വെള്ളരിക്കുണ്ട്: ഇരുപത് അടിയോളം താഴ്ച്ചയുള്ള ആൾ മറയില്ലാത്ത കിണറ്റിൽ വീണ പശുവിന് ഫയർഫോഴ്സ് രക്ഷകരായി..
പുങ്ങംചാൽ കൊടിയൻ കുണ്ടിലെ രത്നാകരന്റെ ഉടമസ്ഥതയിലുള്ള കറവ പശുവാണ് വെള്ളിയാഴ്ച രാവിലെ അയൽ വാസിയുടെ പറമ്പിലെ ആൾ മറയില്ലാത്ത കിണറ്റിൽ വീണത്. തെഴുത്തിൽ നിന്നും അഴിച്ചു വിട്ട പശുക്കളിൽ ഒന്നിനെ കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് പശുവിനെ കിണറ്റിൽ കണ്ടെത്തിയത്. നാട്ടുകാരുടെ സഹാത്തോടെ രത്നാകരൻ ആദ്യം പശുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. പെരിങ്ങോത്തു നിന്നെത്തിയ സംഘം കിണറ്റിൽ ഇറങ്ങുകയും പശുവിനെ അപകടമില്ലാത്ത വിധം നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുക്കുകയുമായിരുന്നു. ദിവസം 15ലിറ്ററോളം പാൽ കറക്കുന്ന പശുവാണ് അപകടത്തിൽ പ്പെട്ടത്. താഴ്ച്ചയുള്ള കിണറ്റിൽ ആവശ്യത്തിന് വെള്ളവും ഉണ്ടായിരുന്നു. വെള്ളത്തിൽ നീന്തി അവശയായ പശുവിനെ ഫയർമാൻ യു. വിനീഷ് കിണറ്റിൽ ഇറങ്ങി പശുവിനെ വടം കെട്ടി താങ്ങി നിർത്തുകയായിരുന്നു. പിന്നീട് ഭാരം കൂടിയ പശുവിനെ കൂടുതൽ സുരക്ഷയോടെ പുറത്തെടുക്കുകയായിരുന്നു. പെരിങ്ങോം ഫയർ സ്റ്റേഷൻ ഓഫീസിലെ സീനിയർ ഫയർ ഓഫീസർ ജിബി ഫിലിപ്പ്, ഫയർ ഓഫീസർമാരായ പി. സത്യൻ. ഡ്രൈവർ കെ. ലിജു, ഹോം ഗാർഡ് വി.എൻ.രവീന്ദ്രൻ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.