തിരുവനന്തപുരം: കേന്ദ്രഏജൻസികളെ ഉപയോഗിച്ച് കേരളത്തിന്റെ അഭിമാന വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നാളെ നടക്കുന്ന ജനകീയ പ്രതിരോധം വൻവിജയമാക്കണമെന്ന് എൽ.ഡി.എഫ് കൺവീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ആരോപണങ്ങൾ സത്യവിരുദ്ധമാണെന്ന് വ്യക്തമായിട്ടും കോൺഗ്രസും ബി.ജെ.പിയും ഒത്തുചേർന്ന് നിരന്തരം പ്രചാരണം അഴിച്ചുവിടുകയാണ്. ഇ.ഡി അടക്കമുള്ള ഏജൻസികൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇതിന് കൂട്ടുനിൽക്കുന്നു. ഇതിനെതിരെ നടക്കുന്ന പ്രതിരോധത്തിൽ 25 ലക്ഷം പേർ അണിനിരക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ കാനം രാജേന്ദ്രൻ, മാത്യു ടി. തോമസ്, ജോസ്.കെ.മാണി, എം.വി.ശ്രേയാംസ് കുമാർ, ടി.പി.പീതാംബരൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, ഡോ.കെ.സി.ജോസഫ്, കെ.ബി.ഗണേശ്കുമാർ, കാസിം ഇരിക്കൂർ, സ്‌കറിയ തോമസ് തുടങ്ങിയവർ ജനകീയ പ്രതിരോധത്തിൽ പങ്കെടുക്കും.