ബംഗാൾ സിനിമയുടെ മുഖമായിരുന്നു സൗമിത്ര ചാറ്റർജി. ലോകത്തിനു മുന്നിൽ ബംഗാളി സിനിമയെ അടയാളപ്പെടുത്തിയ മിക്കവാറും ചിത്രങ്ങളിൽ അദ്ദേഹമുണ്ടായിരുന്നു. അദ്ദേഹത്തെ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതിനു വേണ്ടി ഒരു സിനിമ ഞാൻ ചെയ്യാൻ തീരുമാനിച്ചിരുന്നു. ടി.പദ്മനാഭന്റെ 'കടലി'നെ ആസ്പദമാക്കിയുള്ളതായിരുന്നു സിനിമ. അത് നടക്കാതെ പോയതിൽ ഇന്നും എനിക്ക് വിഷമമുണ്ട്.
കൊൽക്കട്ട ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ഗൗതം ഘോഷിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നും എന്റെ കാതിലുണ്ട്.നല്ല സിനിമ ഇപ്പോഴും കിട്ടുകയാണെങ്കിൽ അഭിനയിക്കാൻ തയ്യാറാണെന്ന് അദ്ദേഹം ആശുപത്രി കിടക്കയിൽ കിടന്ന് ഗൗതം ഘോഷിനോട് പറയുമായിരുന്നു.ഒരു കലാകാരനെന്ന നിലയിൽ അദ്ദേഹം ബംഗാൾ സിനിമയ്ക്ക് നൽകിയ സംഭാവന വളരെ വലുതാണ്.ബംഗാൾ ഭാഷയിൽ നിന്ന് കൊണ്ട് തന്നെ ലോകം മുഴുവൻ അറിയപ്പെട്ടു.ആ ഭാഷ വിട്ട് മറ്റെങ്ങും പോയില്ല.അദ്ദേഹത്തെ അഭിനയിപ്പിച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.
തൊണ്ണൂറുകളിലെ കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് ഞാൻ ആദ്യമായി സൗമിത്ര ചാറ്റർജിയെ കാണുന്നതും പരിചയപ്പെടുന്നതും.അന്ന് എന്റെ സിനിമകളുടെ പ്രദർശനവും അവിടെ ഉണ്ടായിരുന്നു.കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലെ സജീവ സാനിദ്ധ്യമായിരുന്നു അദ്ദേഹം. ബംഗാളിലെ സിനിമാ രംഗത്തുള്ള എന്റെ സുഹൃത്തുക്കളാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. അവസാനമായി അദ്ദേഹത്തെ കണ്ടതും കഴിഞ്ഞ വർഷത്തെ കൊൽക്കത്ത ഫിലിം ഫെസ്റ്റിവെല്ലിലിലായിരുന്നു.
മറ്റാർക്കുമില്ലാത്ത ഒരു കലാകാരന്റെ കഴിവ് ഞാൻ അദ്ദേഹത്തിൽ കണ്ടിട്ടുണ്ട്.അഭിനയത്തോട് തികഞ്ഞ ആത്മാർത്ഥയും അർപ്പണബോധവുമുള്ള വ്യക്തിത്വം .
അതദ്ദേഹത്തിന്റെ സിനിമയിൽ നിന്നും നമുക്ക് വായിച്ചെടുക്കാം.പ്രശസ്ത സംവിധായകൻ സത്യജിത്ത് റേയുടെ 14 സിനിമകളിലെ നായക വേഷം അദ്ദേഹത്തിന് ലഭിച്ചത് ഇതിന് തെളിവാണ്.
അപുർ സൻസാർ, തീൻ കന്യ, അഭിജാൻ, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേർ ദിൻ രാത്രി, അശനിസങ്കേത്, സോനാർ കെല്ല, ഗണശത്രു എന്നീവയാണ് അദ്ദേഹത്തിന്റെ ഞാൻ കണ്ട ചിത്രങ്ങൾ. മികച്ച അഭിനയമാണെന്ന്. ആരും പറഞ്ഞ് പോകുന്ന തരത്തിലുള്ളതാണ് അദ്ദേഹത്തിന്റേത്.ലോകം മുഴുവൻ അദ്ദേഹത്തിന്റെ സിനിമക്ക് പ്രശസ്തി ലഭിച്ചിട്ടുണ്ട്.