തിരുവനന്തപുരം: കൊവിഡ് കാലത്ത് ചിരിക്കുമേൽ മാസ്ക് വീണെങ്കിലും ഇപ്പോൾ മാസ്ക് മാറ്റിചിരിക്കുകയാണ് സ്ഥാനാർത്ഥികൾ. മാസ്കും വച്ച് വോട്ടുപിടിക്കാൻ വീടുകളിലെത്തുമ്പോൾ സ്ഥാനാർത്ഥി എങ്ങനെ മുഖം കാണിക്കാതിരിക്കും?... മാസ്ക് മാറ്രിയാൽ ചിരി വെട്ടിത്തിളങ്ങും!. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ സ്റ്റുഡിയോകളും ഫോട്ടോഗ്രാഫർമാരും വീണ്ടും സജീവമായിക്കഴിഞ്ഞു. അവിടെയും ചിരിപിടിത്തം തന്നെ. സ്ഥാനാർത്ഥിയുടെ വിവിധ ആങ്കിളിലുള്ള ചിരികൾ പടപടാ ക്ളിക്ക് ചെയ്യുകയാണ്. ക്ലോസപ്പ് ചിരി, നടന്നുവരുമ്പോഴുള്ള ചിരി, കൈവീശി ചിരി, കൈക്കൂപ്പി ചിരി... അങ്ങനെ എത്രയെത്ര ചിരികൾ. ഇതൊക്കെ കാണുമ്പോൾ വോട്ടർമാർക്കും ചിരിവരും ഒരുമാതിരി ആക്കിയ ചിരി, മാസ്ക് മറച്ചുള്ള ആ ചിരി സ്ഥാനാർത്ഥി കാണില്ലെന്ന് മാത്രം. എന്തായാലും അധികം ചിരി വേണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. തൊട്ടടുത്തുതന്നെ കൊവിഡ് ആശങ്കയായി നിൽപ്പുണ്ട്. പ്രത്യേക പാക്കേജുകളുമായാണ് ഫോട്ടോഗ്രാഫർമാർ സ്ഥാനാർത്ഥികളെ സമീപിക്കുന്നത്. ആയിരം രൂപയിൽ പാക്കേജ് തുടങ്ങും. ഫോട്ടോ മാത്രം, ഫോട്ടോയും വീഡിയോയും ചേർത്ത്. ഫോട്ടോയും വീഡിയോയും പോസ്റ്ററും ചേർത്ത്... അങ്ങനെ പോകുന്ന പാക്കേജുകൾ. സ്ഥാനാർത്ഥി ചിരിച്ചു നിൽക്കുന്നതിനായി ഫ്ലക്സിനു പകരം ഇപ്പോൾ ക്ലോത്ത് പ്രിന്റിംഗ് കട്ടൗട്ടാണ് ഉപയോഗിക്കുന്നത്. കവലകളിലെല്ലാം സ്ഥാനാർത്ഥികളുടെ കട്ടൗട്ടുകൾ ചിരിതൂകി നിൽക്കുന്നു. ചില ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിൽ ഒരു പാർട്ടിക്കുവേണ്ടി ഒന്നിലേറെ സ്ഥാനാർത്ഥികളുടെ ചിരിപ്പടങ്ങളാണ് നിരന്നിരിക്കുന്നത്. ഗ്രൂപ്പ് മത്സരമാണ് ഇത്തരം മത്സരച്ചിരിക്ക് പിന്നിൽ. സ്ഥിരം സ്ഥാനാർത്ഥിയാകുന്നവർ വേണമെന്ന് അവരും പുതുനിര വേണമെന്ന് ആ പാർട്ടിയിലെ ചെറുപ്പക്കാരും വാദിച്ചപ്പോഴാണ് ഒരു പഞ്ചായത്തിൽ ഒന്നിൽ കൂടുതൽ വാർഡുകളിൽ ചിരിപ്പടങ്ങളുടെ എണ്ണം കൂടിയത്. ഇതൊക്കെ കാണുമ്പോൾ പാർട്ടിയിലെ നേതാക്കന്മാർക്ക് ചിരിയല്ല, കലിയാണെന്ന് മാത്രം.