special-school

മുക്കം: കൊവിഡ് കാലത്ത് ജോലിയില്ലാതെ ജീവിതം പരുങ്ങലിലായിട്ടും കർമ്മനിരതരാണ് സ്‌പെഷ്യൽ സ്‌കൂൾ ജീവനക്കാർ. മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരെ മറ്റുള്ളവർക്കൊപ്പം എത്തിക്കുന്ന ഭാരിച്ച ഉത്തരവാദിത്ത്വമാണ് ഇവരുടെ പ്രതിസന്ധി. തൊഴിൽ മേഖലയുടെ അഭിവൃദ്ധിക്കും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മാനസിക ഉല്ലാസത്തിനും വേണ്ടി ജീവനക്കാരുടെ കൂട്ടായ്മയായ സ്‌പെഷ്യൽ സ്‌കൂൾ എംപ്ലോയീസ് യൂണിയൻ വിവിധ കർമ്മ പദ്ധതികൾ ഈ കൊവിഡ് കാലത്തും അവതരിപ്പിച്ചു.

പൊതു വിദ്യാഭ്യാസ മേഖല ഓൺലൈൻ ക്ളാസുകളിലൂടെ ഉയിർത്തെഴുന്നേറ്റെങ്കിലും സ്‌പെഷ്യൽ സ്‌കൂളുകൾ തുടക്കത്തിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ഈ കുറവ് പരിഹരിക്കാൻ ജീവനക്കാരുടെ കൂട്ടായ്മ ജൂണിൽ തന്നെ രംഗത്തെത്തി. പിന്നീട് എസ്.സി.ഇ.ആർ.ടി. ഇവർക്കായി ഓൺലൈൻ ക്ലാസുകൾ തുടങ്ങിയപ്പോൾ മുതിർന്നവരെ ഉൾപെടുത്തി അവർക്ക് അനുയോജ്യമായ തൊഴിൽ നൈപുണികതയുടെ അണിയറ ശിൽപികളായി മാറി.

ഓരോ പ്രദേശത്തെയും അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും അവ വിപണനം ചെയ്യുന്നതിലുമാണ് സംഘടനയുടെ ഇപ്പോഴത്തെ ശ്രദ്ധ. ഒരു മാസത്തോളം ഈ മേഖലയിലെ കുട്ടികളെയും രക്ഷിതാക്കളെയും ആഹ്ളാദിപ്പിച്ച പരിപാടിയായിരുന്നു സ്‌പെഷ്യൽ സ്‌കൂൾ ഓൺലൈൻ കലോത്സവം. 1200 ലേറെ കലാപ്രതിഭകൾ പങ്കെടുത്ത മാരിവിൽ എന്ന പരിപാടി കേരളത്തിന്റെ കലാമേളകളുടെ ചരിത്രത്തിൽ അതിശയമായി മാറി. അദ്ധ്യാപകരുടെയും ഇതര ജീവനക്കാരുടെയും മാനസിക ആരോഗ്യത്തിനും ഈ മേഖലയിൽ അത്യാവശ്യമായ അറിവ് വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രതിവാര ക്ളാസുകളും നടക്കുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ദ്ധർ പങ്കെടുക്കുന്ന ഈ പരിപാടിയും ഓൺലൈൻ തന്നെ. വിവിധ സംഘടനകളുമായി ചേർന്ന് സോഷ്യൽ മീഡിയയുടെ സാങ്കേതികസഹായം പരമാവധി പ്രയോജനപ്പെടുത്തി അലസതയില്ലാതെ ജീവനക്കാരെ ഒരുക്കി നിർത്തുകയാണ് യൂണിയൻ. സ്വന്തം തൊഴിൽ മേഖലയിലെ ഗുണഭോക്താക്കളെയും ജീവനക്കാരെയും ചേർത്തു പിടിക്കുന്ന ഇവരുടെ സംഘടനാ പ്രവർത്തന ശൈലി മാതൃകാപരമാണ്. തിരുവനന്തപുരത്തെ പി. തങ്കമണി പ്രസിഡന്റും കോഴിക്കോട്ടെ ടി. പ്രഭാകരൻ ജനറൽ സെക്രട്ടറിയുമായ സംഘടനയുടെ മുഖ്യ രക്ഷാധികാരികൾ മുൻമന്ത്രി കെ.പി. രാജേന്ദ്രനും ഡോ. എം.കെ. ജയരാജുമാണ്. പി. രാജലക്ഷ്മി, അനുജ ശ്രീജിത്ത്, സി.പി. സാദിഖ്, മായ ദിനേശ് എന്നിവരും വിവിധ പരിപാടികൾ ഏകോപിപ്പിക്കാൻ മുൻകയ്യെടുക്കുന്നു.