maranaloor

മലയിൻകീഴ് : സുഹൃത്തുക്കളായ യുവാക്കളെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

മാറനല്ലൂർ പോങ്ങുംമൂട് അജിൻ നിവാസിൽ ശ്രീകുമാറിന്റെ മകൻ അജിൽ എസ്.കുമാർ (20), മാറനല്ലൂർ അരുവിയോട് ചാനൽക്കര വിളയിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൻ അഭിനേഷ് (29,ശ്രീക്കുട്ടൻ) എന്നിവരാണ് മരിച്ചത്.

യുവാക്കളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത മാറനല്ലൂർ പൊലീസ് വിശദാന്വേഷണം നടത്തുകയാണ്.

അജിലിനെ ഇന്നലെ രാവിലെ 11.30 മണിയോടെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. അവസാനവർഷ ബിരുദ വിദ്യാർത്ഥിയാണ്. സംഭവം അറിഞ്ഞെത്തിയ സുഹൃത്ത് അഭിനേഷ് കുറച്ചു സമയത്തിനകം അവിടെനിന്നു പോയി. ആൾ താമസമില്ലാത്ത വീട്ടിൽ ഉച്ചയ്ക്കു ശേഷം തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. അജിലിന്റെ വീടിന് സമീപം അഭിനേഷിന് മൊബൈൽ ഷോപ്പുണ്ട്.

അജിൽ രാവിലെ തങ്ങൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷം മൂത്ത സഹോദരനോടൊപ്പം കളിതമാശകൾ പറ‌ഞ്ഞിരിക്കുന്നത് കണ്ടാണ് മാതാപിതാക്കൾ പുറത്തേക്ക് പോയത്. ഇവർക്കു പിന്നാലെ സഹോദരനും പുറത്തുപോയി.11 മണിയോടെ തിരിച്ചെത്തി അനുജനെ വിളിച്ചിട്ട് വാതിൽ തുറക്കാത്തതിനെ തുടർന്ന് ബന്ധുക്കളെ അറിയിച്ചു. അവർ വാതിൽ പൊളിച്ച് കയറിയപ്പോൾ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്.

മാറനല്ലൂർ പൊലീസ് ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അജിലിന്റെ മാതാവ്: ശ്രീലേഖ. സഹോദരൻ: അജിൻ എസ്.കുമാർ. അഭിനേഷിന്റെ മാതാവ്: മഹേശ്വരി. സഹോദരൻ: അഭിലാഷ്.