തിരുവനന്തപുരം: പോക്സോ കേസ് ഇരകളെ പാർപ്പിക്കുന്ന 13 നിർഭയ ഹോമുകൾ സാമൂഹ്യ നീതി വകുപ്പ് പൂട്ടാൻ ഒരുങ്ങുന്നു. മുഴുവൻ കുട്ടികളെയും തൃശൂരിലെ പുതിയ കേന്ദ്രമായ മാതൃകാ ഹോമിലേക്ക് മാറ്റാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് നടപടിക്കു പിന്നിലെന്നാണ് കഴിഞ്ഞ ദിവസം സാമൂഹ്യ നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിലുള്ളത്.
സ്കൂളുകളും, കോളേജുകളും തുറക്കുന്നതിന് മുൻപ് കുട്ടികളെ മാറ്റും. പ്ലസ് ടു, ഡിഗ്രി അവസാന വർഷക്കാരെ മാറ്റില്ല. 200ഓളം പേരെ താമസിപ്പിക്കാവുന്ന രീതിയിലാണ് മാതൃകാ ഹോം നിർമ്മിച്ചിരിക്കുന്നത്. നിലവിലെ നിർഭയ കേന്ദ്രങ്ങൾ പോക്സോ ഇരകൾക്കുള്ള എൻട്രി ഹോമുകളാക്കും. കേസ് രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായാൽ ഇവരെ മാതൃകാ ഹോമിലേക്ക് മാറ്റും. എൻട്രി ഹോമുകളിലെത്തുന്നവരുടെ കേസുകൾ അതത് ജില്ലകളിലെ ലീഗൽ കൗൺസിലർമാർ നടത്തും. തൃശൂരിലേക്ക് താമസം മാറുമ്പോൾ സ്വന്തം ജില്ലയിലെ താമസവും മാതാപിതാക്കളുടെ സാമീപ്യവും കുട്ടികൾക്ക് നഷ്ടമാകുമെന്നും അത് അവരെ മാനസിക സമ്മർദ്ദത്തിലാക്കുമെന്നും ആക്ഷേപമുണ്ട്.
ഹോമുകൾ പൂട്ടുന്നില്ല:
മന്ത്രി കെ.കെ. ശൈലജ
നിർഭയ ഹോമുകൾ പൂട്ടുന്നുവെന്ന ആരോപണം ശരിയല്ലെന്നും, അവിടത്തെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നിർഭയയിലെ പഠിക്കാൻ താത്പര്യമുള്ള കുട്ടികൾക്ക് മികച്ച സൗകര്യം ഒരുക്കുന്നതിനാണ് വിദഗ്ദ്ധരുടെ നിർദ്ദേശാനുസരണം തൃശൂരിൽ 5 കോടി മുടക്കി മാതൃകാ ഹോം സ്ഥാപിച്ചത്. നിലവിൽ എൻ.ജി.ഒകളുടെ കീഴിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിർഭയ ഹോമുകളെല്ലാം എൻട്രി ഹോമുകളായി തുടരും. ഒരേ പ്രായക്കാരെ ശാസ്ത്രീയമായി പുനഃരധിവസിപ്പിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.