തിരുവനന്തപുരം: ദേശീയ പത്രവാരാചരണത്തിന്റെയും കേരള മീഡിയ അക്കാഡമിയുടെ പി.ജി ഡിപ്ലോമ കോഴ്സുകളിലേക്കുളള പ്രവേശനോത്സവത്തിന്റെയും ഉദ്ഘാടനം നാളെ (16) രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
കാക്കനാട് മീഡിയ അക്കാഡമി ഹാളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന സമ്മേളനത്തിൽ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷനാകും. ഡോ.എം.ലീലാവതി അനുഗ്രഹപ്രഭാഷണവും ഡോ.സെബാസ്റ്റ്യൻ പോൾ ദേശീയ പത്രദിനപ്രഭാഷണവും നടത്തും. കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ഇ.എസ്.സുഭാഷ്, മീഡിയ അക്കാഡമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, ജേണലിസം വകുപ്പ് മേധാവി കെ.ഹേമലത തുടങ്ങിയവർ പങ്കെടുക്കും.
ദേശീയ പത്രദിനത്തോടനുബന്ധിച്ച് നാളെ മുതൽ 22 വരെ വിവിധ പ്രസ് ക്ലബ്ബുകളുമായി സഹകരിച്ച് മാദ്ധ്യമ വിശ്വാസ്യത സംരക്ഷണ വാരം അക്കാഡമി സംഘടിപ്പിക്കും. സമാപന സമ്മേളനം 20ന് കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റുമായി ചേർന്ന് തിരുവനന്തപുരത്ത് നടത്തും. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ശശികുമാർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.