dd

കാസർകോട്: കർണാടക സ്വദേശിയായ അംഗപരിമിതനെ ക്രൂരമായി കൊലപ്പെടുത്തി റോഡരികിൽ ഉപേക്ഷിച്ച കേസിൽ ഭാര്യയും കാമുകനും കസ്റ്റഡിയിൽ. കർണാടക രാമപൂർ സ്വദേശിയും തലപ്പാടി ദേവിപുരയിൽ താമസക്കാരനുമായ ഹനുമന്തയെ(35) കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഭാഗ്യയും കാമുകനും രാമപുരിലെ ജെ.സി.ബി. ഡ്രൈവറുമായ 23 കാരനുമാണ് കസ്റ്റഡിയിലായത്. മഞ്ചേശ്വരം ഇൻസ്‌പെക്ടർ എം. പി. ഷൈനും സംഘവും ഇവരെ ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ടു ചില തുമ്പുകൾ കൂടി കണ്ടെത്താനുണ്ടെന്നും അതിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും ഇൻസ്‌പെക്ടർ ഷൈൻ പറഞ്ഞു.

വീട്ടിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ ആറ് കിലോമീറ്ററോളം ബൈക്കിൽ കെട്ടിവലിച്ചുകൊണ്ടുവന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. സി ഐയുടെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിൽ കാമുകനെ ശനിയാഴ്ച പുലർച്ചെ ബംഗളൂരുവിൽ വച്ചാണ് പിടികൂടിയത്. തലപ്പാടി ദേവിപുരയിലെ വീട്ടിൽ വെച്ചാണ് ഹനുമന്തയെ കൊലപ്പെടുത്തിയത്. ഈ മാസം അഞ്ചിന് പുലർച്ചെ രണ്ടു മണിയോടെ മംഗളൂരുവിലെ ഹോട്ടൽ അടച്ച് ഹനുമന്ത വീട്ടിൽ എത്തിയപ്പോൾ ഭാര്യക്കൊപ്പം കാമുകനെ കണ്ടതിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. തർക്കത്തിനിടയിൽ രണ്ടുപേരും ചേർന്ന് ഹനുമന്തയെ മർദ്ദിച്ചു. കട്ടിലിലേക്ക് വീണ ഹനുമന്തയെ കാമുകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

ഹനുമന്തപ്പയുടെ മൃതദേഹം ബൈക്കിന്റെ പിറകിൽ വച്ച് ശരീരത്തോട് കെട്ടിവച്ച് മഞ്ചേശ്വരം കുഞ്ചത്തൂർ പദവിൽ എത്തിക്കുകയായിരുന്നു. ഓട്ടത്തിനിടയിൽ കെട്ടിയ കയർ അയഞ്ഞുതുടങ്ങിയത് ശ്രദ്ധയിൽപെട്ടതോടെയാണ് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.മറ്റൊരു സ്കൂട്ടറിൽ ഈ സമയത്ത് ഹനുമന്തപ്പയുടെ ഭാര്യയും സ്ഥലത്ത് എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഈ സ്കൂട്ടർ മറിച്ചിട്ട് മരണം അപകടം മൂലമെന്ന് വരുത്തിയ ശേഷമാണ് രണ്ടുപേരും സ്ഥലം വിട്ടത്.

കൊല നടന്നത് ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ മഞ്ചേശ്വരം പൊലീസ് കേസ് ഫയലുകൾ അവർക്ക് കൈമാറും. പ്രതികളെ ഇന്ന് ഉച്ചയോടെ കാസർകോട് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.