തിരുവനന്തപുരം: സുമനസുകൾ നീട്ടിയ സഹായഹസ്തം എത്തിക്കാൻ പൊലീസ് തേടി നടന്ന ഭിന്നശേഷിക്കാരിയായ യുവതിയെ കൊച്ചിയിൽ കണ്ടെത്തി. ചക്രവണ്ടിയിലിരുന്ന് റോഡിൽ കൈകൊണ്ട് ഉന്തി നീങ്ങുന്ന യുവതി കലൂർ കത്രിക്കടവ് പാലത്തിനു സമീപം ഓടയുടെ തീരത്ത് ഒറ്റമുറിക്കൂരയിൽ വാടകയ്ക്ക് താമസിക്കുന്നു. പേര് ശാരദ (43). ആന്ധ്ര സ്വദേശിയാണ്. ലോട്ടറി കച്ചവടം ചെയ്താണ് കുടുംബം പോറ്റുന്നത്.
ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസ് പകർത്തി കേരളകൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ദൃശ്യങ്ങളാണ് യുവതിക്കും കുടുംബത്തിനും പുതുജീവിതത്തിന് വഴിതുറക്കുന്നത്. ഇലക്ട്രിക് വീൽ ചെയറും സാമ്പത്തിക സഹായവുമൊക്ക ഒട്ടേറെപ്പേർ വാഗ്ദാനം ചെയ്തിരിക്കയാണ്.
ബാരിക്കേഡ് സ്ഥാപിച്ച കാരണം വഴി മുടങ്ങിയ യുവതിയെ പൊലീസ് ചക്രവണ്ടിയോടെ ഉയർത്തി മറുവശത്ത് എത്തിക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിനു പുറമേ, ഇതിന്റെ വീഡിയോ കേരളകൗമുദി യു ട്യൂബിലും നൽകിയിരുന്നു. പൊലീസ് ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇതു ഷെയർ ചെയ്തു. തുടർന്ന് സഹായ വാഗ്ദാനങ്ങൾ വന്നെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന വാർത്ത കേരളകൗമുദി ഇന്നലെ നൽകിയിരുന്നു. ആരെങ്കിലും കണ്ടെത്തിയാൽ അറിയിക്കാൻ പൊലീസിന്റെ സോഷ്യൽ മീഡിയ ഫോൺ നമ്പരും നൽകി.
സൗണ്ട് എൻജിനിയറായ അഭിഷിക്ത് മാത്യു ജെയിംസാണ് ചാലയം മാർത്തോമാപള്ളിയുടെ സമീപത്തു വച്ച് ആദ്യം ഇവരെ കണ്ടെത്തിയത്. ഉടനെ 'കേരളകൗമുദി' വാർത്തയിൽ സൂചിപ്പിച്ച പൊലീസിന്റെ നമ്പരിൽ അറിയിച്ചു. കൊച്ചി സിറ്റി പൊലീസ് അസി. കമ്മിഷണർ ലാൽജി നേരിട്ടുകണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
കടഭാരം കയറി കേരളത്തിലേക്ക്
വൃക്കരോഗിയായ ഭർത്താവിന്റെ ചികിത്സയ്ക്കായി വാങ്ങിയ നാലു ലക്ഷം രൂപയുടെ കടം വീട്ടാൻ വഴി തേടിയാണ് ആന്ധ്രയിലെ വാറങ്കലിൽ നിന്നു അഞ്ചു വർഷം മുമ്പ് കൊച്ചിയിൽ എത്തിയത്. അഞ്ചും ആറും വയസായ കുട്ടികളെ നോക്കി ഭർത്താവ് വീട്ടിലിരിക്കുമ്പോൾ ചക്രവണ്ടിയിൽ സഞ്ചരിച്ച് ലോട്ടറി കച്ചവടം നടത്തും. ഇടയ്ക്ക് ഹോർട്ടികോർപുമായി ബന്ധപ്പെട്ട കരാറുകാരുടെ കീഴിൽ ദിവസക്കൂലിക്കു പോയെങ്കിലും പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതിനാൽ ഉപേക്ഷിച്ചു.
വാടക, ചികിത്സ, കടം വാങ്ങിയ തുകയുടെ പലിശ എന്നിവയെല്ലാം ചേർത്ത് മാസം പതിനായിരത്തിലേറെ രൂപ വേണം. ഇടയ്ക്ക് ഹൈദരാബാദിൽ ഭർത്താവ് വിജയ്‌യുമായി ചികിത്സയ്ക്കു പോകും. രണ്ടു ലക്ഷത്തിന്റെ കടം തീർത്തു.
അക്കൗണ്ട് വിവരം
ശാരദാ വിജയ്
ആന്ധ്രാബാങ്ക്
നമ്പർ 016310100303056
ഐ.എഫ്.എസ് കോഡ് ANDB0000125