തിരുവനന്തപുരം: ആരോഗ്യ കാരണങ്ങളാലാണെങ്കിലും, മകനെതിരായ കേസ് സൃഷ്ടിച്ച വിവാദങ്ങളുടെ മൂർദ്ധന്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് കോടിയേരി മാറിനിൽക്കാൻ തീരുമാനിച്ചതിലൂടെ, വലിയൊരു പിരിമുറുക്കം അയഞ്ഞ ആശ്വാസത്തിലാണ് സി.പി.എം.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിൽ ഈയൊരു മാറ്റം പാർട്ടി കേഡർ സംവിധാനത്തിന് ധാർമ്മികബലം നൽകുമെന്ന് സി.പി.എം നേതൃത്വം കാണുന്നു. തെറ്റുതിരുത്തൽ നയരേഖ അംഗീകരിച്ചിട്ടുള്ള പാർട്ടിക്ക്, താഴെത്തട്ടിൽ നിന്നടക്കം ഉയരുന്ന അസുഖകരമായ ചോദ്യങ്ങൾ അലോസരം സൃഷ്ടിച്ചിരുന്നു. പാർട്ടി സെക്രട്ടറിയുടെ മകനെതിരായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടി വരുന്നതിലെ ആശയക്കുഴപ്പം നീങ്ങിക്കിട്ടുന്നതോടെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആത്മവീര്യം തിരിച്ചുപിടിക്കാം.
കോടിയേരിയുടെ പിന്മാറ്റം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുന്നത് ഇ.ഡിക്കും മറ്റുമെതിരെ ഇടതുമുന്നണിയും സി.പി.എമ്മും നടത്തുന്ന വിമർശനങ്ങളെ ദുർബലപ്പെടുത്തുമെന്ന് സി.പി.എം കരുതുന്നു. പ്രത്യേകിച്ച്, കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെതിരെ നാളെ പ്രത്യക്ഷസമരത്തിന് ഇടതുമുന്നണി തീരുമാനിച്ചിരിക്കുമ്പോൾ. പാർട്ടി സെക്രട്ടറിയുടെ മകൻ ആരോപണനിഴലിൽ നിൽക്കുമ്പോൾ, അന്വേഷണ ഏജൻസികൾക്കെതിരായ സമരത്തിന് സെക്രട്ടറി തന്നെ നേതൃത്വം നൽകുന്നത് രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകലാണ്. ബിനീഷിനെതിരായ കേസ് വ്യക്തിപരമായ വിഷയമാണെന്ന് പറഞ്ഞ് കോടിയേരിയും പാർട്ടിയുമടക്കം തള്ളിക്കളഞ്ഞതാണെങ്കിലും ധാർമ്മികത ഉയർത്തിക്കാട്ടിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയേ മതിയാവൂ. തിരഞ്ഞെടുപ്പ് വേളയിൽ അനാവശ്യ വിവാദങ്ങൾക്ക് തടയിടാമെന്നതും സി.പി.എമ്മിന് ആശ്വാസമേകുന്നു.
ബിനീഷ് കോടിയേരിക്കെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. മയക്കുമരുന്ന് വ്യാപാരത്തിലേർപ്പെട്ടതിന് പ്രത്യക്ഷത്തിലുള്ള തെളിവുകൾ അന്വേഷണ ഏജൻസികൾ പുറത്തു വിട്ടിട്ടുമില്ല. എന്നാൽ, രാഷ്ട്രീയ പുകമറ ഇതിന്റെ മറവിൽ ആവോളം നടക്കുന്നു. സി.പി.എം സെക്രട്ടറിയുടെ മകനെന്നതു കൊണ്ടു മാത്രം നാർകോട്ടിക് ബ്യൂറോയും കേസിൽ കുരുക്കാതിരിക്കില്ലെന്ന ആശങ്ക കോടിയേരി അടുപ്പമുള്ളവരോട് പങ്കുവച്ചതായാണ് വിവരം. ഇതദ്ദേഹത്തിലുണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. വ്യക്തിഗത പ്രശ്നമെന്ന് പറഞ്ഞ് പാർട്ടി നിലപാട് ഉയർത്തിപ്പിടിച്ച തനിക്ക്, പ്രതീക്ഷിച്ച ധാർമ്മിക പിന്തുണ പാർട്ടിയിൽ നിന്ന് കിട്ടിയില്ലെന്ന വേദനയും അലട്ടുന്നുണ്ടാവാം.
സർക്കാരിനെതിരായ അന്വേഷണ ഏജൻസികളുടെ നീക്കത്തിലുള്ള പ്രതിഷേധം വർദ്ധിതവീര്യത്തോടെ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് സി.പി.എം നേതൃത്വം. വരും ദിവസങ്ങളിൽ ബി.ജെ.പിക്കും കേന്ദ്ര ഏജൻസികൾക്കും യു.ഡി.എഫിനുമെതിരെ വലിയ പ്രത്യാക്രമണത്തിന് പാർട്ടി തയാറെടുക്കുന്നു. അതിന്റെ ആദ്യപടിയാണ് നാളത്തെ സമരം.