഷാജിബേബിയാണ് (40) അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ പത്തനാപുരം നെടുമ്പറമ്പ് പഴയടത്ത് വീട്ടിൽ ജോണിനെ (60) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിടിവലിയിൽ ഷാജിക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ജോണിന്റെ മകളുമായി കുറച്ചുകാലമായി ഷാജി പിണക്കത്തിലായിരുന്നു. ഇതിന് കാരണം ഭാര്യാപിതാവാണെന്ന് ആരോപിച്ച് വ്യാഴാഴ്ച രാത്രി ഷാജി ജോണിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ഈ സമയം വീടിനോട് ചേർന്നുള്ള പശുഫാമിലായിരുന്നു ജോൺ. ഇവിടെയെത്തിയ ഷാജി പുല്ലരിയുന്ന കത്തി ഉപയോഗിച്ച് ജോണിനെ ആക്രമിച്ചു. കൈകളിലും കഴുത്തിലും തോളിലും ആഴത്തിൽ വെട്ടേറ്റ ജോണിനെ നിലവിളികേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് പരിക്കേറ്റ ഷാജിയെയും ആശുപത്രിയിലേക്ക് മാറ്റി. കത്തിക്കായുള്ള പിടിവലിയിലാണ് ഷാജിക്ക് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ഷാജിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.