
കോവളം: വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്തിനടുത്തുള്ള ഗംഗയാർ തോട് നവീകരണത്തിലേക്ക്. ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് ഗംഗയാർ തോട് വൃത്തിയാക്കുന്നത്. തോട്ടിൽ അടിഞ്ഞ മാലിന്യവും ചെളിയും നീക്കി നീരൊഴുക്ക് സുഗമമാക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡും (വിസിൽ) അദാനി തുറമുഖ കമ്പനിയും സംയുക്തമായാണ് പദ്ധതിക്കുളള 89ലക്ഷം രൂപ ചെലവഴിക്കുന്നത്.
തോടിന് ഇരുകരകളിലും ഇരിപ്പിടങ്ങളും അനുബന്ധമായി പൂന്തോട്ടവുമൊരുക്കും. ഗംഗയാർ തോടിൽ നിന്ന് വെള്ളം എപ്പോഴും തടസമില്ലാതെ കടലിലേക്ക് ഒഴുകിപോകുന്നതിനായി കോട്ടപ്പുറം കടൽത്തീരത്ത് കരിങ്കലിലുള്ള കോർവാളും നിർമ്മിക്കുമെന്ന് ചെറുകിട ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.
മണൽ അടിയുന്നത് ഒഴിവാക്കാനും കടലും തോടും എപ്പോഴും ഒരുപോലെ ചേർന്ന് നിൽക്കുന്ന തരത്തിലുമുള്ള കടൽഭിത്തിയാണ് വിഴിഞ്ഞം കടൽത്തീരത്ത് നിർമ്മിക്കുക. വെള്ളപ്പൊക്കത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ നൽകിയ പരാതിയെ തുടർന്ന് ഫിഷറീസ് വകുപ്പ് അധികൃതരാണ് തോട് നവീകരിക്കുന്നതിനും വെള്ളമൊഴുകി പോകാനുളള സ്ഥിരം സംവിധാനം സജ്ജമാക്കാനും ചെറുകിട ജലസേചന വകുപ്പ് അധികൃതരെ സമീപിച്ചത്. ഇവർ നൽകിയ പ്രോജക്ട് റിപ്പോർട്ട് വിസിൽ അധികൃതർക്ക് കൈമാറിയിരുന്നു. തുടർന്നാണ് സർക്കാർ ഇടപെട്ട് തോട് നവീകരിക്കാൻ തീരുമാനിച്ചത്.
തോടിന്റെ ആഴം കുറഞ്ഞു
മാലിന്യവും ചെളിയും അടിഞ്ഞതിനെ തുടർന്ന് ഗംഗയാർ തോടിന്റെ ആഴംകുറഞ്ഞിട്ടുണ്ട്. ഇക്കാരണത്താൽ മഴക്കാലത്ത് തോട് കരകവിഞ്ഞൊഴുകി ഇരുകരകളിലുമുള്ള വീടുകളിൽ വെള്ളം കയറും. മീൻപിടിത്ത ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡുകളിലും വെള്ളം കയറി ഉപകരണങ്ങൾ നശിക്കാറുണ്ട്. വീതിയേറിയ തോട് അവസാനിക്കുന്നത് വിഴിഞ്ഞം കടലിലാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി കുഴിച്ചെടുക്കുന്ന മണ്ണ് തീരത്ത് അടിയുന്നതിനാൽ കടലിലേക്കുള്ള തോടിന്റെ ഒഴുക്ക് പലപ്പോഴും തടസപ്പെടുന്നതും പ്രധാന പ്രശ്നമാണ്. ഇതിനാണ് പരിഹാരമൊരുങ്ങുന്നത്.
കാലങ്ങളായുള്ള ആവശ്യം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കഴിഞ്ഞ മാസം മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചിരുന്ന 15 ആവശ്യങ്ങളിൽ ഒന്നാണ് ഗംഗയാർ തോടിന്റെ നവീകരണം. തുറമുഖ സെക്രട്ടറി വിഴിഞ്ഞം ഇടവകാംഗങ്ങളുമായി നടത്തിയ ചർച്ചയിൽ തോട് ശുചീകരിച്ച് കടലിലേക്ക് ഒഴുക്കി വിടുന്നതിനുളള സംവിധാനമൊരുക്കുമെന്ന് അറിയിച്ചിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് തുറമുഖ വകുപ്പ് മന്ത്രിയും വിസിൽ, അദാനി തുറമുഖ കമ്പനി പ്രതിനിധികൾ അടക്കമുള്ളവർ നടത്തിയ തോടിന്റെ നവീകരണത്തിന് തീരുമാനമായത്.
പദ്ധതിയുടെ ചെലവ്:89ലക്ഷം
ചുമതല:ചെറുകിട ജലസേചന വകുപ്പിന്
ഇരുകരകളിലും ഇരിപ്പിടം
പൂന്തോട്ടവും സജ്ജമാക്കും
കടൽത്തീരത്ത് കരിങ്കൽ ഭിത്തി