തിരുവനന്തപുരം:ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ മുന്നിട്ടിറങ്ങി യു.ഡി.എഫ്. 2010-ൽ ജില്ല പഞ്ചായത്ത് ഭരണം സ്വന്തമാക്കിയ യു.ഡി.എഫിന് കഴിഞ്ഞ തവണ ലഭിച്ചത് വെറും 6 സീറ്റാണ്.കരുത്തരായ സ്ഥാനാർത്ഥികളില്ലാത്തതിനാലാണ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് അന്ന് ആക്ഷേപം ഉയർന്നിരുന്നു. 2015 ലെ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളും അന്ന് ജില്ലാ യു.ഡി.എഫിൽ ചർച്ചയും പ്രതിഷേധവുമുണ്ടാക്കിയിരുന്നു.എന്നാൽ ഇത്തവണ ഭരണം തിരിച്ചു പിടിക്കാനുള്ള സകല അടവുകളുമൊരുക്കി ശക്തരായ സ്ഥാനാർത്ഥികളെയാണ് യു.ഡി.എഫ് നേതൃത്വം അവതരിപ്പിക്കുന്നത്. ഇനി ആറു സീറ്റുകളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ലെങ്കിലും പ്രഖ്യാപിച്ച 20 സ്ഥാനാർത്ഥികളും പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. 24 സീറ്റ് കോൺഗ്രസിനും ഓരോന്നുവീതം ഘടകക്ഷികളായ ആർ.എസ്.പിക്കും മുസ്ലീം ലീഗിനുമാണ്. യുവത്വത്തിന് കാര്യമായ പരിഗണന ഇത്തവണ യു.ഡി.എഫ് നൽകിയില്ലെന്ന് അക്ഷേപവുമുണ്ട്.
യു.ഡി.എഫിന് മുമ്പേ പ്രചാരണ രംഗത്ത് ആദ്യം ഇറങ്ങിയ ഇടത് മുന്നണി ആദ്യഘട്ട പ്രചാരണങ്ങൾ പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് കടന്നു.19 സീറ്റ് സി.പി.എമ്മിനും 4 എണ്ണം സി.പി.ഐയുക്കുമാണ്. ജനതാദൾ (എസ് ),ജെ.ഡി.എസ്,കേരളകോൺഗ്രസ് എന്നിവർക്ക് ഓരോ സീറ്റ് വീതമുണ്ട്. 9 വനിതകളെയാണ് സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്. പുതുമുഖങ്ങളെയും പ്രാദേശിക തലത്തിലുള്ള നേതാക്കളെയുമാണ് എൽ.ഡി.എഫ് കൂടുതലും കളത്തിലിറക്കിയത്. കഴിഞ്ഞ അഞ്ചുവർഷക്കാലം ജില്ലാ പഞ്ചായത്തിൽ നടപ്പാക്കിയ വികസനം ചൂണ്ടിക്കാട്ടിയാണ് ഇടതിന്റെ പ്രചാരണം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യമായി ഒരു സീറ്റ് ലഭിച്ച ബി.ജെ.പി, ഇക്കുറി കൂടുതൽ സീറ്റുകൾ പിടിക്കാനാണ് പദ്ധതികൾ മെനയുന്നത്. സിറ്റിംഗ് സീറ്റായ വെങ്ങാനൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പ്രസിഡന്റുമായ എസ്.സുരേഷിനെ കളത്തിലിറക്കി പ്രചാരണം ശക്തമാക്കുകയാണ്. മറ്റു ജില്ലാ ഡിവിഷനിലും കഴിഞ്ഞതവണ ബി.ജെ.പി മുന്നേറ്റം കാഴ്ചവച്ചിരുന്നു. ഇത്തവണ 5 ഡിവിഷനെങ്കിലും പിടിക്കുമെന്ന വാശിയിലാണ് ബി.ജെ.പി. നിലവിൽ വെങ്ങാനൂർ പഞ്ചായത്തും സമീപത്തുള്ള പള്ളിച്ചൽ പഞ്ചായത്തും ബി.ജെ.പിയാണ് ഭരിക്കുന്നത്. ബി.ജെ.പിക്ക് അനുകൂലമായ രണ്ട് പഞ്ചായത്തും വെങ്ങാനൂർ ജില്ല ഡിവിഷനിലായതുകൊണ്ട് അവിടെയും തുടർ ജയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.