prathickal-kollam

ഇരവിപുരം: ബൈക്കിലെത്തി വഴിയാത്രക്കാരിയായ വീട്ടമ്മയെ ആക്രമിച്ച് പഴ്സ് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചകിരിക്കട ഷംലാ മൻസിലിൽ സെയ്ദലി (18), വാളത്തുംഗൽ പെരുമന തൊടിയിൽ അഷ്കർ (18) എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ തട്ടാമല സ്കൂളിന് സമീപത്ത് നിന്ന് വാളത്തുംഗലേക്കുള്ള റോഡിലായായിരുന്നു സംഭവം. തട്ടാമല പുള്ളിയിൽ വീട്ടിൽ വസന്തയുടെ പഴ്സാണ് ബൈക്കിലെത്തിയ യുവാക്കൾ തട്ടിപ്പറിക്കാൻ ശ്രമിച്ചത്. വീട്ടമ്മ ബഹളം വച്ചതിനെ തുടർന്ന് പഴ്സ് ഉപക്ഷിച്ച് യുവാക്കൾ ബൈക്കിൽ കടന്നു. ആക്രമണത്തിനിടെ നിലത്തുവീണ് വസന്തയ്ക്ക് പരിക്കേറ്റിരുന്നു.

ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അഞ്ചോളം എസ്.ഐമാർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പ്രതികൾക്കായി തെരച്ചിൽ നടത്തിയത്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലാണ് പ്രതികളെത്തിയതെന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് മനസിലായി. തുടർന്ന് ബൈക്കിന്റെ നിറവും മറ്റ് ലക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ പഴയ ബൈക്കുകൾ വിൽക്കുന്നയിടങ്ങളിലും വാടകയ്ക്ക് നൽകുന്ന സ്ഥലങ്ങളിലും അന്വേഷണം നടത്തിയാണ് ഇവരെ കണ്ടെത്തിയത്. യുവാക്കൾ സഞ്ചരിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു.

ഇരവിപുരം എസ്.ഐമാരായ എ.പി അനീഷ്, ബിനോദ് കുമാർ, ദീപു, നിത്യാസത്യൻ, അഭിജിത്ത്, എ.എസ്.ഐമാരായ ജയപ്രകാശ്, ദിനേശ്, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.