കൊല്ലം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതിയെ 24 വർഷത്തിന് ശേഷം കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. 1996ൽ മയ്യനാട് മുക്കം സ്വദേശി നൗഷാദിനെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മയ്യനാട് മുക്കം സ്വദേശി കോഴി ഷാജി എന്ന് വിളിക്കുന്ന ഷാജിയാണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം ഒളിവിൽപ്പോയ ഷാജിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാനായി രൂപീകരിച്ച പ്രത്യേക സംഘം എസ്.ഐ സുജിത് ജി. നായരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഷാജിയെ കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.