തിരുവനന്തപുരം:പൂജപ്പുര സെൻട്രൽ ജയിലിൽ പോയാൽ ഇനി ചെരുപ്പും വാങ്ങി തിരിച്ചുവരാം.വ്യത്യസ്ത രുചികൾ തലസ്ഥാന വാസികളുടെ തീൻമേശയിലെത്തിച്ച ജയിലിൽ ചെരുപ്പുകളും വിപണനത്തിനൊരുങ്ങി. ചപ്പാത്തി, ഫ്രീഡം ഫുഡ്,ഓർഗാനിക് പച്ചക്കറികൾ,ബ്യൂട്ടി പാർലർ,പെട്രോൾ പമ്പ് തുടങ്ങിയ നവീന ആശയങ്ങൾക്ക് പിന്നാലെയാണ് പുതിയ ഉൽപന്നം കൂടി വിപണിയിലിറക്കുന്നത്.ഫ്രീഡം വാക്ക് എന്ന് പേരിട്ടിരിക്കുന്ന ഹവായ് ചപ്പലുകളാണ് ജയിലിൽ വിപണനത്തിന് ഒരുങ്ങിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് ജയിലിൽ ചെരുപ്പ് നിർമാണവും വിപണനവും ആരംഭിക്കുന്നത്.ഗുണമേന്മയുള്ള ചെരുപ്പുകൾക്ക് 80 രൂപയാണ് വില.വിവിധ നിറങ്ങളിൽ ഇവ ലഭ്യമാണ്.തടവുകാരുടെ ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാന്വൽ ഹവായ് ചപ്പൽ മെഷീനുകൾ ജയിലിൽ സ്ഥാപിച്ചത്.പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് തടവുകാരാണ് ചെരുപ്പ് നിർമ്മിക്കുന്നത്. ദിവസവും നൂറ് ജോഡി ചെരുപ്പുകൾ ഇവിടെ നിർമിക്കാനാകും.പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി പേപ്പർ കവറിലാക്കിയാണ് വിപണനം.അടുത്ത ഘട്ടമായി ഫാൻസി ചെരുപ്പുകൾ,പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ചെരുപ്പുകൾ തുടങ്ങിയവ നിർമിക്കുന്നതിനുള്ള ശ്രമത്തിലാണ് ജയിൽ അധികൃതർ.ഫ്രീഡം വാക്ക് ചപ്പലിന്റെ വിപണനോദ്ഘാടനം ഇന്നലെ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് നിർവഹിച്ചു. ചലച്ചിത്ര താരം ചന്തുനാഥ്.ജി ആദ്യ ഉത്പന്നം ഏറ്റുവാങ്ങി. ജയിൽ ഡി.ഐ.ജിമാരായ എസ്.സന്തോഷ്,പി.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ചെരുപ്പ് വാങ്ങിക്കാൻ
വിപണനത്തിനുള്ള കൗണ്ടർ ജയിലിലെ കഫ്റ്റീരിയയുടെ സമീപം
പല നിറത്തിലുള്ള ചെരുപ്പുകളുടെ വില 80 രൂപ
6,7,8,9,10 സൈസിലുള്ള ചെരുപ്പുകൾ വില്പനയ്ക്ക്