train

കാസർകോട് : കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തീവണ്ടി സർവീസുകൾ വേണ്ടത്ര ഇല്ലെങ്കിലും അനധികൃത ടിക്കറ്റ് കച്ചവടം പൊടിപൊടിക്കുന്നു. ഹിന്ദി മേഖലയിലെ യാത്രക്കാരെ ലക്ഷ്യമിട്ടാണ് വ്യാജ ടിക്കറ്റ് ലോബി പണം കൊയ്യുന്നത്. റെയിൽവേ അധികാരികളുടെ നിർദ്ദേശപ്രകാരം ആർ.പി.എഫ് നടത്തിയ റെയ്ഡിലാണ് വ്യാപകമായ അനധികൃത ഓൺലൈൻ ടിക്കറ്റ് വ്യാപാരം കണ്ടെത്തിയത്. ദക്ഷിണ റെയിൽവേയിലെ മുഴുവൻ ആർ.പി.എഫ് യൂണിറ്റുകളും വെള്ളിയാഴ്ച ഒറ്റദിവസം നടത്തിയ റെയ്ഡിൽ നിരവധി കേന്ദ്രങ്ങളിൽ അനധികൃത ടിക്കറ്റുകൾ പിടികൂടി.

ദീപാവലി സീസൺ മുതലെടുക്കാൻ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഓൺലൈൻ ടിക്കറ്റുകളുടെ അനധികൃത കച്ചവടം നടക്കുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് ആർ.പി.എഫ് പരിശോധന നടത്തിയത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്‌ ജില്ലകളിൽ റെയ്ഡുണ്ടായി. നിലവിൽ സർവീസ് നടത്തുന്ന കൊവിഡ് സ്പെഷ്യലുകളായ നേത്രാവതി, മംഗള, രാജധാനി എക്സ്പ്രസ് ട്രെയിനുകളിലെ യാത്രകൾക്കാണ് വൻതോതിൽ ടിക്കറ്റ് വില്പന നടത്തുന്നത്. ബദിയടുക്ക ഷാസ് ഇന്റർനാഷണൽ ട്രാവൽസിൽ കാസർകോട് ആർ.പി. എഫ് യൂണിറ്റ് നടത്തിയ റെയ്ഡിൽ ടിക്കറ്റുകളും രേഖകളും പിടിച്ചെടുത്തു. ഉടമ മൊയ്തീൻ കുഞ്ഞിയെ (43) എ.എസ്.ഐ ചന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾമാരായ സഞ്ജയ്കുമാർ, ശശി, രാജൻ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തു. നേരത്തെ ചെറുവത്തൂരിലെ ഡോട്ട് കോം സൈബർ കഫെയിൽ നടത്തിയ റെയ്ഡിൽ ഉടമ വിപിൻ കുമാറിനെ ആർ.പി.എഫ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

കാഞ്ഞങ്ങാട് ടൗണിലെ അശോക് മഹൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന നിത്യാനന്ദ ജൂവലറിയുടെ മറവിൽ നടത്തിയ റെയിൽവെ ടിക്കറ്റ് കച്ചവടവും ആർ.പി.എഫ് പിടികൂടി. തീവണ്ടി യാത്രക്കായി റെയിൽവേ നൽകുന്ന പേഴ്സണൽ ഐ.ഡി പ്രകാരമുള്ള ടിക്കറ്റ് ദുരുപയോഗം ചെയ്താണ് അനധികൃത ടിക്കറ്റ് മാഫിയ തഴച്ചുവളരുന്നത്. ഒരു പേഴ്സണൽ ഐ.ഡി ഉപയോഗിച്ച് നാലു ടിക്കറ്റുകൾ എടുക്കാം. കുടുംബം ഒന്നിച്ച് യാത്ര ചെയ്യുന്നതിനാണ് റെയിൽവേ നാലു ടിക്കറ്റുകൾ നൽകുന്നത്. ഇങ്ങനെ പലരുടെയും ഐ.ഡി ഉപയോഗിച്ച് എടുക്കുന്ന ടിക്കറ്റുകൾ മൊത്തമായി മറിച്ചു വിൽക്കുന്നു. 100 രൂപ അധികം വാങ്ങിയാണ് ടിക്കറ്റ് കച്ചവടം. ഒരു ഐ.ഡിയിൽ നാല് ടിക്കറ്റ് എടുത്താൽ 400 രൂപ അധികം കിട്ടും. ഇങ്ങനെ പല ഐ.ഡിയും ക്രിയേറ്റു ചെയ്താണ് വൻതോതിൽ ടിക്കറ്റ് എടുക്കുന്നത്.

ഒരു ഏജന്റിന്റെ പോർട്ടലിനും തൽക്കാൽ ടിക്കറ്റ് എടുക്കാൻ അനുമതി നൽകിയിട്ടില്ല. സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറിൽ 11 മണിക്ക് തൽക്കാൽ ടിക്കറ്റ് നൽകി തുടങ്ങും. 12 മണിക്ക് മാത്രമേ സ്വകാര്യ ഏജന്റുമാരുടെ പോർട്ടൽ ഓപ്പൺ ആവുകയുള്ളൂ. എന്നാൽ പേഴ്സണൽ ഐ.ഡി ഉപയോഗിച്ച് തൽക്കാൽ ടിക്കറ്റെടുത്തു 200, 300 രൂപ അധികം വാങ്ങി ടിക്കറ്റ് മറിച്ചു വിൽക്കുന്നതായും കണ്ടെത്തി. ഐ.ആർ.സി.ടി യുടെ ചെന്നൈ ഹെഡ് ക്വാർട്ടേഴ്സിൽ മാത്രമാണ് ഈ ടിക്കറ്റ് മൊത്തക്കച്ചവടം അറിയുക. ഏതെങ്കിലും കേന്ദ്രത്തിൽ നിന്ന് കൂടുതൽ ടിക്കറ്റ് എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആർ പി എഫിനെ രഹസ്യമായി അറിയിക്കുകയാണ് ചെയ്യുന്നത്. റെയ്ഡ് നടത്തിയ സ്ഥാപനങ്ങൾക്ക് പുറമെ നേരത്തെ അനധികൃത ടിക്കറ്റുകൾ വിറ്റവരും സ്ഥാപനങ്ങളും അധികൃതരുടെ നിരീക്ഷണത്തിലാണ്.