പൂവാർ: തിരുപുറം ഗ്രാമപഞ്ചായത്തിലെ പരണിയം ഗവ. എൽ.പി സ്കൂൾ സ്റ്റേഡിയം നാടിന് പെരുമയായി മാറിയിരിക്കുകയാണ്. പാറശാല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. രാജേഷ് ചന്ദ്രദാസിന്റെ ശ്രമഫലമായാണ് 900 പേർക്ക് ഇരിക്കാവുന്ന സൗകര്യങ്ങളോടെ മിനി സ്റ്രേഡിയം പൂർത്തിയാക്കിയത്.
സെവൻസ് ഫുട്ബാൾ,വോളിബാൾ, ഷട്ടിൽ ഉൾപ്പെടെ മറ്റ് നിരവധി കായിക പരിശീലനങ്ങൾ നടത്താൻ സാധിക്കുന്ന വിധത്തിൽ ആധുനിക രീതിയിലാണ് സ്റ്റേഡിയം നിർമ്മിച്ചിട്ടുള്ളത്. മുൻകാലങ്ങളിൽ പല പ്രശസ്തമായ വേളിബാൾ ടൂർണമെന്റുകൾ നടന്നുവന്നിരുന്ന സ്കൂൾ ഗ്രൗണ്ട് ആരാലും ശ്രദ്ധിക്കപ്പെടാതെ കാടുകയറി നശിക്കുകയായിരുന്നു. ഇത്തരത്തിൽ നാശത്തിന്റെ വക്കിലെത്തിയ മൈതാനമാണ് ആധുനിക സ്റ്രേഡിയമായി നാടിന് സമർപ്പിച്ചത്. ഒരേക്കർ വരുന്ന സ്കൂൾ ഗ്രൗണ്ട് സ്റ്റേഡിയമാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി വാങ്ങുന്നത് ശ്രമകരമായിരുന്നുവെന്ന് സംഘാടകനായ രാജേഷ് ചന്ദ്രദാസ് പറഞ്ഞു. സ്റ്റേഡിയം നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തിയതും ഏറെ പണിപ്പെട്ടാണത്രേ. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടായ 29 ലക്ഷം രൂപയും, ശശി തരൂർ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച 15 ലക്ഷം രൂപയും ഉൾപ്പെടെ 44 ലക്ഷം രൂപ സംയുക്തമായി ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഇനി അവശേഷിക്കുന്നത് ഗ്രൗണ്ട് ഫൈലിംഗും, നൈറ്റ് കളികൾക്ക് ആവശ്യമായ സ്പോട്ട് ലൈറ്റുകളുമാണ്. ഇതിനായി 5 ലക്ഷം രൂപ കൂടെ വേണ്ടി വരും.സംസ്ഥാന സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ടോ എം.എൽ.എ ഫണ്ടോ മറ്റ് ജനപ്രതിനിധികളുടെ ഫണ്ടോ ഉപയോഗപ്പെടുത്തി ഇവ നിസാരമായി പരിഹരിക്കാവുന്നതാണെന്നും സംഘാടകർ പറഞ്ഞു.
സ്കൂളിന്റെ ചരിത്രം
പരണിയം എൽ.പി സ്കൂൾ സ്ഥാപിതമാകുന്നത് 1905ലാണ്. 4 ക്ലാസ് റൂമും 4 അദ്ധ്യാപകരും മാത്രമുള്ള സ്കൂളിന് ഒരേക്കറിലധികം ഭൂമി സ്വന്തമായുണ്ട്. ഈ സ്കൂളിനോട് ചേർന്ന് തന്നെയാണ് പരണിയം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും നിലകൊള്ളുന്നത്. ഇതാകട്ടെ 1902ലാണ് സ്ഥാപിച്ചത്. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനും ആവശ്യത്തിലധികം ഭൂമി സ്വന്തമായുണ്ട്. എന്നാൽ നല്ലൊരു കളിസ്ഥലം രണ്ട് സ്കൂളുകൾക്കുമില്ല എന്നതായിരുന്നു പ്രധാന പ്രശ്നം. കായിക രംഗത്ത് മികവ് തെളിയിച്ച നിരവധി കായിക പ്രതിഭകൾ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഡ്മിഷൻ നേടിയ ശേഷം നല്ലൊരു കളിസ്ഥലം ഇല്ലന്ന കാരണത്താൽ പലരും ടി.സി വാങ്ങി തിരികെ പോയിട്ടുണ്ടത്രേ.
സ്റ്റേഡിയം നിർമ്മാണത്തിന് അനുവദിച്ച ഫണ്ട്
ബ്ലോക്ക് പഞ്ചായത്ത് 29 ലക്ഷം രൂപ
എം.പിയുടെ പ്രാദേശിക വികസന പണ്ടിൽ നിന്നും 15 ലക്ഷം രൂപ
ആകെ 44 ലക്ഷം രൂപ
സ്റ്റേഡിയത്തിൽ സജ്ജമാക്കിയിട്ടുള്ളത്
സെവൻസ് ഫുട്ബാൾ കോർട്ട്
വേളിബാൾ കോർട്ട്
ബാറ്റ്മിൻഡൻ കോർട്ട്