psc

തിരുവനന്തപുരം:അതീവ സുരക്ഷയിൽ തയ്യാറാക്കേണ്ട പി.എസ്.സി പരീക്ഷയുടെ ഒ.എം.ആർ ഷീറ്റ് ആധുനിക മെഷീനിന്റെ അഭാവത്തിൽ സർക്കാർ പ്രസിൽ തുറസായ സ്ഥലത്ത് അച്ചടിക്കുന്നു.അച്ചടിവകുപ്പിന്റെ മണ്ണന്തല പ്രസിൽ ഉത്തരം രേഖപ്പെടുത്തേണ്ട ഭാഗവും തിരുവനന്തപുരത്തെ സെൻട്രൽ പ്രസിൽ ബാർകോഡും അച്ചടിക്കുന്നു.ഇൻവിസിബിൾ പ്രിന്റിംഗാണ് ബാർക്കോഡ് രേഖപ്പെടുത്തുന്നതിന് ഉപയോഗിക്കേണ്ടത്. സെൻട്രൽ പ്രസിൽ അതിനുള്ള മുറി ഉണ്ടെങ്കിലും മെഷീൻ ഇതിന് പുറത്താണ് ക്രമീകരിച്ചിരിക്കുന്നത്. എണ്ണിത്തിട്ടപ്പെടുത്തി സീൽ ചെയ്ത് പാക്ക് ചെയ്യുന്നത് കോൺഫിഡൻഷ്യൽ റൂമുകളിലാണ്.

സർക്കാർ പ്രസുകളിലെ ഒ.എം.ആർ ഷീറ്റിന്റെ അച്ചടിയും നിലവാരവും തൃപ്തികരമെന്നാണ് പി.എസ്.സി പറയുന്നത്. സർക്കാർ പ്രസിൽ പ്രിന്റ് ചെയ്ത ഒ.എം.ആർ ഷീറ്റിൽ ഇതുവരെയും പരീക്ഷ നടത്തിയിട്ടില്ല.

6.5 കോടിയുടെ പ്രസ് വാങ്ങാൻ തീരുമാനിച്ചിട്ടും...

ഒ.എം.ആർ.ഷീറ്റിനൊപ്പം ബാർ കോഡും പ്രിന്റ് ചെയ്യുന്ന അത്യാധുനിക മെഷീൻ സർക്കാർ പ്രസുകളിൽ ഇല്ല. ആറു മാസം മുമ്പുവരെ ഹൈദരാബാദിലെ സ്വകാര്യ കമ്പനിയിൽ നിന്നായിരുന്നു പി.എസ്.സി ഒ.എം.ആർ ഷീറ്റുകൾ വാങ്ങിയിരുന്നത്.മൂല്യനിർണയം നടത്തുന്നത് പി.എസ്.സിയിലെ മെഷീനുകളിലാണ്.എന്നാൽ ഇടയ്ക്കിടെ ഒ.എം.ആർ ഷീറ്റുകൾ മെഷീനുകൾ പുറംതള്ളുന്ന അവസ്ഥ വന്നു. ഒ.എം.ആർ ഷീറ്റുകളുടെ ഗുണനിലവാരം കുറഞ്ഞതാണ് കാരണമെന്ന് കണ്ടെത്തി. കമ്പനിയെ അറിയിച്ചെങ്കിലും അവർ ഗൗനിച്ചില്ല. പരിഹാരം കാണാൻ പി.എസ്.സി സർക്കാരിനെ സമീപിച്ചു. അങ്ങനെയാണ് മണ്ണന്തലയിലെ പ്രസിൽ ഒ.എം.ആർ ഷീറ്റും സെൻട്രൽ പ്രസിൽ ബാർ കോഡും പ്രിന്റ് ചെയ്യാൻ തീരുമാനമായത്.

ശാശ്വത പരിഹാരമായി ഡൽഹിയിൽ നിന്ന് 6.5 കോടി രൂപ മുടക്കി കിഫ്ബി വഴി ആധുനിക ഫൈവ് കളർ ഷീറ്റ് ഹെഡ് ഓഫ്സെറ്റ് മെഷീൻ വാങ്ങാനും തീരുമാനമായി.

കിഫ്ബിയുടെ ഡി.പി.ആർ നടപടികൾ പൂർത്തിയായെങ്കിലും തുടർനടപടി ഉണ്ടായില്ല.

ഒന്നര ലക്ഷം അച്ചടിച്ചു

27 ലക്ഷം ഒ.എം.ആർ ഷീറ്റ് അച്ചടിക്കാൻ പി.എസ്.സി അച്ചടിവകുപ്പിന് 19 ലക്ഷം രൂപ നൽകി

1.5 ലക്ഷം ഒ.എം.ആർ ഷീറ്റുകൾ പി.എസ്.സിക്ക് കൈമാറി