dronar

പിണറായി സഖാവിന് എന്തിനും ഏതിനും ഉപദേശികൾ ആവശ്യമാണ്. നേരത്തും കാലത്തും കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യാൻ അത്തരമൊരു സംവിധാനം നല്ലതുതന്നെയാണ്. സെക്രട്ടേറിയറ്റിലെ ക്ലോക്ക് ടവറിൽ മണി പത്ത് തെളിഞ്ഞു കണ്ടാലും സഖാവ് അത് പത്ത് മണിയായി എന്ന് ഉറപ്പിച്ചുപറയില്ല. അപ്പോൾ മുന്നിൽ കാണുന്ന ഉപദേശിയാരാണോ, ആ ഉപദേശിയോട് ചോദിച്ചുറപ്പാക്കിയിട്ടേ 'ങാ, പത്ത് മണിയായിട്ടുണ്ട്' എന്നങ്ങോട്ട് സമ്മതിച്ചുതരൂ.

സഖാവിന് ഉപദേശികൾ ഒരു വീക്ക്നെസ്സ് ആണോയെന്ന് ചോദിച്ചാൽ അതെയെന്നും അല്ലെന്നും പറയുന്നവരുണ്ട്. പക്ഷേ സഖാവിനെ അടുത്തറിഞ്ഞിട്ടുള്ളവരുടെ വാക്കുകൾ വിശ്വസിച്ചാൽ ഉപദേശികൾ അദ്ദേഹത്തിന് വീക്ക്നെസ്സ് മാത്രമല്ലെന്ന് പറയേണ്ടിവരും. രമൺജി ശ്രീവാസ്തവാജി ആണ് ഉപദേശികളിൽ ബഹുകേമൻ. മാവോയിസ്റ്റുകളെ വെടിവച്ചിടാനും (മാവിൽ കല്ലെറിഞ്ഞ് മാങ്ങ വീഴ്ത്തുന്നത് പോലെ) ഒത്ത തടിയും മിടുക്കുമുള്ള ചെറുപ്പക്കാരെ കണ്ടാൽ മാവോയിസ്റ്റുകളാക്കി പിടികൂടാനുമൊക്കെ സഖാവിന് ഉപദേശിച്ചുകൊടുക്കുന്നത് രമൺജി ശ്രീവാസ്തവാജി ആണെന്നാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ. അഭ്യൂഹങ്ങൾക്ക് വിരാമമില്ലാത്ത നാട്ടിൽ അവയൊക്കെയങ്ങ് വിശ്വസിക്കുകയേ തരമുള്ളൂ. തണ്ടർബോൾട്ടുണ്ടാക്കി നാല് കാശ് കിട്ടുന്നെങ്കിൽ ആയിക്കോട്ടെയെന്ന്, ഹജൂർകച്ചേരിയിലെ ചപ്രമഞ്ചത്തിലിരുന്നാൽ ഏത് പിണറായി സഖാവും ചിന്തിച്ചുപോകും. അതിന് പറ്റിയ ഉപദേശം ശ്രീവാസ്തവാജിയാണ് നൽകുന്നതെങ്കിൽ അങ്ങനെ. അതിൽ പിണറായി സഖാവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഉപദേശികളുടെ ഉപദേശം കേട്ടിട്ടായാലും അല്ലെങ്കിലും തീരുമാനിച്ചുകഴിഞ്ഞാൽ മുൻപിൻ നോക്കാതെ ചാടിയിറങ്ങുന്നതാണ് പി. സഖാവിന്റെ ശീലമെന്ന് പറയപ്പെടുന്നു. അത് കഴിഞ്ഞിട്ടേ വരും വരായ്കകളെപ്പറ്റി സഖാവിന് ബോദ്ധ്യം വരാറുള്ളൂ. സ്ഥിതിയറിയാത്തോനെ ഉണ്ണാൻ ക്ഷണിക്കരുത് എന്നൊക്കെയുള്ള പഴമൊഴികൾ സഖാവ് ആ അന്തരാളഘട്ടത്തിൽ ചിലപ്പോൾ ചിന്തിച്ചുപോയെന്നിരിക്കും.

പതിനാറായിരത്തിയെട്ട് ഉപദേശികളെ നോർത്ത്ബ്ലോക്കിൽ അവിടവിടെയായി സഖാവ് വിന്യസിച്ചിരിക്കുന്നതിനാൽ ഏത് ഉപദേശവും ഏത് സെക്കൻഡിലും മണിമണിയായി കിട്ടാറുണ്ട്. (വേണ്ടതിനും വേണ്ടാത്തതിനും ഉപദേശം കിട്ടുമെന്നതും ഈ വിന്യാസത്തിന്റെ ഒരു മറുപുറമാണ്. ഉപദേശി പുരനിറഞ്ഞുനിന്നാലുള്ള പൊല്ലാപ്പാണിത്!)

അങ്ങനെ ഏതോ ഉപദേശിയുടെ ഉപദേശം കേട്ട മാത്രയിലാണ് പിണറായി സഖാവ് കേന്ദ്ര അന്വേഷണ ഏജൻസികളെ കത്തയച്ച് ക്ഷണിച്ചുവരുത്താൻ തീരുമാനിച്ചത്. സ്വർണ്ണക്കടത്ത് കേസുണ്ടായപ്പോൾ അങ്ങനെ കത്തയക്കുന്നത് നല്ലതാണെന്ന ഉപദേശം, കേട്ടതുപാതി കേൾക്കാത്തത് പാതി അങ്ങ് സ്വീകരിക്കുകയായിരുന്നു. വരുംവരായ്കകളെപ്പറ്റി സഖാവ് അന്ന് ചിന്തിച്ചിരുന്നില്ല. ഉപദേശങ്ങൾക്ക് അങ്ങനെയൊരു കുഴപ്പവുമുണ്ട്. രാഹുകാലത്ത് കേൾക്കുന്ന ഉപദേശമായാൽ അപ്പടി കുഴപ്പമായേക്കാം. ഈ ഉപദേശം രാഹുകാലത്തിലാണോയെന്ന് നിശ്ചയമില്ലെങ്കിലും അതൊരുമാതിരി വിഷപ്പാമ്പിനെ എടുത്ത് മടിയിൽ വച്ചത് മാതിരിയുള്ള ഏർപ്പാടായിപ്പോയി.

കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ.ഡിയുടെ പോക്ക് കണ്ടിട്ടിപ്പോൾ സ്ഥിതിയറിയാത്തോനെ ഉണ്ണാൻ ക്ഷണിച്ച അനുഭവം തന്നെയാണ് പിണറായി സഖാവ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇ.ഡിയുടെ പോക്ക് വഴിവിട്ട് പോകുന്നുവെന്ന് സഖാവ് പരിതപിച്ചതിൽ തെറ്റ് പറയാനാവില്ല. ന.മോ.ജി- അമിത് ഷാജി സഹോദരങ്ങൾ ഇ.ഡിയെ ഇറക്കിയുള്ള കളി ആരംഭിച്ചതേയുള്ളൂ. വഴിയേ പോകുന്ന കോടാലി വലിച്ച് കാലിലിടാൻ ആര് പറഞ്ഞുവെന്ന് ചോദിച്ച്, ചെന്നിത്തലഗാന്ധിയടക്കം മുള്ളും മുനയും വച്ച് കുത്തുന്നതാണ് ഇ.ഡിയെക്കാളും വേദനാജനകം. സഹിക്കുകയാണ് മാർഗ്ഗം. ഇ.ഡിക്കെതിരെ 16ാം തീയതി, അതായത് തിങ്കളാഴ്ച, ജനകീയപ്രതിരോധത്തിന് സഖാവും കൂട്ടരും ആഹ്വാനം ചെയ്തിട്ടുണ്ട്. അത് കണ്ടിട്ടെങ്കിലും ഇ.ഡി പത്തി മടക്കുന്നെങ്കിൽ മടക്കട്ടെ.

.....................................

- ഇ.ഡിയുടെ അപഹാരം കോടിയേരി സഖാവിനെയും കലശലായി ബാധിച്ചിരിക്കുന്നു. അതിപ്പോൾ ഇ.ഡിയെ മാത്രം പഴിച്ചിട്ട് കാര്യമില്ല. ലോകത്തെവിടെ ചക്ക വീണ് മുയൽ ചത്താലും പ്ലാവിന്റെ കൊമ്പത്ത് ചക്കയിടാൻ പാകത്തിൽ ബിനീഷ് കോടിയേരി സഖാവോ ഒന്നുമല്ലെങ്കിൽ ബിനോയ് സഖാവോ കാണുമെന്നുറപ്പാണ്. അപ്പോൾ പാവം ഇ.ഡിയെ പഴിച്ചിട്ട് കാര്യമില്ലല്ലോ. അതുകൊണ്ടാണ് ബിനീഷ് സഖാവിന്റെ കേസിൽ, അന്വേഷണ ഏജൻസിയെപ്പറ്റി മുൻകൂർ പ്രവചനത്തിനില്ലെന്ന് പിണറായി സഖാവ് തറപ്പിച്ച് പറഞ്ഞത്. നീണ്ട 26 മണിക്കൂർ റെയ്ഡ് നടത്തി ബിനീഷ് സഖാവിന്റെ വീട്ടിൽ ബാലപീഡനം നടത്തിയെന്ന് ബാലാവകാശകമ്മിഷനടക്കം പറഞ്ഞ കേസിലാണ് പിണറായി സഖാവ് ഇമ്മാതിരി വർത്തമാനം പറഞ്ഞത് എന്നത് ഏതൊരാളെയും ഇരുത്തിച്ചിന്തിപ്പിക്കാതിരിക്കില്ല. അതുകൊണ്ടുതന്നെ, കോടിയേരി സഖാവ് അവധിയെടുത്ത് പോയെങ്കിൽ അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.

............................................

ഗാന്ധി പണ്ട് ഉപ്പുസത്യഗ്രഹം നടത്തിയത് അറംപറ്റിയെന്ന് ചില സമുദ്രഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. ഉപ്പുസത്യഗ്രഹത്തിന്റെ പരിണിതഫലമെന്നോണം കോൺഗ്രസിന്റെ അവസ്ഥ ഉപ്പുവച്ച കലം പോലെയായിയെന്നാണ് ബിഹാർ തിരഞ്ഞെടുപ്പിലെ കാലാവസ്ഥാവ്യതിയാനം കൂടി കണക്കിലെടുത്ത ശേഷമുള്ള ഗവേഷകരുടെ സാക്ഷ്യപ്പെടുത്തൽ. ഒരു കായകല്പചികിത്സ ഉത്തമമായിരിക്കും. ചിലപ്പോൾ ഫലിച്ചാലോ!

ഇ-മെയിൽ: dronar.keralakaumudi@gmail.com