iffk

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് 25 വയസു പൂർത്തിയാകുന്ന വേളയിലും മാറി മാറി വന്ന സർക്കാരുകൾ പ്രഖ്യാപിച്ച ഫെസ്റ്റിവൽ കോംപ്ലക്സ് യാഥാർത്ഥ്യമായില്ല. ഏറ്റവും ഒടുവിൽ കിൻഫ്ര പാർക്കിൽ നാല് ഏക്കർ സ്ഥലം പദ്ധതിക്കായി കണ്ടെത്തിയെങ്കിലും അവിടെ വസ്തുവാങ്ങി ഫെസ്റ്റിവൽ കോംപ്ലക്സ് നിർമ്മിക്കാനുള്ള പദ്ധതിയും മരവിപ്പിച്ചിരിക്കുകയാണ്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികാരണമാണ് ഇപ്പോഴത്തെ പിൻവാങ്ങൽ.

കിഫ്ബിയിൽ നിന്നും 150 കോടി രൂപ ലഭ്യമാക്കിയുള്ള പദ്ധതിയുടെ സാക്ഷാത്കാരത്തിനായി കെ.എസ്.എഫ്.ഡി.സിയെ ചുമതലപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ കോംപ്ളക്സ് ഒഴികെയുള്ള പദ്ധതികൾക്കാണ് കിഫ്ബി 67 കോടി രൂപയുടെ ധനസഹായം അനുവദിച്ചത്. ഭീമമായ തുക ചെലവഴിച്ച് നിർമ്മിക്കുന്ന കോംപ്ലക്സ് ഫെസ്റ്റിവൽ നടക്കുന്ന 16 ദിവസം കഴിഞ്ഞാൽ പരിപാലിക്കുന്നതിനും മറ്റും നല്ലൊരു തുകയാകുമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് വേണ്ടെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ

ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ചിത്രാഞ്ജലി സ്റ്റുഡിയോ വളപ്പിൽ ഫെസ്റ്റിവൽ കോംപ്ലക്സ് നിർമ്മിക്കാനാണ് തീരുമാനിച്ചത്. എന്നാൽ ഒരു ഫിലിം സ്റ്റുഡിയോക്ക് വേണ്ട സ്ഥലം പോലും ഇല്ലാത്ത ഇവിടെ തിയേറ്റർ കോപ്ലക്സ് വരുന്നതിനെ കെ.എസ്.എഫ്.‌ഡി.സി എതിർത്തു. സിനിമാ പ്രവർത്തരും അതിനെതിരായിരുന്നു. വഴുതക്കാട്, കവടിയാർ, ബാലഭവന് സമീപം, നിശാഗന്ധിക്ക് സമീപം, ആക്കുളം തുടങ്ങിയവയാണ് മുൻ കാലങ്ങളിൽ ഫെസ്റ്റിവൽ കോംപ്ലക്സിനായി പരിഗണിച്ച സ്ഥലങ്ങൾ

 ബുസാനെ കണ്ടു പഠിക്കൂ

ഏഷ്യയിലെ ഏറ്റവും പ്രാധാനപ്പെട്ട ബുസാൻ ഫിലിം ഫെസ്റ്റിവലിനും നമ്മുടെ ഐ.എഫ്.എഫ്.കെയ്ക്കും ഒരേ പ്രായമാണ്. 2011ൽ 16-ാമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടന്നത് സ്ഥിരം കോംപ്ലക്സിലാണ്. 150 ദശലക്ഷം ഡോളർ ചെലവിട്ടായിരുന്നു നിർമ്മാണം. ആ കോംപ്ലക്സ് സിനിമാ മാർക്കറ്റിന്റെ കൂടി വേദിയായി മാറി. ഇവിടെയും സിനിമ കൊണ്ട് വന്ന് മാർക്കറ്ര് ചെയ്യാനായാൽ കോംപ്ലക്സ് എല്ലാ ദിവസവും സജീവമാക്കാനാകും.

 കോംപ്ലക്സ് ജനകീയതയ്ക്ക് എതിര്?

കേരളത്തിലേത് ജനകീയ മേളയെന്നാണ് അറിയപ്പെടുന്നത്. നഗരം മുഴുവൻ ഫെസ്റ്റിൽ മൂഡിലാകും.തിയേറ്ററുകളിൽ നിന്ന് തിയേറ്ററുകളിലേക്ക് ഓടുന്ന ഡെലിഗേറ്റുകളും. ഒാരോ വർഷവും ഫെസ്റ്റിവലിന് വേദികളാകുന്ന തിയേറ്ററുകളുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കും. കോംപ്ളക്സ് വരുമ്പോൾ എല്ലാം നിയന്ത്രിക്കേണ്ടിവരുമെന്നും ഇതേ സ്വഭാവത്തിൽ മേള നടത്തിയാൽ മതിയെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം