police

തിരുവനന്തപുരം: കുട്ടികൾക്ക് ഏത് സമയത്തും നിർഭയരായി പരാതി നൽകാനുള്ള അന്തരീക്ഷമൊരുക്കി എല്ലാ പൊലീസ് സ്റ്റേഷനുകളും ശിശു സൗഹൃദമാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. 15 പൊലീസ് സ്റ്റേഷനുകളിൽ ശിശുസൗഹൃദ കേന്ദ്രങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ആവശ്യങ്ങൾക്കായി സ്​റ്റേഷനുകളിൽ എത്തുന്നവരുടെ മക്കൾക്ക് സന്തോഷകരമായി സമയം ചെലവഴിക്കാൻ ലക്ഷ്യമിട്ടാണ് 2006 ൽ ശിശുസൗഹൃദ പൊലീസ് സ്​റ്റേഷൻ ആരംഭിച്ചത്. നിലവിൽ 85 സ്​റ്റേഷനുകളിൽ ശിശുസൗഹൃദ കേന്ദ്രങ്ങളുണ്ട്. മൂന്ന് മാസത്തിനകം 12 സ്​റ്റേഷനുകളിൽ കൂടി നടപ്പാക്കും.

മികച്ച പൊലീസ് സ്​റ്റേഷനുളള കേന്ദ്ര ആഭ്യന്തരമന്ത്റാലയത്തിന്റെ 2019ലെ അവാർഡ് തൃശൂർ ഒല്ലൂർ സ്​റ്റേഷൻ എസ്.എച്ച്.ഒ ഏ​റ്റുവാങ്ങി. സംസ്ഥാനത്തെ മികച്ച പൊലീസ് സ്​റ്റേഷനുളള മുഖ്യമന്ത്റിയുടെ 2019ലെ ട്രോഫി പത്തനംതിട്ട, മണ്ണുത്തി സ്​റ്റേഷൻ ഹൗസ് ഓഫീസർമാർ ചേർന്ന് ഏ​റ്റുവാങ്ങി. കോട്ടയത്തെ പാമ്പാടി സ്​റ്റേഷൻ രണ്ടാം സ്ഥാനവും തിരുവനന്തപുരം തമ്പാനൂർ സ്​റ്റേഷൻ മൂന്നാം സ്ഥാനവും നേടി.

പത്ത്, പന്ത്റണ്ട് ക്ലാസുകളിൽ പരാജയപ്പെടുന്ന കുട്ടികളെ വീണ്ടും പരീക്ഷയ്ക്ക് സജ്ജരാക്കാൻ പൊലീസ് നടപ്പിലാക്കുന്ന ഹോപ്പ് പദ്ധതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഡി.ജി.പി നിർവഹിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ട 522 കുട്ടികൾക്കാണ് കഴിഞ്ഞവർഷം പരിശീലനം നൽകിയത്. അവരിൽ 465 പേർ എല്ലാ വിജയിച്ചു. ആവശ്യക്കാരായ കുട്ടികളെ കണ്ടെത്തി അവർക്ക് പഠനോപകരണങ്ങളും വസ്ത്രവും നൽകുന്ന പുത്തനുടുപ്പും പുസ്തകവുമെന്ന പദ്ധതിയും ഡി.ജി.പി ഉദ്ഘാടനം ചെയ്തു. സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റ് വോളന്റിയർ കോർ എന്ന സന്നദ്ധ സംഘടന മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.