പാറശാല: സ്ഥാനാർത്ഥികൾ ഏത് രാഷ്ട്രീയക്കാരായിരുന്നാലും സ്വതന്ത്രരായി മത്സരിക്കുന്നവരായാലും അവർക്ക് പ്രചാരണത്തിന് ആവശ്യമായ ശബ്ദവും, സംഗീതവും, വരികളും നൽകുവാൻ ഒരു കൂട്ടം കലാകാരന്മാർ ഏതു സമയവും സന്നദ്ധരാണ്. ഉത്സവകാല പ്രതീക്ഷകളെ തകിടം മറിച്ച് കടന്നു കയറിയ കൊവിഡ് തകർത്തെറിഞ്ഞ ദുരിതകാലത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കാനുള്ള ശ്രമത്തിലാണ് കലാകാരന്മാർ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ പ്രചാരണകാലത്ത് ഉപജീവനത്തിനു വഴിതെളിയുമെന്ന പ്രതീക്ഷയിലാണ് കലാകുടുംബങ്ങൾ.നിറഞ്ഞ സദസിൽ കൈയ്യടി നേടി മനസിലെ ഭാരം ഇറക്കി വച്ച് ഉപജീവനം കഴിച്ചു പോന്നവർക്ക് കൊവിഡ് കാലം സന്മാനിച്ച ദുരിതം കുറവായിരുന്നില്ല. നാട്ടുകാരെ ഉത്സവലഹരിയിലാക്കുന്ന ചേണ്ടമേളവും പക്കവാദ്യവും മൃദംഗം തുടങ്ങിയ നിരവധി സംഗീത ഉപകരണങ്ങളിൽ കലാകാരുടെ വീരൽ തൊട്ടിട്ട് മാസങ്ങളേറെ...സാദകം മറന്ന് മറ്റ് തൊഴിലുകൾ തേടി ഇറങ്ങിയ പേരും പെരുമയും കുറഞ്ഞ ഗായകർ സംഘങ്ങൾ നിരവധിയാണ്. അതിനിടയാണ് ഇലക്ഷൻ സ്വപ്നങ്ങൾ വീണ്ടുമെത്തിയത്. ഒരു സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള പ്രചാരണ ഗാനം തയ്യാറാക്കാൻ എഴുത്തുകാർ എപ്പോഴും റെഡിയാണ്. പിന്നെ അത് താളപ്പൊലിമയോടെ റിക്കാഡിംഗ് സ്റ്റുഡിയോയിൽ എത്തും. ശബ്ദം നൽകാനും പാരഡി ഗാനം ആലപിക്കാനുമെല്ലാം നിരവധി കലാകാരന്മാരാണ് തയ്യാറായി നിൽക്കുന്നത്.