കടയ്ക്കാവൂർ: എ.ടി.എമ്മിൽ നിന്നു ലഭിച്ച തന്റേതല്ലാത്ത പണം അധികൃതർക്ക് കൈമാറി കടയ്ക്കാവൂർ സ്വദേശി മാതൃക കാട്ടി. കടയ്ക്കാവൂർ ചെക്കാലവിളാകത്തെ എ.ടി.എം കൗണ്ടറിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രിയോടെ കടയ്ക്കാവൂർ ചെക്കാലവിളാകം എ.ടി.എമ്മിൽ നിന്നു പൈസ എടുക്കാൻ എത്തിയ കടയ്ക്കാവൂർ സ്വദേശിയാണ് എ.ടി.എമ്മിൽ നിന്ന് പുറത്തേക്ക് വന്നിരിക്കുന്ന നിലയിൽ നോട്ടുകൾ കണ്ടെത്തിയത്. തുടർന്ന് അദ്ദേഹം കടയ്ക്കാവൂർ പൊലീസിൽ വിവരം അറിയിക്കുകയും തുക പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഉപഭോക്താവ് എ.ടി.എം മെഷീനിൽ കാർഡ് നിക്ഷേപിക്കുകയും പിൻ നമ്പരും തുകയും അടിച്ചശേഷം തുക എടുക്കാൻ മറന്നതാകാമെന്നും അറിയിച്ചു.
എ.ടി.എം ട്രാൻസാക്‌ഷൻ ഡീറ്റെയിൽസ് പരിശോധനയിലൂടെ ഉടമസ്ഥനെ കണ്ടെത്തി പണം കൈമാറാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
കടയ്ക്കാവൂർ നിലയ്ക്കാമുക്ക് താമരവിള സ്വദേശി സുനിയാണ് തന്റെ ശ്രദ്ധയിൽപെട്ട തുക അധികൃതർക്ക് കൈമാറിയത്. സുനി കടയ്ക്കാവൂർ പള്ളിമുക്ക് സി.എസ്.സി (കോമൺ സർവീസ് സെന്റർ) പൊതുജന സേവന കേന്ദ്രം ഉടമയാണ്.