ഇരവിപുരം: മയക്കുമരുന്ന് ഉപയോഗവും മദ്യപാനവും പൊലീസിനെ അറിയിച്ച വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വാളത്തുംഗൽ ലിയോ നഗർ കൊടിയത്ത് പടിഞ്ഞാറ്റതിൽ പ്രശാന്താണ് (27) അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ വാളത്തുംഗൽ പുത്തൻചന്ത പൂച്ച വയൽഭാഗത്ത് വച്ച് വാളത്തുംഗൽ ചേതനാ നഗർ 34 ഗിരിജാനിവാസിൽ അനുരാഗിനെയാണ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. ആളൊഴിഞ്ഞ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്ന സംഘം അതുവഴി വരികയായിരുന്ന അനുരാഗിനെ തടഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രദേശത്താകെ തെരച്ചിൽ നടത്തി പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയാണ് പ്രശാന്തിനെ പിടികൂടിയത്. മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അനുരാഗ് പാലത്തറയിലെ സഹകരണ ആശുപത്രിയിലെ തീപ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.