thomas-isac

തിരുവനന്തപുരം: കിഫ്ബി ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 293(1) ലംഘിക്കുന്നുവെന്ന സി.എ.ജിയുടെ കരട് റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് രംഗത്ത്. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതിന് കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു.കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് സി.എ.ജിയുടേത് . 'ഞങ്ങൾ ചിലത് എഴുതിവയ്ക്കുന്നുണ്ട് ,അപ്പോൾ കാണാ'മെന്ന് കിഫ്ബി ഉദ്യോഗസ്ഥരോട് പറഞ്ഞ സി.എ.ജി, ഭരണഘടനാ പദവിക്ക് നിരക്കാത്ത രീതിയിലാണ് പ്രവർത്തിച്ചത്. കേരളത്തിലെ വികസന പദ്ധതികളെ തുരങ്കം വയ്ക്കാനുള്ള ആയുധമായി സി.എ.ജിയെ ഉപയോഗിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ ചിലരും സി.എ.ജിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ തങ്ങൾക്കറിയാമായിരുന്നുവെന്ന് ഐസക് പറഞ്ഞു. ലൈഫ്, ഇ- മൊബിലിറ്റി പദ്ധതികളെ തകർക്കാൻ ഇ.ഡിയെ ഉപയോഗിക്കുന്നതിന്റെ തുടർച്ചയാണ് കിഫ്ബിയെ തകർക്കാനുള്ള ശ്രമവും.1999 മുതൽ 9 തവണ സി.എ.ജി കിഫ്ബിയിൽ ഇൻസ്പെക്ഷൻ നടത്തുകയോ, ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുകയോ ചെയ്തിട്ടുണ്ട്. ഇതിൽ 2020ലെ റിപ്പോർട്ടിലൊഴികെ കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന വാദം ഉന്നയിച്ചില്ല. 2017ലെ റിപ്പോർട്ടിൽ ബഡ്ജറ്റ് പ്രസംഗത്തിലെ ചെലവ് ലക്ഷ്യം കൈവരിച്ചില്ലെന്നും ,2018ലെ റിപ്പോ‌ർട്ടിൽ കിഫ്ബി വായ്പകൾ ഓഫ് ബ‌‌ഡജറ്റ് വായ്പകളാണെന്നുമുള്ള പരാമർശമേ ഉണ്ടായിരുന്നുള്ളൂ. 2020 ജനുവരിയിലാണ് കിഫ്ബിയിൽ എ.ജിയുടെ സമഗ്ര ഓഡിറ്റ് തുടങ്ങിയത്. ആവശ്യപ്പെട്ട രേഖകളും ഏത് ഫയലും കാണുന്നതിനുള്ള പാസ്വേഡ‌ും നൽകി. 76 ഓഡിറ്റ് ക്വറികൾക്കും മറുപടി നൽകി. കിഫ്ബിയുടെ ഭരണഘടനാ സാധുതയെക്കുറിച്ച് ഒരു ചോദ്യം പോലും ഉന്നയിക്കാത്ത സി.എ.ജി കരട് റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ അത് മുഖ്യവിഷയമാക്കി ഉയർത്തിയത് ദുഷ്ടലാക്കോടെയാണ്.കിഫ്ബി സംസ്ഥാന സർക്കാരിന്റെ ഭാഗമല്ല. കോർപറേറ്റ് ബോഡിയാണ്. മറ്റേത് കോർപ്പറേറ്റ് ബോഡിയെയും പോലെ റിസർവ് ബാങ്കിന്റെ അനുവാദത്തോടെ വിദേശത്തു നിന്നും വായ്പയെടുക്കുന്നതിന് അനുവാദമുണ്ട്. കിഫ്ബിക്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നാൽ ബാദ്ധ്യത മുഴുവൻ സർക്കാരിന് വരില്ലെന്ന് ഉറപ്പു വരുത്തുന്ന രീതിയിലാണ് കിഫ്ബിയുടെ പ്രവർത്തനം. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി, തനതു വരുമാനമില്ലാത്ത കിഫ്ബിയു‌ടെ ബാദ്ധ്യത സർക്കാരിന്റെ നേരിട്ടുള്ള ബാദ്ധ്യതയാണെന്ന സി.എ.ജിയുടെ വാദം ശരിയല്ല. നാലിലൊന്നു പദ്ധതികൾ മുതലും പലിശയും തിരികെ വരുന്നതാണ്.. ഇവയിൽ നിന്ന് വരുമാനം വരും.പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചതു തന്നെയാണ് സി.എ.ജി ഇപ്പോൾ പറയുന്നത്. കിഫ്ബിക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുത്ത സ്വദേശി ജാഗരൺ മ‌ഞ്ച് കൺവീനർ രഞ്ജിത് കാർത്തികേയനു വേണ്ടി കെ.പി.സി.സി സെക്രട്ടറി മാത്യു കുഴൽനാടൻ ഹാജരാവുന്നത് കിഫ്ബിക്കെതിരെ ബി.ജെ.പിയും യു.ഡി.എഫും ഒരുമിച്ച് നീങ്ങുന്നതിന്റെ തെളിവാണെന്നും മന്ത്രി ഐസക് ആരോപിച്ചു.

കിഫ്ബി :ഹർ‌ജിയിലെ ആവശ്യം മസാല ബോണ്ട് റദ്ദാക്കൽ

തിരുവനന്തപുരം: വിദേശത്ത് നിന്ന് കിഫ്ബി വായ്പ വാങ്ങുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ചാണ് തിരുവനന്തപുരത്തെ ചാർട്ടേ‌ഡ് അക്കൗണ്ടന്റ് രഞ്ജിത് കാർത്തികേയൻ റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഇന്ത്യൻ ഭരണഘടന പ്രകാരം കേന്ദ്രസർക്കാരിനേ വിദേശ വായ്പ വാങ്ങാനാവൂ. സംസ്ഥാന സർക്കാരിനാവില്ല. സംസ്ഥാന സർക്കാരിന് കീഴിലുള്ള കോർപറേറ്റ് സ്ഥാപനങ്ങൾക്ക് വാങ്ങാം. കിഫ്ബി കമ്പനിയല്ല. സർക്കാരിന് കീഴിലുള്ള സ്റ്റാറ്റൂട്ടറി സ്ഥാപനമാണ്. കഴിഞ്ഞ വർഷം മാർച്ച് 29നാണ് കിഫ്ബി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് 2150 കോടി രൂപ മസാല ബോണ്ട് വഴി വായ്പയെടുത്തത്. കഴിഞ്ഞ വർഷം മേയ് 17ന് ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. ഇത് രണ്ടും റദ്ദാക്കണമെന്നും, മസാല ബോണ്ടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഹ‌ർജിക്കാരൻ ആവശ്യപ്പെട്ടു. . കൺസോളിഡേറ്റഡ് ഫണ്ടാണ് കിഫ്ബിക്ക് ഗ്യാരന്റി നൽകുന്നത് എന്നുറപ്പുവരുത്താനാണ് ആദ്യം ഹ‌ർജി പിൻവലിച്ചത്. രണ്ടാമത്തെ തവണ ആവശ്യപ്പെട്ട കാര്യം ചീഫ് ജസ്റ്റിസ് ചില സംശയങ്ങൾ ഉന്നയിച്ചതുകൊണ്ട് ഒഴിവാക്കുകയായിരുന്നു. സി.എ.ജി തന്റെ വാദങ്ങൾ അംഗീകരിച്ചതായാണ് ധനമന്ത്രിയുടെ വാർത്താസമ്മേളനത്തിലൂടെ മനസ്സിലായതെന്നും രഞ്ജിത് കാർത്തികേയൻ പറഞ്ഞു.

കൂടുതൽ ധനസഹായം കേരളത്തിന് : കേന്ദ്രമന്ത്രി വി. മുരളീധരൻ

കൊച്ചി: ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ച് ഏറ്റവും കൂടതൽ ധനസഹായം അനുവദിച്ചത് കേരളത്തിനാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളമെന്നത് സി.പി.എമ്മിന്റെ തറവാട്ട് സ്വത്താണെന്ന് ആര് പറഞ്ഞാലും അംഗീകരിച്ച് കൊടുക്കില്ല. കേരളത്തിന്റെ വികസനത്തിൽ കേന്ദ്രസർക്കാരിനും ഉത്തരവാദിത്വമുണ്ട്. അതുപോലെ കേരളത്തിലെ ജനങ്ങളുടെ പേര് പറഞ്ഞു കൊണ്ട് പദ്ധതികളിൽ തട്ടിപ്പ് നടത്തിയാൽ അത് തടയാനും കേന്ദ്രസർക്കാരിനറിയാം. ഈ നാട്ടിലെ സാധാരണക്കാർക്ക് ഗുണകരമാകേണ്ട ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ കോടികൾ കമ്മിഷൻ അടിച്ചുമാറ്റിയ ആളുകൾ കേരളത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. സാധാരണക്കാരന് ഗുണം ലഭിക്കേണ്ട പദ്ധതിയുടെ പണം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാളുടെ ലോക്കറിൽ എങ്ങിനെ എത്തിയെന്ന ചോദ്യത്തിന് മറുപടിയാണ് ധനമന്ത്രി പറയേണ്ടത്. കമ്മിഷൻ ആർക്കൊക്കെ ലഭിച്ചുവെന്നത് എൻഫോഴ്സ്‌മെന്റ് അന്വേഷണത്തിൽ വ്യക്തമാകും. കോടിയേരി രാജിവച്ചത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. കോടിയേരി ബാലകൃഷ്ണനെ ബലിയാടാക്കി മുഖ്യമന്ത്രി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും മുരളീധരൻ പറഞ്ഞു.

മന്ത്രി ഐസക്കിന്റേത് ഗുരുതര ചട്ടലംഘനം: ചെന്നിത്തല

കൊച്ചി: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിന്റെ കരട് നിയമസഭയിൽ വയ്ക്കും മുമ്പ് പുറത്തുവിട്ട മന്ത്രി തോമസ് ഐസക്കിന്റെ നടപടി ഗുരുതര ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനാ ഉത്തരവാദിത്വം പാലിക്കാതെ റിപ്പോർട്ട് ചോർത്തിയ മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകും.കിഫ്ബിയിലെ വൻ അഴിമതി സി.എ.ജി കണ്ടെത്തിയതോടെയാണ് മന്ത്രി വിറളി പിടിച്ചത്. നിയമവും കീഴ്‌വഴക്കവും ബാധകമല്ലെന്ന നിലയിലാണ് പ്രവർത്തനം. പൂർത്തിയാകാത്തതും നിയമസഭയിൽ വയ്ക്കാത്തതുമായ റിപ്പോർട്ടിനെ മന്ത്രിക്ക് എങ്ങനെ വാർത്താസമ്മേളനം നടത്തി വിമർശിക്കാൻ കഴിയും. കിഫ്ബി അഴിമതിയുടെ കൂടാരമാണ്. മുൻകൂർ ജാമ്യമെടുക്കലാണ് മന്ത്രി നടത്തുന്നത്. കിഫ്ബിയിലെ അഴിമതികളെക്കുറിച്ച് പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സി.എ.ജിയുമായി തനിക്ക് ബന്ധമുണ്ടെന്ന മന്ത്രിയുടെ ആരോപണം ശരിയല്ല. നാലര വർഷത്തിനിടെ ഒരിക്കൽപ്പോലും സി.എ.ജിയുമായി ബന്ധപ്പെട്ടിട്ടില്ല. അഴിമതി കണ്ടെത്തിയതിന്റെ പേരിൽ സി.എ.ജിയെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.