തായ് വാനിലെ ബുഡായിൽ 55 അടി ഉയരത്തിലും 36 അടി വീതിയിും ഗ്ലാസ് കൊണ്ട്, ഹൈ ഹീൽഡ് ഷൂവിന്റെ ആകൃതിയിലാണ് ഒരു പള്ളി നിർമ്മിച്ചിട്ടുണ്ട്. കഥകളിൽ കേട്ട സിൻഡ്റല്ലയുടെ ഷൂവിന്റെ മാതൃകയിൽ പണിത ഈ പള്ളിക്ക് 'സിൻഡ്റെല്ല ഹൈഹീൽ ചർച്ച്' എന്നാണ് പേര് നൽകിയിരിക്കുന്നതും. പള്ളിയാണെങ്കിലും പ്രാർത്ഥനയില്ല. വിനോദസഞ്ചാരികളാണ് ലക്ഷ്യം. ഓഷ്യൻ വ്യൂ പാർക്ക് സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായത് ഇൗ പള്ളിയുടെ വ്യത്യസ്തമായ രൂപഘടനയുടെ പേരിലാണ്.
വലിയൊരു കോൺക്റീറ്റ് ഫലകത്തിനു മുകളിലായി മേപ്പിൾ ഇലകൾ, പ്രണയികൾക്കായുള്ള കസേരകൾ, ബിസ്കറ്റുകൾ, കേക്കുകൾ തുടങ്ങി സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടമാകുന്ന ഇന്റീരിയർ സവിശേഷതകളും അലങ്കാരങ്ങളുമാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്. അതിനാൽ സ്ത്രീകൾ സന്ദർശകരായെത്തും എന്നാണ് കണക്കു കൂട്ടൽ.
1960 കളിൽ, ബ്ലാക്ക്ഫൂട്ട് രോഗം ബാധിച്ച് മരിച്ച ഇരുപത്തിനാലുകാരിയുടെ ജീവിതമാണ് ഇതിന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനമായത്. ആ കുട്ടിയുടെ രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടിവന്നു. ജീവിതകാലം ഒരു പള്ളിയിലായിരുന്നു അവൾ കഴിച്ചുകൂട്ടിയത്. 1950-60 കാലഘട്ടത്തിൽ തീരദേശത്ത് താമസിച്ചിരുന്ന പല സ്ത്രീകളും ഇതേ രോഗത്താൽ മരണമടഞ്ഞിരുന്നു.
2016ലാണ് പള്ളി പണി പൂർത്തിയായത്. ഏകദേശം 320ഓളം ഗ്ലാസ് കഷ്ണങ്ങൾ ലോഹ ഗ്രിഡിൽ ചേർത്തു വച്ചാണ് ഇത് ഉണ്ടാക്കിയത്. രണ്ടു മാസത്തോളം സമയമെടുത്തു. ഇതിന്റെ നിർമ്മാണം പൂർത്തിയാവാൻ. ഏകദേശം 686,000 ഡോളർ ചെലവായി.
വിവാഹത്തിനും ഫോട്ടോ ഷൂട്ടുകൾക്കും പശ്ചാത്തലമായും ഈ കെട്ടിടം ഉപയോഗിക്കുന്നുണ്ട്. ഷൂവിന്റെ വിരലിന്റെ ഭാഗത്തായാണ് പള്ളിയിലെ പ്രധാന ആരാധനാലയം വരുന്നത്. ഔട്ട്‌ഡോർ സ്റ്റേജും ഇതിന് അനുബന്ധമായി നിർമ്മിച്ചിട്ടുണ്ട്. അസ്തമയനേരത്ത് മനോഹരമായി തിളങ്ങുന്ന പള്ളിക്ക് മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ വിനോദസഞ്ചാരികളുടെ തിരക്കാണ്. അങ്ങേയറ്റം റൊമാന്റിക്കായ ഒരു സായാഹ്നം ചെലവിടാൻ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും.
എന്നാൽ, 'സ്ത്റീകളെ ആകർഷിക്കാൻ' എന്ന മാർക്കറ്റിംഗ് തന്ത്റത്തോട് വിയോജിപ്പ് പ്റകടിപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞ പ്റതികരണങ്ങളും ഈ ഘടനയെ കൂടുതൽ പ്റശസ്തമാക്കിയിരുന്നു. പെൺകുട്ടികൾ എല്ലാവരും ഷൂവും ഇതിനുള്ളിലെ സജ്ജീകരണങ്ങളും ഇഷ്ടപ്പെടും എന്നുള്ള പൊതുവായ കാഴ്ചപ്പാട് അംഗീകരിക്കാൻ ആവില്ലെന്നായിരുന്നു സ്ത്റീകളുടെ തന്നെ നിലപാട്.