ee

കിളിമാനൂർ: കൊവിഡിന്റെ വരവും അപ്രതീക്ഷിത അടച്ചിടലും കാരണം ജീവിതം ഇരുട്ടിലായ നിരവിധ ജീവനുകളുണ്ട്. ഫോട്ടോഗ്രാഫർമാർ, പ്രിന്റിംഗ് പ്രസുകാർ, കലാകാരൻമാർ തുടങ്ങിയവർ എണ്ണമറ്റ ആക്കൂട്ടത്തിന്റെ പ്രതിനിധികൾ മാത്രമാണ്. എന്നാൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഇവർക്ക് പ്രതീക്ഷകളുടെ പച്ചപ്പാണ് പകരുന്നത്. തിരഞ്ഞെടുപ്പെന്ന കച്ചിത്തുരുമ്പിൽ പിടിച്ച് ജീവിതം തിരികെ പിടിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യർ.

 ഫോട്ടോഗ്രാഫർമാർ

ജില്ലയിലെ രണ്ടായിരത്തിലേറെ ഫോട്ടോ, വീഡിയോഗ്രാഫർമാർക്ക് തിരഞ്ഞെടുപ്പിൽ ജോലി കിട്ടി. രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി സ്ഥിരമായി ഫോട്ടോ എടുക്കുന്ന സ്റ്റുഡിയോകളിലാണ് കൂടുതൽ തിരക്ക്. ആവശ്യമൊന്നേയുള്ളൂ ഫോട്ടോ കണ്ടാൽ വോട്ട് ഇങ്ങ് പോരണം.

പരമാവധി ഗ്ലാമറാക്കി വോട്ടറുടെ മനസിൽ മുഖം പതിപ്പിക്കണം. നല്ല ക്ലാരിറ്റിയോടെ പോസ്റ്റർ, ബാനർ, അഭ്യർത്ഥന, കാർഡ് എന്നിവയായി വിവിധ പ്രതലങ്ങളിൽ പ്രിന്റ് ചെയ്യാനുള്ള ചിത്രങ്ങളാണ് വേണ്ടത്. പ്രിന്റ് ചെയ്യുന്നതിനൊപ്പം വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഷെയർ ചെയ്യാനുള്ള ആദ്യ ഘട്ട ഫോട്ടോ ഷൂട്ട് പലരും പൂർത്തിയാക്കി. കൊവിഡ് മൂലം ഫോട്ടോക്കാണ് ഇക്കുറി പ്രാധാന്യമെന്നാണ് സ്ഥാനാർത്ഥികൾ പറയുന്നത്.

 പ്രിന്റിംഗ് പ്രസുകാർ

മെഷീൻ ഓഫ്‌ ചെയ്യാൻ നേരമില്ലാത്ത വിധം തിരക്ക് പിടിച്ച കാലത്ത് നിന്ന് തുരുമ്പ്‌ പിടിച്ചു കിടക്കുന്ന മെഷീനിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു കൊവിഡ് അച്ചടി മേഖലയെ. തിരഞ്ഞെടുപ്പ് കാലത്ത് പ്രിന്റിംഗ് പ്രസുകളിലെ ജീവനക്കാർക്ക് സാധാരണ നിന്ന് തിരിയാൻ സമയം ലഭിക്കുമായിരുന്നില്ല. ഏറ്റവും കൂടുതൽ വർക്കുകൾ ലഭിക്കുന്ന കാലമാണത്. നിലവിൽ ഒരു വരുമാനവും ഇല്ലാതിരിക്കെ അടുത്തെത്തിയ തിരഞ്ഞെടുപ്പ് പ്രതീക്ഷയ്ക്ക് വക നൽകുന്നു. ഒപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം വിനയാകുമോ എന്ന ഭയവുമുണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പ്രചാരണങ്ങൾ പരമാവധി സോഷ്യൽ മീഡിയ വഴിയാക്കണമെന്നായിരുന്നു നിർദേശം. വീട് വീടാന്തരം കയറിയിറങ്ങാനും നിയന്ത്രണമുണ്ട്. കൊവിഡ് കാലത്തുണ്ടായ ഭീമമായ നഷ്ടം നികത്താൻ മൾട്ടി കളർ പ്രസുകൾ നിരക്ക് ഉയർത്താൻ തീരുമാനിച്ചിരുന്നെങ്കിലും വേണ്ടെന്ന് വച്ചു. ചിഹ്നം, പോസ്റ്റർ, അഭ്യർത്ഥന, പ്രസ്‌താവന, ലഘു ലേഖ തുടങ്ങി വൈവിദ്ധ്യമാർന്ന ഇനങ്ങളുമായാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കുന്നത്.

 കലാകാരന്മാർ

പാരഡി പാട്ട് എഴുതുന്നവരും, ഗായകരും, വാദ്യോപകരണങ്ങൾ വായിക്കുന്നവരും തിരഞ്ഞെടുപ്പിൽ സജീവമായി കഴിഞ്ഞു.

പ്രാദേശികമായ വിഷയങ്ങളിൽ സ്ഥാനാർത്ഥിയുടെ പേര്, മുന്നണി, നേട്ടങ്ങൾ, വിമർശനങ്ങൾ ഇവയെല്ലാം ഉൾപ്പെടുത്തിയാണ് പാട്ടുകൾ തയ്യാറാക്കുന്നത്. സ്ഥാനാർത്ഥിയുടെ ചിത്രവും മുന്നണിയും കാണിച്ചു പശ്ചാത്തലത്തിൽ വോട്ടഭ്യർത്ഥനയുടെ ശബ്ദ രേഖ നൽകുന്നു. കൂടാതെ വികസന പദ്ധതികളുടെയോ മറ്റ് പ്രസംഗങ്ങളുടെയോ ചെറു ദൃശ്യങ്ങൾ യോജിപ്പിച്ചു വീഡിയോ നിർമ്മിച്ചു നൽകുന്ന സ്റ്റുഡിയോകളുമുണ്ട്.

സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ സ്റ്റാറ്റസ് ആക്കാൻ പറ്റുംവിധമുള്ള വീഡിയോകളും സ്റ്റുഡിയോകളിൽ ചെയ്തു നൽകുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മുന്നണി ഭേദമില്ലാതെ ഒരു സ്റ്റുഡിയോയിൽ വിവിധ കക്ഷികളുടെ പാട്ടുകൾ സജ്ജമാക്കും. കുറഞ്ഞ ചെലവിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പാട്ടു ചെയ്തു കൊടുക്കുമെന്നാണ് ഇത്തരം സംഘങ്ങളുടെ പ്രധാന വാഗ്ദാനം. പാട്ടുകൾ ആവശ്യപ്പെട്ടു വിളികൾ എത്തിക്കഴിഞ്ഞെന്നു ജില്ലയിലെ പാരഡി പാട്ട് സംഘങ്ങൾ പറയുന്നു.