love

നെയ്യാറ്റിൻകര: തിരഞ്ഞെടുപ്പ് അടുത്തതോടെ അനധികൃത മദ്യവില്പന വ്യാപകമാകുന്നതായി പരാതി. ബെവ് ക്യൂ ആപ്പ് ഉപയോഗിച്ചാണ് ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ലിറ്റർ കണക്കിന് മദ്യം വാങ്ങി സൂക്ഷിച്ച് വില്പന നടത്തുന്നത്. ഇക്കാര്യം പൊലീസിനും എക്സൈസിനും അറിവുള്ളതാണെങ്കിലും നടപടികൾ മാത്രം ഇനിയും ഉണ്ടാകുന്നില്ല. ബാറുകളിൽ നിന്ന് ആപ്പ് ഇല്ലാതെ തന്നെ മദ്യം വില്പന നടത്തുന്നതും ഇത്തരക്കാർക്ക് സഹായകരമാകുന്നു.

ബെവ് ക്യൂ ആപ്പ് ഉപയോഗിച്ച് ഒരു ദിവസം മൂന്ന് ലിറ്റർ മദ്യം വാങ്ങാൻ മാത്രമേ സാധിക്കൂ. എന്നാൽ വ്യത്യസ്ഥ ഫോൺ നമ്പരുകൾ ഉപയോഗിച്ച് ബുക്ക് ചെയ്യുന്നതിലൂടെയാണ് അനുവദനീയമായതിൽ കൂടുതൽ അളവ് മദ്യം കച്ചവടക്കാർ വാങ്ങി സൂക്ഷിക്കുന്നത്. വീടുകളിലും മറ്റ് രഹസ്യകേന്ദ്രങ്ങളിലും മദ്യം സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് ഇത് എത്തിച്ചുകൊടുക്കുന്നതാണ് കച്ചവടക്കാരുടെ രീതി. കുപ്പി ഒന്നിന് 100 രൂപമുതൽ 150 രൂപവരെ അധികം നൽകിയാൽ ഇവരിൽ നിന്ന് മദ്യം ലഭിക്കും. ആവശ്യക്കാരന് അവർ പറയുന്ന സ്ഥലത്ത് മദ്യം ലഭിക്കുമെന്നതിനാലാണ് ഇത്തരം സംഘങ്ങൾ തഴച്ച് വളരുന്നതിന് കാരണം. ചില ബിവറേജസ് ഔട്ട്‌ലെറ്റുകളിലും മുൻകൂട്ടി ബുക്ക് ചെയ്യാതെ മദ്യം വില്ക്കുന്നുണ്ട്. ഇവിടങ്ങൾ കേന്ദ്രീകരിച്ചും അനധികൃത മദ്യവില്പന സംഘങ്ങൾ സജീവമാണ്.

ഇടപാടുകാർ കൂലിപ്പണിക്കാർ

ബെവ് ക്യൂ ആപ്പ് ഉപയോഗിച്ച് മദ്യം ബുക്ക് ചെയ്യാൻ അറിയാത്ത സാധാരണക്കാരാണ് ഇത്തരം കച്ചവടക്കാരെ ആശ്രയിക്കുന്നത്. ക്യൂ നിൽക്കേണ്ട ആവശ്യമില്ലാത്തതിനാൽ അധികം പണം മുടക്കി മദ്യം വാങ്ങുന്നതിന് ആർക്കും പരാതിയില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെ കച്ചവടത്തിന്റെ അളവും വർദ്ധിച്ചു. അന്യസംസ്ഥാന തൊഴിലാളികളും ഇത്തരം കച്ചവടക്കാരെ ആശ്രയിക്കുന്നതിനാൽ കച്ചവടം പൊടിപൊടിക്കുകയാണ്.