വാഷിംഗ്ടൺ ഡി.സിയിൽ നിന്ന് ആറര കിലോമീറ്റർ അകലെയുള്ള മേരിലാൻഡിലെ നഗരമാണ്‌കോളേജ് പാർക്ക്. പഴയ റെയിൽവേ ട്രാക്കുകളും നടപ്പാതകളുമെല്ലാം ചേർന്ന് മനോഹരമായി സംവിധാനം ചെയ്ത ഈ നഗരത്തിന്റെ സൗന്ദര്യവത്കരണവും പരിപാലനവുമെല്ലാം പ്രിൻസ് ജോർജ്'സ് കൗണ്ടി ഡിപ്പാർട്ട്‌മെന്റാണ്. ഇവിടെ സഞ്ചാരികൾക്ക് കാണാൻ കലാസൃഷ്ടികൾ ധാരാളമുണ്ട്.
ശ്രദ്ധ ആകർഷിച്ച നഗര സൗന്ദര്യവൽക്കരണ പരിപാടികളിൽ ഒന്നാണ് 'ആർട്ട് ഒഫ് ട്രയൽസ്'. പുനരുപയോഗയോഗ്യമായ വസ്തുക്കൾ കലാസൃഷ്ടികളാക്കി മാറ്റിയെടുക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ, പ്രശസ്തമായ ഒരു കലാനിർമ്മിതിയാണ് 'ഹാൻഡ് ആൻഡ് ഓൾ ട്രീ കാർവിംഗ്'. നഗരത്തിന്റെ വടക്കു കിഴക്ക് ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ഈ വിസ്മയിപ്പിക്കുന്ന ശിൽപ്പം ഉണ്ടാക്കിയത് ജോ റൈസ് റബ്ബിംഗ് എന്ന കലാകാരനാണ്.
സർറിയലിസത്തിന്റെ അസാധാരണത്വവും പ്രകൃതിദത്തമായ അസംസ്‌കൃതവസ്തുക്കളും ഒന്നുചേരുമ്പോൾ അനിർവചനീയമായ അനുഭൂതിയാണ് ഈ ശിൽപ്പം കാഴ്ചക്കാരിൽ ഉണ്ടാക്കുന്നത്. അമേരിക്കയിൽ സാധാരണയായി കാണപ്പെടുന്ന ഒലിവ് വർഗത്തിൽപ്പെട്ട ആഷ് എന്ന മരത്തിൽ നിന്നാണ് ഇത് നിർമമിച്ചിട്ടുള്ളത്. 2018 ൽരോഗം ബാധിച്ച് മറിഞ്ഞുവീണ മരം ഈർച്ചവാൾ ഉപയോഗിച്ച് ജോ കടഞ്ഞെടുത്ത് രൂപപ്പെടുത്തുകയായിരുന്നു. ഏറെ കൗതുകം തോന്നുന്ന ഒരു രൂപമായി ഇത് മാറി.
ഒരു മരക്കുറ്റിക്ക് മുകളിൽ സ്ഥാപിച്ച കൈപ്പത്തിയുടെ രീതിയിലാണ് ശിൽപ്പം ഉള്ളത്. നാലു 'വിരലുകൾ' മാത്രമേ ഉള്ളൂ. ഇവയിൽ രണ്ടു വിരലുകൾ സാധാരണ രീതിയിലും മൂന്നാമത്തേത് മാംസം ക്രമരഹിതമായി ചീന്തിയെടുത്തതുപോലെയുമുള്ള പാറ്റേണിലാണ്. നാലാമത്തെ വിരലിന്റെ അറ്റം പിളർന്ന് അതിൽ ഇരിക്കുന്ന ഒരു മൂങ്ങയുടെ രൂപം കാണാം. കലാകാരൻ ഇതുകൊണ്ട് യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിച്ചതെന്നു അറിവില്ലെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികൾക്കെല്ലാം കൗതുകമാവുകയാണ് ഈ വിചിത്രമായ കലാസൃഷ്ടി.
കോളേജ് പാർക്കിലെ ഹെർബർട്ട് വെൽസ് ഐസ് റിങ്കിനടുത്തോ എല്ലെൻ ലിൻസൺ നീന്തൽക്കുളത്തിനടുത്തോ ചെന്ന് തെക്കുകിഴക്ക് ഭാഗത്തേക്കുള്ള പാർക്കിംഗ് സ്ഥലം കടന്ന് അനകോസ്റ്റിയ ട്രിബ്യൂട്ടറി ട്രയലിലെത്തിയാൽ ഡെനിസ് വുൾഫ് റെസ്റ്റ് സ്റ്റോപ്പിലാണ് കാഴ്ചയുടെ ഇൗ കൗതുകം കാത്തിരിക്കുന്നത്.