eravipuram-prathickal

ഇരവിപുരം: നോക്കുകൂലി ആവശ്യപ്പെട്ട് സംസ്ഥാന ജലപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയ കേസിൽ രണ്ട് ലോഡിംഗ്‌ തൊഴിലാളികളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വാളത്തുംഗൽ ആക്കോലിൽ സുനാമി ഫ്ലാറ്റിൽ രാജൻ (46), തെക്കേവിള മേഘാ നഗർ 103 വെളിയിൽ വീട്ടിൽ ബിജിൽ (45) എന്നിവരാണ് അറസ്റ്റിലായത്. പത്തോളം പേർ പ്രതികളായ കേസിൽ ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ മാർച്ച് 12ന് രാവിലെ ഒമ്പത് മണിയോടെ മുണ്ടയ്ക്കൽ കച്ചിക്കടവിന് സമീപത്തായിരുന്നു സംഭവം. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ മേൽനോട്ടത്തിൽ കൊല്ലം തോട്ടിൽ ജലപാതയുടെ നിർമ്മാണം നടന്നുവരവെ ലോഡിംഗ് തൊഴിലാളികൾ സംഘടിച്ചെത്തി നിർമ്മാണത്തിനായി എത്തിച്ച കൂറ്റൻ കോൺക്രീറ്റ് പൈലുകൾക്ക് നോക്കുകൂലി ആവശ്യപ്പെടുകയും പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയുമായിരുന്നു.

ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, നിത്യാസത്യൻ, അഭിജിത്ത്, ജി.എസ്.ഐമാരായ ആന്റണി, ഷാജി, എസ്.സി.പി.ഒ സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.