
ദി കിംഗ് എന്ന ചിത്രത്തിന്റെ പിറവിക്കു പ്രധാനകാരണം എന്റെ അമ്മ കൊടുത്ത വാക്കാണ്. പിന്നെ എന്റെ കടുത്ത തീരുമാനവും നീരസവും. ഏകലവ്യൻ എന്ന സിനിമയുടെ പ്രാകൃത രൂപം ഞാൻ ഒരിക്കൽ മമ്മുക്കയോട് മദ്രാസിൽ ചെന്നു പറഞ്ഞു കേൾപ്പിച്ചതാണ്. 'നമുക്കു ചെയ്യാം" എന്നു മമ്മുക്ക വാക്കും പറഞ്ഞു. എന്നാൽ ചില കാരണങ്ങളാൽ നടക്കാതെ പോയി. എന്നാൽപ്പിന്നെ ഇനി മമ്മുക്കയുമായി ഒരു സിനിമയ്ക്കും ഈ ജന്മം പുറപ്പെടില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഞാൻ.മമ്മുക്ക സിനിമയുടെ കാര്യം സംസാരിക്കാൻ ഷാജിയും നിർമ്മാതാവ് അക്ബറും കാണാൻ വന്നപ്പോൾ ആ നീരസം ഞാൻ പ്രകടിപ്പിച്ചു.നാട്ടകം ഗസ്റ്റ് ഹൗസിൽ മറ്റൊരു തിരക്കഥയെഴുതാനിരിക്കുമ്പോഴായിരുന്നു ഷാജിയുടെയും അക്ബറിന്റെയും വരവ്. മമമുക്കയെവച്ച് സിനിമയെടുക്കണമെന്ന അവരുടെ ആവശ്യം നിഷ്ക്കരുണം ഞാൻ തള്ളി.അപ്പോൾ മമ്മുക്കയുടെ ഫോൺ വന്നെന്ന് ഗസ്റ്റ്ഹൗസ് മാനേജർ പറഞ്ഞു. ഫോണെടുത്തു." അവർ വന്നു കാര്യം പറഞ്ഞോയെന്ന് ചോദിച്ചു.മദ്രാസിൽ നിന്നാണ് കോൾ.പറഞ്ഞുവെന്നു മാത്രം മറുപടി നൽകി.താൻ ഒന്നു നോക്കെന്നായി മമ്മുക്ക. പറ്റില്ലെന്നൊക്കെ പറയണമെന്ന് മനസിൽതോന്നി.പറഞ്ഞില്ല. ഡോ. പശുപതി എന്ന എന്റെ ആദ്യ സിനിമ എഴുതാൻ പുറപ്പെടുമ്പോൾ മമ്മൂട്ടി എന്ന നടന്റെ കാൽതൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങിയിരുന്നു.സ്വന്തം അനുജൻമാരെപ്പോലെയാണ് എന്നെയും കണ്ടിരുന്നത്.മനസിൽ ഗുരുത്വത്തോടെ പ്രതിഷ്ടിച്ചിട്ടുള്ള ആളിനോട് അങ്ങനെയൊന്നും പറയാൻ പറ്റില്ല."
നീ ചെയ്തോണം.ഞാനില്ലെന്ന് കർക്കശമായി ഷാജിയോട് പറഞ്ഞു.രൺജി എഴുതി ഷാജി കൈലാസ് ചെയ്താലേ മമ്മൂക്കയുടെ ഡേറ്റ് അക്ബറിന് ഉപയോഗിക്കാനാവുകയുള്ളു.എന്റെ താത്പര്യമില്ലായ്മ തിരിച്ചറിഞ്ഞ അക്ബർ ഞാൻ പോലും അറിയാതെ എന്റെ അമ്മയെ പോയി കണ്ടു.അടുത്ത ദിവസം അമ്മ എന്നെ വിളിച്ചു. 'ഇവിടെ ഒരു അക്ബർ വന്നിരുന്നു.സങ്കടങ്ങൾ പറഞ്ഞ് കരഞ്ഞു. നീ എഴുതിക്കൊടുത്താൽ അയാളുടെ പ്രശ്നങ്ങൾ ഒക്കെ തീരും.നീ എഴുതും എന്നു ഞാൻ വാക്കു പറഞ്ഞിട്ടുണ്ട് എന്നും അമ്മ അറിയിച്ചു. അമ്മ പറഞ്ഞാൽ ഞാൻ മറുത്തൊരു വാക്ക് പറയില്ലെന്ന് ഷാജിക്ക് അറിയാം.ഷൂട്ടിംഗിന്റെ തലേദിവസം വരെ എഴുതിയത് 26 സീൻ. മമ്മൂക്കയ്ക്കായി ഞാൻ സീൻ വായിച്ചുതുടങ്ങി.
" കളി എന്നോടും വേണ്ട സാർ. -യൂ നോ വൈ?
ബിക്കാസ് ഐ ഹാവ് ആൻ എക്സ്ട്രാ ബോൺ ആസ് യൂ സഡ്. "
നാലു സീൻ വായിച്ചപ്പോൾ മമ്മുക്ക പറഞ്ഞു 'എനിക്ക് ഇത്രേം കേട്ടാൽ മതി. ഞാൻ ആ പാദം തൊട്ടു. നിറുകയിൽ ഒരിക്കൽകൂടി വാത്സല്യ സ്പർശം. അനുഗ്രഹം. മമ്മൂട്ടി എന്ന വലിയ ദയ അക്ബർ എന്ന സങ്കടത്തിനു നീട്ടിയ സ്നേഹവായ്പാണ് ദ് കിംഗ്.