വെള്ളറട: ഒരു മുന്നണിക്കും അമിതപ്രാധാന്യം നൽകാത്ത വെള്ളറട ജില്ലാ ഡിവിഷൻ ഇക്കുറി ആരെ പിന്തുണയ്‌ക്കുമെന്നാണ് ചൂടേറിയ ചർച്ച. എൽ.ഡി.എഫ് ഘടക കക്ഷിയായ കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിലെ ജില്ലാ പ്രസിഡന്റ് സഹായദാസും യു.ഡി.എഫിൽ കെ.പി.സി.സി സെക്രട്ടറിയും പൂവച്ചൽ ഡിവിഷനിലെ മുൻ അംഗവുമായ അൻസജിതാ റസലും ബി.ജെ പി,​ ഒ.ബി.സി മോർച്ച പാറശാല നിയോജകണ്ഡലം പ്രസിഡ‌ന്റ് സുരേന്ദ്രനുമാണ് മത്സര രംഗത്തുള്ളത്.യുവജന സംഘടന പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ സഹായദാസിന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി പിന്നാക്കവിഭാഗം വികസന കോർപറേഷൻ ഡയറക്ടർ,ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം,കെ.എസ്.സി സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തന പരിചയവുമുണ്ട്.മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ സഹായ ദാസ് കട്ടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ട് ബോർഡ് അംഗമാണ്.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവമായ അൻസജിതാ റസൽ അഞ്ചാം തവണയാണ് മത്സര രംഗത്തെത്തുന്നത്. വെള്ളറടയിൽ നിന്നും നേരത്തെ ജില്ലാ ഡിവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഇവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിലവിൽ എ.ഐ.സി.സി അംഗവും കെ.പി.സി.സി സെക്രട്ടറിയുമാണ്.ആദ്യമായി മത്സരരംഗത്ത് എത്തുന്ന ബി.ജെ.പിയുടെ പി.സുരേന്ദ്രൻ ആർ.എസ്.എസിലൂടെയാണ് പ്രവർത്തനം ആരംഭിച്ചത്.സ്റ്റാച്യുവിൽ ഓട്ടോ ഡ്രൈവറായ സുരേന്ദ്രൻ ഒ.ബി.സി മോർച്ച പാറശാല നിയോജക മണ്ഡലം പ്രസിഡന്റാണ്.മുൻ പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് അംഗം ഷാജഹാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തുണ്ട്.

ചരിത്രം

വെള്ളറട പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ആര്യങ്കോട് 11,​ അമ്പൂരി 10,​ ഒറ്റശേഖരമംഗലം 8,​ കുന്നത്തുകാൽ 3 വാർഡുകൾ ചേർന്ന് 55 വാർഡുകളാണ് ഡിവിഷനിലുള്ളത്.ഡിവിഷനിൽ ഉൾപ്പെട്ട വെള്ളറട, അമ്പൂരി, കുന്നത്തുകാൽ,ആര്യങ്കോട് പഞ്ചായത്തുകൾ എൽ.ഡി.എഫാണ് ഭരണമായിരുന്നു.ഡിവിഷൻ നിലനിറുത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്.നേരത്തെ ഡിവിഷനെ പ്രതിനിധീകരിച്ച അംഗമെന്ന നിലയിൽ ചെയ്‌ത കാര്യങ്ങളും സംസ്ഥാന സർക്കാരിന്റെ അഴിമതിയും കാരണം വിജയമുണ്ടാകുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.നേരത്തെ ജയിച്ചവർ ഡിവിഷനിൽ കാര്യമായ വികസനങ്ങൾ നടപ്പിലാക്കിയില്ലെന്ന് ബി.ജെ.പി പറയുന്നു.