ചിറയിൻകീഴ്: ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിർമിച്ച് നൽകിയ മന്ദിരത്തിൽ എം.പി ഫണ്ടിൽ നിന്നും ലഭിച്ച ഐ.സി യൂണിറ്റിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. മണ്ഡലത്തിലെ മറ്റിടങ്ങളിലും ഇത്തരത്തിൽ ഐ.സി യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് ചടങ്ങിൽ എം.പി പറഞ്ഞു. ആശുപത്രിയിലെ നിർദ്ധന രോഗികൾക്കായി വിഷ്ണുഭക്തൻ നടപ്പാക്കുന്ന കാരുണ്യ പ്രവർത്തനങ്ങൾ എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി യൂണിറ്റ് പ്രാവർത്തികമാക്കാനുള്ള എം.പിയുടെ പരിശ്രമങ്ങൾ വളരെ വലുതാണെന്നും താലൂക്ക് ആശുപത്രിയിൽ ഹെറിറ്റേജ് മന്ദിരം അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും സി. വിഷ്‌ണുഭക്തൻ പറഞ്ഞു. ചടങ്ങിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 25 ഡയാലിസിസ് രോഗികൾക്കും സൂപ്രണ്ട് നിർദ്ദേശിക്കുന്ന നിർദ്ധനരായ കാൻസർ രോഗികൾക്കും സി. വിഷ്‌ണുഭക്തൻ എല്ലാമാസവും നൽകുന്ന ചികിത്സാ ധനസഹായം എം.പി വിതരണം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്ന, ശിവദാസൻ, ദീപു തുടങ്ങിയവർ പങ്കെടുത്തു.