ksrtc

വിതുര: തിരുവനന്തപുരത്തെ പ്രധാന ബസ് റൂട്ടുകളിലൊന്നായ വിതുര - നെടുമങ്ങാട് റൂട്ടിൽ യാത്രാദുരിതം വർദ്ധിക്കുന്നു. നെടുമങ്ങാട് സെക്ടറിൽ യാത്രക്കാർക്ക് മതിയായ യാത്രാ സൗകര്യം ഒരുക്കുന്നതിൽ ഡിപ്പോ അധികൃതരുടെ ഭാഗത്തുനിന്നും മതിയായ തീരുമാനങ്ങൾ ഉണ്ടാകാത്തതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ബസ് സർവീസുകൾ വെട്ടിക്കുറച്ചതെന്നാണ് യാത്രക്കാർ പറയുന്നത്. 36 ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്തിരുന്ന ഡിപ്പോ ഇന്ന് 3 ഫാസ്റ്റ് സർവീസ് ഉൾപ്പടെ 14 സർവീസുകൾ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. രാവിലെ വിതുര,​ ആര്യനാട്,​ കാട്ടാക്കട,​ തിരുവനന്തപുരം,​ ആറ്റിങ്ങൽ പോകുന്ന ഫാസ്റ്റ് ബസ് വൈകിട്ട് മടങ്ങിവരുന്നതൊഴിച്ചാൽ മറ്റ് ഭാഗങ്ങളിലായാണ് സർവീസ് നടത്തുന്നത്. ബാക്കിയുള്ള ഓർഡിനറി സർവീസുകൾ അരമണിക്കൂർ‌ ഇടവിട്ടാണ് സർവീസ് നടത്തുന്നത്. ഈ ഭാഗങ്ങളിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കും മറ്റും പോകുന്നവർ നന്നേ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്. പാളയം,​ വെള്ളയമ്പലം,​ പേരൂർക്കട എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ തിരക്കും കൂടുതലാണ്.

 ബസുകൾ ആവശ്യത്തിന് ഉണ്ടെങ്കിലും

ആവശ്യത്തിന് ബസുകൾ ഡിപ്പോയിൽ ഉള്ളപ്പോഴാണ് യാത്രക്കാർ ദുരിതം അനുഭവിക്കുന്നത്. ലോക്ക് ഡൗണോടെ നിലച്ച ഗതാഗതം പുതുജീവൻ വച്ച് എത്തുമ്പോഴും കെ.എസ്.ആർ.ടി.സിയുടെ മെല്ലെപ്പോക്ക് സ്വകാര്യ ഗതാഗത മേലയ്ക്ക് വളമായി മാറുകയാണ്. നിലവിൽ പല പ്രദേശങ്ങളിലും കെ.എസ്.ആർ.സിക്കൊപ്പം സ്വാകാര്യ സർവീസുകൾ നിരത്തിൽ എത്തിക്കഴിഞ്ഞു. പല ഡിപ്പോകളിലും നിരവധി കണ്ടക്ടർമാർ ജോലി ഇല്ലാതിരിക്കുമ്പോൾ വിതുരയിൽ ആവശ്യത്തിന് സർവീസ് നടത്താനുള്ള കണ്ടക്ടർമാരില്ലെന്നാണ് അധികൃതർ പറയുന്നത്.

 നടപടി സ്വീകരിക്കണം

അടിയന്തരമായി ജീവനക്കാർക്ക് ജോലി നൽകി യാത്രാക്ലേശം പരിഹരിക്കുന്നതിനായി മുടങ്ങിക്കിടക്കുന്ന സർവീസുകൾ പുനരാരംഭിക്കണം. സമയോചിതമായി നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തേക്കും തിരികെയും സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സിയുടെ വരുമാന വർദ്ധവിന് വേണ്ട നടപടികൾ സ്വീകരിക്കണം.- കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്)​ വിതുര യൂണിറ്റ്

 സമരം നടത്തും

വിതുര - നെടുമങ്ങാട് - തിരുവനന്തപുരം റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കണം.സത്വരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകും.

ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ

വിതുര മേഖലാ കമ്മിറ്റി ഭാരവാഹികൾ