kodiyeri

സി.പി.എം സെക്രട്ടറി പദത്തിൽ നിന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ അവധിക്കു പിന്നിലെ യഥാർത്ഥ കാരണം തേടിയുള്ള പൊതുചർച്ചയിലാണ് കേരളം ഇപ്പോൾ. തുടർചികിത്സയാണ് അദ്ദേഹത്തിന്റെ അവധിക്ക് ആധാരമെന്നാണ് പാർട്ടി വിശദീകരണം. അതിൽ വാസ്തവം ഇല്ലാതില്ല. എന്നാൽ മുൻപും ദീർഘമായ ചികിത്സ വേണ്ടിവന്നപ്പോൾ അവധിയെടുക്കാതെ തന്നെ പാർട്ടിയെ അദ്ദേഹം സമർത്ഥമായി നയിച്ചിരുന്നു എന്നത് പ്രസ്താവ്യമാണ്. ഇപ്പോഴത്തെ ഈ അവധിയിൽ പോക്ക് രാഷ്ട്രീയവൃത്തങ്ങളിലും രാഷ്ട്രീയമൊന്നുമില്ലാത്ത പൊതുജനങ്ങൾക്കിടയിലും വലിയ ചർച്ചയാകാൻ കാരണം അതിലേക്കു നയിച്ച സംഭവ പരമ്പരകൾ തന്നെയാണ്. നിഷേധിക്കാനാവാത്ത ഈ യാഥാർത്ഥ്യം അംഗീകരിക്കാതിരുന്നിട്ടു പ്രത്യേകിച്ചു ഗുണമൊന്നുമില്ല. മകൻ ബിനീഷ് കോടിയേരി ചെന്നുപെട്ട കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പിതാവായ കോടിയേരിക്കു പങ്കുണ്ടെന്ന് ശത്രുക്കൾ പോലും ആരോപിക്കാനിടയില്ല. എന്നാൽ ഈ സംഭവം പാർട്ടിക്കും കോടിയേരിക്കും എത്രമാത്രം അവമതിയുണ്ടാക്കി എന്നു തിരിച്ചറിയാൻ അല്പം വൈകിയില്ലേ എന്ന സംശയം ബാക്കിയാണ്. ബിനീഷിന്റെ ചോദ്യം ചെയ്യലും അറസ്റ്റും സംസ്ഥാന രാഷ്ട്രീയത്തിൽ തുടർച്ചയായി ഭൂചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നപ്പോഴും അതുമായി പാർട്ടിയെ ബന്ധിപ്പിക്കാൻ നോക്കേണ്ടെന്ന നിലപാടാണ് പാർട്ടിയും നേതൃത്വവും കൈക്കൊണ്ടത്. ബിനീഷിന്റെ കേസിന്റെ പേരിൽ കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് ഒരു കാരണവശാലും മാറിനിൽക്കേണ്ടതില്ലെന്ന് ഉന്നതാധികാര സമിതി യോഗങ്ങൾ തീരുമാനമെടുക്കുകപോലും ഉണ്ടായി. അതുകഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽത്തന്നെ അദ്ദേഹം ഒഴിഞ്ഞുനിൽക്കാൻ നിർബന്ധിതനായി എന്നതിൽ നിന്നു തന്നെ കാര്യങ്ങൾ എത്രമാത്രം കൈവിട്ടുപോയിരിക്കുന്നു എന്നു മനസിലാക്കാനാകും. രണ്ട് വലിയ തിരഞ്ഞെടുപ്പുകൾക്കു നേർമുന്നിൽ നിൽക്കവെ പാർട്ടിയെ പ്രതിരോധത്തിലാക്കിയ സമീപനമാണ് നേതൃത്വം ഈ വിഷയത്തിൽ പിന്തുടർന്നു വന്നതെന്നത് തർക്കമില്ലാത്ത കാര്യമാണ്. കരുത്തും വിവേകവും കാണിക്കേണ്ട സന്ദർഭത്തിൽ അതിൽ നിന്ന് സൗകര്യപൂർവം ഒഴിഞ്ഞുമാറിയതു വഴി പാർട്ടിക്കും മുന്നണിക്കുമുണ്ടായ ക്ഷീണം ഇപ്പോഴെങ്കിലും ബോദ്ധ്യമായിട്ടുണ്ടാകണം.

ബിനീഷിന്റെ ചെയ്തികൾക്ക് അയാൾ മാത്രമാകും ഉത്തരവാദിയെന്നതു ശരിയാണ്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അർഹമായ ശിക്ഷയും നേരിടട്ടെ എന്നു പറയുന്നതിലുമുണ്ട് കാര്യം. എന്നാൽ ഈ മകന്റെ പിതാവ് ഭരണമുന്നണിയെ നയിക്കുന്ന പാർട്ടിയുടെ അമരക്കാരനും അനിഷേധ്യ നേതാവുമാണെന്നു വരുമ്പോൾ മകന്റെ നിയമവിരുദ്ധ പ്രവൃത്തികൾ ഒരുവിധത്തിലും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നു പറഞ്ഞ് എങ്ങനെ ഒഴിഞ്ഞുമാറാനാകും. ധാർമ്മികതയുടെയും സദാചാരത്തിന്റെയും പ്രശ്നം കൂടി ഉൾക്കൊള്ളുന്ന വിഷയമാണിത്. അതുകൊണ്ടാണ് സെക്രട്ടറി പദത്തിൽ നിന്ന് അദ്ദേഹം ഒഴിയണമെന്ന വാദം ശക്തമായി ഉയരാൻ തുടങ്ങിയത്. പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല വിവേകമതികളായ പലരും അത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം രാഷ്ട്രീയ കാരണങ്ങളാൽ നിരാകരിക്കുകയാവാം. എന്നാൽ പൊതുവികാരം അനുകൂലമല്ലെന്നു തിരിച്ചറിയാൻ പാർട്ടി നേതൃത്വത്തിനു തീർച്ചയായും കഴിയേണ്ടതായിരുന്നു. യാഥാർത്ഥ്യബോധമുള്ള സമീപനം സ്വീകരിക്കേണ്ടതിനു പകരം പ്രശ്നം ലാഘവത്തോടെ കാണാനാണു ശ്രമിച്ചത്. കാര്യങ്ങൾ പന്തിയല്ലെന്ന് ബോദ്ധ്യപ്പെടാൻ തുടങ്ങിയപ്പോൾത്തന്നെ കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയാനുള്ള തീരുമാനം എടുത്തിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ മാത്രമല്ല പാർട്ടിയുടെയും പ്രതിച്ഛായ ഗണ്യമായി വർദ്ധിക്കുമായിരുന്നു. പാർട്ടി നേതൃത്വത്തിനും ഇക്കാര്യത്തിൽ അപരിഹാര്യമായ പിഴവു സംഭവിച്ചു. പാർട്ടി ഗുരുതരമായ ഇതുപോലൊരു പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ വ്യക്ത്യാധിഷ്ഠിതമായ സമീപനമല്ല സ്വീകരിക്കേണ്ടത്. അവധിക്കു പകരം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള രാജിക്കാണ് കോടിയേരി നിർബന്ധം പിടിച്ചതെന്നു വാർത്തയുണ്ടായിരുന്നു. ഇക്കാലമത്രയും പാർട്ടിയോട് കൂറും വിശ്വസ്തതയും സ്നേഹവും പുലർത്തി അതിനെ വളർത്തിക്കൊണ്ടുവന്നതിൽ നല്ലൊരു പങ്കു വഹിച്ച ഒരു നേതാവിന് അങ്ങനെയൊരു നിലപാടെടുക്കാനേ കഴിയൂ എന്നതിന്റെ തെളിവാണത്. പരാജയങ്ങൾ രുചിക്കാത്ത നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷങ്ങൾക്കിടയിൽ പോലും ആദരണീയമായ വ്യക്തിത്വം കൊണ്ട് വിപുലമായ സൗഹൃദവലയങ്ങൾ തീർക്കാൻ അദ്ദേഹത്തിന് ഇപ്പോഴും സാധിക്കുന്നുണ്ട്. ആറുവർഷമായി സെക്രട്ടറി പദത്തിലിരുന്ന് പാർട്ടിയെ സമർത്ഥമായി നയിച്ചുവരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന് ഇത്തരത്തിലൊരു പ്രതിസന്ധിഘട്ടം നേരിടേണ്ടിവന്നിരിക്കുന്നത്. അധികാരമുള്ള മാതാപിതാക്കളുടെ സന്താനങ്ങൾ ചെയ്തുകൂട്ടുന്ന അധാർമ്മിക പ്രവൃത്തികൾ സാധാരണഗതിയിൽ അവഗണിക്കപ്പെടാറാണു പതിവ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്ര വേണമെങ്കിലും കാണാം ഇതിന്റെ ഉദാഹരണങ്ങൾ. ഇന്ദിരാഗാന്ധിയുടെ കാലത്ത് പുത്രൻ സഞ്ജയ്‌ഗാന്ധി ഡൽഹിയിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾക്ക് കൈയും കണക്കുമില്ല. മന്ത്രിപുത്രന്മാർ എല്ലാ സംസ്ഥാനങ്ങളിലും നിയമപാലകർക്കു മാത്രമല്ല പൗരസമൂഹത്തിനും വെല്ലുവിളി ഉയർത്താറുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്രികാ സമർപ്പണം തുടങ്ങിയ ഘട്ടത്തിലാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്നു മാറിനിൽക്കുന്നതെന്നത് രാഷ്ട്രീയമായും സംഘടനാപരമായും സി.പി.എമ്മിനു വലിയ ക്ഷീണം തന്നെയാണ്. ഓർക്കാപ്പുറത്തു വീണുകിട്ടിയ ഈ സന്ദർഭം പരമാവധി മുതലെടുക്കാൻ പ്രതിപക്ഷം ശ്രമിക്കുക സ്വാഭാവികവുമാണ്. കിടയറ്റ സംഘടനാ വൈഭവമുള്ള പാർട്ടിയെന്ന നിലയ്ക്ക് ഈ പ്രതിസന്ധിയെയും ധീരമായി നേരിടാൻ സി.പി.എമ്മിനു കഴിയുമെന്നതിലും സംശയമില്ല. സെക്രട്ടറിയുടെ ചുമതല നിനച്ചിരിക്കാതെ ഏറ്റെടുക്കേണ്ടിവന്ന എൽ.ഡി.എഫ് കൺവീനർ കൂടിയായ എ. വിജയരാഘവൻ ഏറെ പ്രവർത്തന പരിചയമുള്ള നേതാവാണ്. പൊതുസമ്മതനുമാണ്.