കാൽനടയാത്ര പോലും ക്ലേശകരം
വെള്ളറട: വെള്ളറടയിലെ രണ്ട് പ്രധാന സർക്കാർ ഓഫീസുകളിലേക്ക് പോകുന്ന റോഡ് തകർന്നിട്ട് മാസങ്ങൾ ഏറെ. മഴകൂടി എത്തിയതോടെ വെള്ളം കെട്ടിക്കിടന്ന് ഇതുവഴി സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. വെള്ളറട പോസ്റ്റോഫീസിലേക്കും സബ് ട്രഷറിയിലേക്കും പോകാനുള്ള വഴിയിലാണ് ഈ ദുരവസ്ഥയുള്ളത്. ഇരുചക്ര വാഹനങ്ങളിൽ ഇതുവഴി യാത്ര ചെയ്യുന്നതും ബുദ്ധിമുട്ടാണ്. റോഡ് തകർന്നതിനാൽ മെയിൽ കൊണ്ടുവരുന്ന വാഹനം പ്രധാന റോഡിൽ നിറുത്തിയ ശേഷം ചുമന്നാണ് പോസ്റ്രോഫീസിലേക്ക് എത്തിക്കുന്നത്. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് റോഡ് സഞ്ചാരയോഗ്യമാക്കാൻ ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും പലകാരണങ്ങളാൽ റോഡ് പണി നടന്നില്ല. എത്രയും വേഗം റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.