തിരുവനന്തപുരം: വിദേശത്ത് നിന്ന് കിഫ്ബി വായ്പ വാങ്ങുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ചാണ് തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാർത്തികേയൻ റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഇന്ത്യൻ ഭരണഘടന പ്രകാരം കേന്ദ്രസർക്കാരിനേ വിദേശ വായ്പ വാങ്ങാനാവൂ. സംസ്ഥാന സർക്കാരിനാവില്ല. സംസ്ഥാന സർക്കാരിന് കീഴിലുള്ള കോർപറേറ്റ് സ്ഥാപനങ്ങൾക്ക് വാങ്ങാം. കിഫ്ബി കമ്പനിയല്ല. സർക്കാരിന് കീഴിലുള്ള സ്റ്റാറ്റൂട്ടറി സ്ഥാപനമാണ്. കഴിഞ്ഞ വർഷം മാർച്ച് 29നാണ് കിഫ്ബി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് 2150 കോടി രൂപ മസാല ബോണ്ട് വഴി വായ്പയെടുത്തത്. കഴിഞ്ഞ വർഷം മേയ് 17ന് ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. ഇത് രണ്ടും റദ്ദാക്കണമെന്നും, മസാല ബോണ്ടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.കൺസോളിഡേറ്റഡ് ഫണ്ടാണ് കിഫ്ബിക്ക് ഗ്യാരന്റി നൽകുന്നത് എന്നുറപ്പുവരുത്താനാണ് ആദ്യം ഹർജി പിൻവലിച്ചത്. രണ്ടാമത്തെ തവണ ആവശ്യപ്പെട്ട കാര്യം ചീഫ് ജസ്റ്റിസ് ചില സംശയങ്ങൾ ഉന്നയിച്ചതുകൊണ്ട് ഒഴിവാക്കുകയായിരുന്നു. സി.എ.ജി തന്റെ വാദങ്ങൾ അംഗീകരിച്ചതായാണ് ധനമന്ത്രിയുടെ വാർത്താസമ്മേളനത്തിലൂടെ മനസ്സിലായതെന്നും രഞ്ജിത് കാർത്തികേയൻ പറഞ്ഞു.