മലയിൻകീഴ്: വിളപ്പിൽ, മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതത്തിലാക്കി പൈപ്പ് ലൈനിലൂടെയുള്ള കുടിവെള്ള വിതരണം മുടങ്ങുന്നത് തുടർക്കഥയാകുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തെ അധികൃതർ സ്ഥിരമായി അവഗണിക്കുകയാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. വിളപ്പിൽ കാവിൻപുറം പ്ലാന്റിന്റെ നൂലിയോട് വാട്ടർ ടാങ്കിൽ നിന്നാണ് വിളപ്പിൽശാല ഭാഗത്ത് കുടിവെള്ളം എത്തിക്കുന്നത്. കാലപ്പഴക്കം ചെന്ന വിതരണ പൈപ്പുകളാണ് ഇവിടയുള്ളത്. വെള്ളം കടന്നുപോകുമ്പോഴുള്ള മർദ്ദം കാരണം പൈപ്പുകൾ പൊട്ടുന്നതാണ് ജലവിതരണം മുടങ്ങുന്നതിനുള്ള പ്രധാന കാരണം. ലിറ്റർ കണക്കിന് കുടിവെള്ളം ഇങ്ങനെ പാഴായിട്ടും യഥാസമയം അറ്റകുറ്റുപ്പണി നടത്തുന്നതിനോ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനോ നടപടിയില്ലെന്നും ആക്ഷേപമുണ്ട്.
പൈപ്പിന്റെ ചോർച്ച മാറ്റുന്നതിന് പകരം ഈ ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം വാട്ടർ അതോറിട്ടി നിറുത്തുന്നതാണ് പതിവെന്നാണ് നാട്ടുകാർ പറയുന്നത്. പലതവണ വാട്ടർ അതോറിറ്റിക്കും വിളപ്പിൽ ഗ്രാമപഞ്ചായത്തിലും പരാതികൾ നൽകിയെങ്കിലും നിരാശമാത്രമായിരുന്നു ഫലം. വിഷയത്തിൽ അലംഭാവം വെടിയണമെന്നും കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
മലയിൻകീഴും വറുതിയിൽ
മലയിൻകീഴ് പഞ്ചായത്തിലും പൈപ്പ് കണക്ഷനെടുത്തവർ വലയുന്ന അവസ്ഥയാണ്. പല സ്ഥലത്തും പൈപ്പ് വെള്ളം ലഭ്യമാകാത്ത സ്ഥിതിയാണ്. ചില സമയങ്ങളിൽ പമ്പിംഗ് നടത്താറുണ്ടെങ്കിലും ഇത് മണിക്കൂറുകൾ മാത്രമായി ചുരുങ്ങുന്ന അവസ്ഥയണ്. വാട്ടർ അതോറിട്ടിയിലെ ചില ജീവനക്കാർക്ക് താത്പര്യമുള്ള സ്ഥലങ്ങളിലെ വാൽവ് മാത്രമേ തുറക്കാറുള്ളൂ എന്നും ആക്ഷേപമുണ്ട്. കാളിപ്പാറ പദ്ധതി പ്രകാരമാണ് മലയിൻകീഴ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളം എത്തിക്കുന്നത്. ഇവിടെയും വില്ലനാകുന്നത് പൈപ്പുപൊട്ടലാണ്.
ഏറെ വലഞ്ഞ്
ശാന്തുമൂല
ആൽത്തറ പാലോട്ടുവിള
കരിപ്പൂര്
തച്ചോട്ടുകാവ്
അന്തിയൂർക്കോണം
മേപ്പൂക്കട
ബ്ലോക്ക്നട
മലയിൻകീഴ് ജംഗ്ഷൻ
വാഗ്ദാനങ്ങൾ പാഴായി
വർഷങ്ങൾ പഴക്കമുള്ള പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കുമെന്ന് വാട്ടർ അതോറിട്ടി നൽകിയിരുന്ന ഉറപ്പ് വെറുംവാക്കായിട്ട് കാലങ്ങൾ കഴിഞ്ഞു. കുടിവെള്ളത്തിനുള്ള കാത്തിരിപ്പ് പതിവ് കാഴ്ചയായി. കുടിവെള്ളമെത്താത്തതിൽ പ്രതിഷേധിച്ച് പലവട്ടം നാട്ടുകാർ റോഡ് ഉപരോധം ഉൾപ്പെടെ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. എന്നിട്ടും നടപടികൾ മാത്രം ഉണ്ടായില്ല. അധികൃതരുടെ നിസംഗതയ്ക്കെതിരെ വീണ്ടും സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് ജനങ്ങൾ.