smile

എല്ലാ ദിവസവും പല്ല് തേച്ചിട്ടും പരാതികൾ അവസാനിക്കുന്നില്ല. ഗർഭകാലം മുതൽ കുട്ടിയായിരിക്കുമ്പോഴുള്ള ശീലങ്ങളും ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രമേഹവും അസിഡിറ്റിയുമെല്ലാം പല്ലിന്റെയും മോണയുടെയും ആരോഗ്യത്തെ ബാധിക്കും. എന്നാൽ, പല്ല് തേയ്ക്കുന്ന പേസ്റ്റ് മാറ്റിയാൽ എല്ലാം ശരിയാകുമെന്നാണ് പലരും വിചാരിച്ചു വച്ചിരിക്കുന്നത്. പല്ല് വെളുത്തതാണെങ്കിൽ ആരോഗ്യമുള്ളതാണെന്നാണ് മറ്റു ചിലരുടെ ധാരണ. അതുകൊണ്ട് എങ്ങനെയെങ്കിലും പല്ലുകൾ തേച്ച് വെളുപ്പിക്കാനാണ് അധികം പേരും ശ്രദ്ധിക്കുന്നത്.

പുഴുപ്പല്ല്, മോണവീക്കം, നിരതെറ്റിയ പല്ലുകൾ, വായ‌്നാറ്റം, പല്ലുവേദന, അകാലത്തിൽ കൊഴിയുന്ന പല്ലുകൾ, പല്ലുപുളിപ്പ്, പല്ലിലെ പോട് തുടങ്ങി പ്രശ്നങ്ങൾ സാധാരണയാണ്.

പല്ലിന് വലിയ കുഴപ്പമൊന്നുമില്ലാതെ പലർക്കും ദീർഘനാൾ ജീവിക്കാനാകും. എന്നാൽ, ഇവയിൽ ഏതെങ്കിലും ഒന്ന് തുടങ്ങിക്കഴിഞ്ഞാൽ മറ്റെല്ലാ കുഴപ്പങ്ങളും ഒന്നിനുപുറകെ ഒന്നായി വന്നുതുടങ്ങും. മാത്രമല്ല, ഇവയിൽ പലതും അലർജി രോഗങ്ങൾ, ടോൺസിലൈറ്റിസ്, ചെവിവേദന, സൈനസൈറ്റിസ് തുടങ്ങിയവയിലേക്ക് ക്രമേണ നീങ്ങും.

പല്ലുതേയ്ക്കുമ്പോൾ...


ചവർപ്പ്, എരിവ്, കയ്പ് രസങ്ങളുള്ള വസ്തുക്കൾ അഥവാ ഔഷധ ദ്രവ്യങ്ങൾ ഉപയോഗിച്ചുവേണം പല്ല് തേയ്ക്കാൻ. അത്തരം വസ്തുക്കൾക്ക് മാത്രമേ വായിൽ എന്തോ പറ്റിപ്പിടിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഉപലേപന സ്വഭാവത്തെ മാറ്റാനും, ശരിയായ രുചി അറിയുന്നതിന് നാവിനെ സജ്ജമാക്കാനും സാധിക്കുകയുള്ളൂ. മധുരമുള്ള പേസ്റ്റുകൾ പൊതുവെ നല്ലതല്ല. ജെൽ പേസ്റ്റുകൾ ഉമിനീരുമായി കലർന്ന് പല്ലിന് കൂടുതൽ തേയ്മാനത്തെ ഉണ്ടാക്കുമെന്നതിനാൽ അതും നല്ലതല്ല. ഒരിക്കൽ പല്ല് തേച്ചാൽ ദീർഘനേരം സുഗന്ധശ്വാസം പരത്തുന്ന പേസ്റ്റുകളും നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ആന്റിസെൻസിറ്റീവ് പേസ്റ്റുകൾ ഒരു ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഉപയോഗിക്കരുത്.

ഉമിക്കരി പോലുള്ള പരുപരുത്ത വസ്തുക്കളും വേണ്ട. എന്നാൽ ദന്തസംരക്ഷണത്തിന് ഉപയോഗിക്കുന്ന മരുന്നുകൾക്കൊപ്പം ഉമിക്കരിയോ തെങ്ങിൻ കൊതുമ്പ് ചുട്ടതോ സൂക്ഷ്മമായി പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. ഇതിൽ ഉപ്പ് ചേർക്കേണ്ട കാര്യമില്ല. ആയുർവേദവിധിപ്രകാരമുള്ള ഒരു പൽപ്പൊടി ഉപയോഗിച്ച് മോണകൾക്ക് അല്പം പോലും ക്ഷതം വരുത്താതെ, പല്ലും മോണയും അകവും പുറവുമായി വളരെ സൂക്ഷിച്ച് ചൂണ്ടുവിരൽ കൊണ്ട് തേയ്ക്കണം. പല്ലു പോലെ ശ്രദ്ധയോടെ മോണയും ഉഴിഞ്ഞു തേയ്ക്കുവാൻ ശ്രദ്ധിച്ചേ മതിയാകൂ. മോണയുടെ ബലം പല്ലിന്റെ ശക്തിയെ വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിനുശേഷം ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നതും നല്ലതാണ്.

ബ്രഷുകൾ പലതരം

മൃദുവായത് (സോഫ്റ്റ് ),അത്ര കഠിനമല്ലാത്തത് (മീഡിയം),കഠിനമായത് (ഹാർഡ്) എന്നിങ്ങനെ മൂന്നു തരം ടൂത്ത് ബ്രഷുകൾ മാർക്കറ്റിൽ ലഭിക്കും. ഇവയിൽ മൃദുവായ ബ്രഷ് ആണ് മോണകൾക്ക് സുരക്ഷിതം. കഠിനമായത് മോണകൾക്ക് ഒട്ടും സുരക്ഷിതമല്ല.

വീട്ടിലെ അംഗങ്ങളായാലും പലരും ഉപയോഗിക്കുന്ന ബ്രഷുകൾ ഒരുമിച്ചു വയ്ക്കാൻ പാടില്ല. പല്ലുതേയ്ക്കുന്നതിനുമുമ്പ് ബ്രഷ് വൃത്തിയായി കഴുകിയതിനുശേഷം ബ്രിസിൽസിന്റെ നീളത്തിൽ മൂന്നിലൊന്ന് ഭാഗം പേസ്റ്റ് (ഏകദേശം ഒരു സെൻറീമീറ്റർ) ബ്രിസിൽസുള്ള ഭാഗത്ത് മുഴുവൻ പുരട്ടി അൽപം വെള്ളമൊഴിച്ചു കുതിർത്ത ശേഷം പല്ലുതേച്ച് തുടങ്ങുക.

വൃത്തത്തിൽ ചലിപ്പിച്ചോ മുകളിലേക്കും താഴേക്കും ചലിപ്പിച്ചോ ആയിരിക്കണം പല്ല് വൃത്തിയാക്കേണ്ടത്. ബലമായി തേയ്ക്കരുത്. പല്ലുകളുടെ മദ്ധ്യനിരയിൽ നിന്ന് വശങ്ങളിലേക്ക് ബലമായി തേയ്ക്കുന്ന രീതിയാണ് പലരും ശീലിച്ചിട്ടുള്ളത്. ഇത് മോണയ്ക്കും പല്ലിനും കേട് ഉണ്ടാക്കും. ഒത്തിരി സമയമെടുത്ത് പല്ല് തേയ്ക്കരുത്. പരമാവധി രണ്ട് മിനിറ്റുകൊണ്ട് അവസാനിപ്പിക്കണം.

മൂന്നുമാസത്തിലൊരിക്കലോ ബ്രിസിൽസ് വളഞ്ഞു തുടങ്ങിയാലോ ബ്രഷ് മാറ്റണം. ബ്രഷ് കവറിലിട്ട് അടച്ചുവയ്ക്കരുത്. വെള്ളം കുടഞ്ഞു കളഞ്ഞ് പെട്ടെന്ന് ഉണങ്ങത്തക്കവിധം തുറന്നു വയ്ക്കണം. രാത്രിയിൽ പാറ്റ പോലുള്ള ജീവികൾ വൃത്തികേടാക്കുമെന്നതിനാൽ ഉപയോഗിക്കുന്നതിനു മുമ്പ് ബ്രഷ് വൃത്തിയായി കഴുകാൻ മറക്കരുത്.

വെളുത്തതും ഇളം പച്ച നിറമുള്ളതുമായ പേസ്റ്റുകളാണ് നല്ലത്. കടുത്ത നിറമുള്ളവയും പേസ്റ്റിന്റെ ട്യൂബിൽ ചുവട്ടിലായി ചുവന്ന വര അടയാളം കാണുന്നവയും സുരക്ഷിതമല്ല. ഔഷധ സസ്യങ്ങളുടെ ഭാഗങ്ങൾ മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ചുവന്ന അടയാളം. ആയുർവേദ ഹെർബൽ പേസ്റ്റുകളാണ് കൂടുതൽ സുരക്ഷിതം.

വെളുപ്പു നിറവും പല്ലിന്റെ ബലവും തമ്മിൽ കാര്യമായ ബന്ധമൊന്നുമില്ല. ഇളം മഞ്ഞ നിറമാണ് ആരോഗ്യമുള്ള പല്ലുകൾക്കുള്ളത്. പല്ലുകൾ വെളുത്ത് തിളങ്ങണമെന്ന് ആഗ്രഹമുള്ളവർക്ക് കടലാടി എന്ന ഔഷധ ചെടിയുടെ വേര് മുറിച്ചെടുത്ത് അതിന്റെ അഗ്രം ചതച്ച് ഉയർന്നുനിൽക്കുന്ന നാരുകൾ നിരപ്പുള്ള രീതിയിൽ വെട്ടിക്കളഞ്ഞ് മൃദുവാക്കി പല്ല് ചെറുതായി ഉരച്ച് തേയ്ക്കുവാനായി ഉപയോഗിക്കാം.

ശിശുക്കളുടെ മോണ വൃത്തിയുള്ള കോട്ടൺ തുണി വിരലിൽ ചുറ്റി തുടച്ചു വൃത്തിയാക്കണം. ഓരോ ഭക്ഷണത്തിനു ശേഷവും ശുദ്ധജലം ഉപയോഗിച്ച് വായ വൃത്തിയായി കുലുക്കുഴിയണം. രാവിലെ ഉണരുമ്പോഴും, രാത്രി ഭക്ഷണശേഷവും പല്ല് തേയ്ക്കണം. ഒപ്പം മോണയും തേയ്ക്കണം. വളരെ സൂക്ഷിച്ച് രസമുകുളങ്ങൾക്ക് കേടു വരുത്താതെ വേണം നാക്കും വടിക്കാൻ. ഭക്ഷണശേഷം പല്ലുതേക്കുമ്പോൾ നാവ് വടിക്കരുത്. നാവ് വടിക്കുമ്പോൾ ചെറുതായി ഓക്കാനിക്കുന്നത് കഫം തുപ്പിപോകുന്നതിനും ഹൃദ്രോഗത്തെ പോലും ഒരുപരിധിവരെ തടയുന്നതിനും കാരണമാകും. എന്നാൽ, മറ്റുള്ളവർക്ക് അരോചകമാകുന്ന വിധത്തിൽ കാർക്കിച്ച് ശബ്ദം ഉണ്ടാക്കുന്നത് ശരിയല്ല.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ...


 ഓറഞ്ച്, മുന്തിരി തുടങ്ങിയ പുളിയുള്ളവ കഴിച്ചാലുടനെ പല്ലുതേയ്ക്കുവാൻ പാടില്ല.  രാത്രി കിടക്കുന്നതിനു തൊട്ടുമുമ്പ് പുളിരസമുള്ളവ കഴിക്കാനും പാടില്ല. ഇതൊക്കെ പല്ലുകളുടെ തേയ്മാനത്തെ വർദ്ധിപ്പിക്കും. നാരങ്ങാവെള്ളം, പൈനാപ്പിൾ, മുസംബി, ഓറഞ്ച് ,മുന്തിരി,പാഷൻ ഫ്രൂട്ട് എന്നിവയുടെ ജ്യൂസുകൾ ഒരു സ്ട്രോ ഉപയോഗിച്ച് പല്ലിൽ സ്പർശിക്കാതെ കുടിച്ചാൽ കേട് കുറയ്ക്കാം.

 മധുരമുള്ള ആഹാരം കൂടുതൽ കഴിക്കുന്നതും മധുരം കഴിച്ചശേഷം വായ കഴുകാതിരിക്കുന്നതും ദന്ത രോഗങ്ങൾക്ക് കാരണമാകും.

 അസിഡിറ്റി കാരണമുള്ള പുളിച്ചുതികട്ടലും ഉറക്കത്തിനിടയിലെ പല്ലിറുമ്മലും കാൽസ്യത്തിന്റെ കുറവും വായ്ക്കുള്ളിലെ ബാക്ടീരിയകളുടെ പ്രവർത്തനവും ദന്ത ക്ഷയത്തിന് കാരണമാകും.

 ചെവി വേദന, കണ്ണുവേദന, വായ്ക്കുള്ളിലെ വ്രണങ്ങൾ എന്നീ കാരണങ്ങളാൽ പല്ലുതേയ്ക്കുവാൻ ബുദ്ധിമുട്ടുള്ളവർ ആ ദിവസങ്ങളിൽ പല്ലു തേപ്പിന് പകരം ശുദ്ധജലം കൊണ്ട് 12 തവണ വരെ വായ നന്നായി കുലുക്കുഴിയണം.

 വായ്ക്കുള്ളിലെ രോഗങ്ങൾ കുറയ്ക്കുന്നതിനും ഉപകാരപ്രദമായ ബാക്ടീരിയകളെ നിലനിർത്തുന്നതിനും ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണ 15 മിനിറ്റ് കവിൽകൊണ്ട് നിർത്തുന്നത് ഗുണകരമാണ്.

 ചൂടുള്ള ആഹാരം കഴിക്കുകയോ കുടിക്കുകയോ ചെയ്താലുടൻ വായിൽ തണുത്ത വെള്ളം കൊള്ളുന്നത് നല്ലതല്ല.

 തണുപ്പുകാലത്ത് പല്ല് തേയ്ക്കുന്നതിനും മുഖം കഴുകുന്നതിനും ഇളം ചൂടുവെള്ളം ഉപയോഗിക്കണം.

 പല്ല് തേച്ച് കഴിഞ്ഞാൽ മുഖം കൂടി കഴുകണം. വായിൽ വെള്ളം നിറച്ച ശേഷം ശുദ്ധജലത്തിൽ കണ്ണ് ഉൾപ്പെടെ കഴുകണം.

 തൊണ്ട രോഗങ്ങൾ, ദന്തരോഗങ്ങൾ എന്നിവ വരാതെ സൂക്ഷിക്കുവാൻ തൈലമോ കഷായമോ ചെറുചൂടോടെ വായിൽ നിറച്ചശേഷം കുറച്ചു കഴിഞ്ഞു തുപ്പുക. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ഇപ്രകാരം ചെയ്താലും ഒരു പരിധിവരെ ഗുണകരമാണ്. തൊണ്ടവേദനയുള്ളപ്പോൾ അല്പം ഉപ്പിട്ട് ഇളം ചൂടുവെള്ളം കവിൽ കൊള്ളാം.

 പല്ലിന്റെ സംരക്ഷണത്തിനും ചികിത്സയ്ക്കും ആയുർവേദം വളരെ ഫലപ്രദമാണ്.