തിരുവനന്തപുരം:മത്സ്യത്തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ഇൻഷ്വറൻസ് തുക പ്രീമിയം അടച്ചിട്ടും ലഭിക്കുന്നില്ലെന്ന് പരാതി. കടൽക്ഷോഭത്തിൽപ്പെട്ട് വള്ളങ്ങൾ തകരുന്നത് ഉൾപ്പെടെയുള്ള വലുതും ചെറുതുമായ നഷ്ടങ്ങൾ അനുഭവിച്ചവരിൽ പലർക്കും ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കടം വാങ്ങിയും പ്രീമിയം മുടങ്ങാതെ അടച്ചവർക്കുമാണ് നഷ്ടപരിഹാരം ലഭിക്കാത്തത്. ഇൻഷ്വറൻസുമായി ബന്ധപ്പെട്ട പരാതികളുമായി മത്സ്യഭവനെ ബന്ധപ്പെട്ടപ്പോൾ മറ്റ് ഓഫീസുകളെ സമീപിക്കാൻ അധികൃതർ നിർദ്ദേശിച്ചതായി മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. ബോട്ടുകൾക്കും വള്ളങ്ങൾക്കും ഇൻഷ്വറൻസ് ഏർപ്പെടുത്തുന്ന പുതിയ പദ്ധതി ഫിഷറീസ് വകുപ്പ് കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. 10 ശതമാനം തുക ഗുണഭോക്താവും 90 ശതമാനം തുക സർക്കാരും അടയ്ക്കുന്നതാണ് പദ്ധതി. വള്ളങ്ങളുടെ വലിപ്പത്തിനനുസരിച്ചാണ് ഇൻഷ്വറൻസ് പ്രീമിയം നിശ്ചയിക്കുന്നത്. ആനുകൂല്യം ലഭിക്കാതായതോടെ പദ്ധതിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇൻഷ്വറൻസ് അടയ്ക്കാത്തവരുടെ എണ്ണം കൂടുന്നു
യാനങ്ങളുടെ ഇൻഷ്വറൻസ് എടുക്കാൻ മടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണവും വർദ്ധിക്കുകയാണ്. കൊവിഡും കടൽക്ഷോഭവും വരുത്തിയ നഷ്ടത്തിനിടയിൽ പലരും പ്രീമിയം തുക അടയ്ക്കാതെ മാറിനിൽക്കുകയാണ്. ഇൻഷ്വറൻസ് എടുക്കാത്തവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കില്ല. എല്ലാവരും ഇൻഷ്വറൻസ് നിർബന്ധമായും എടുക്കണമെന്ന് ഫിഷറീസ് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നു.എന്നാൽ നിത്യചെലവിനുള്ള തുക പോലും കടലിൽ നിന്ന് കിട്ടാത്ത സാഹചര്യത്തിൽ പ്രീമിയം അടയ്ക്കാൻ വഴിയില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
'പല മത്സ്യത്തൊഴിലാളികളും അപകടം സംഭവിച്ചാൽ വള്ളത്തിന്റെ അറ്രകുറ്റപ്പണി പൂർത്തിയാക്കിയതിന് ശേഷമാണ് നഷ്ടപരിഹാരത്തിനായി വകുപ്പിനെ സമീപിക്കുന്നത്. ഇക്കാരണത്താലാണ് പലർക്കും ആനുകൂല്യം ലഭിക്കാത്തത്. ബാക്കി ഗുണഭോക്താക്കളുടെ അപേക്ഷകൾ പരിഗണിച്ചിട്ടുണ്ട്. ജില്ലയിൽ പതിനായിരത്തോളം വള്ളങ്ങളുണ്ടെങ്കിലും 500 മത്സ്യത്തൊഴിലാളികൾ മാത്രമേ ഫിഷറീസ് വകുപ്പിന്റെ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായിട്ടുള്ളൂ".
- ബീന സുകുമാർ,
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ