തിരുവനന്തപുരം: എന്തൊക്കെയായിരുന്നു! ഓരോ ഫയലിനു പിന്നിലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ, മുട്ടിനു മുട്ടിന് സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞം, കമ്പ്യൂട്ടറുകളിൽ നിന്ന് കമ്പ്യൂട്ടറുകളിലേക്ക് ഫയലുകൾ ഓടുന്ന ഇ- ഫയൽ പരിഷ്കാരം... എന്നിട്ടും, സെക്രട്ടേറിയറ്റിൽ ഇപ്പോഴും കെട്ടിക്കിടക്കുന്നത് രണ്ടു ലക്ഷത്തിലധികം ഫയലുകൾ.
സർക്കാരിന്റെ അവസാനകാലം കൂടിയായതോടെ, ഫയൽ നീക്കം വീണ്ടും ഒച്ചിഴയും വേഗത്തിൽ. ഇ.ഡി മുതൽ വിജിലൻസ് വരെയുള്ള അന്വേഷണ ഏജൻസികളുടെ തേരോട്ടം കൂടിയായതോടെ ഉദ്യോഗസ്ഥർ തീരുമാനമെടുക്കാതെ ഫയലുകൾ തട്ടിക്കളിക്കുന്നു. കൊവിഡ് മൂലം വേണ്ടത്ര ജീവനക്കാരും ഹാജരില്ല.
ഭരണവേഗം നിലച്ചതോടെ, കഷ്ടത്തിലായത് സാധാരണക്കാരാണ്. ഒരാഴ്ചകൊണ്ട് തീർപ്പായിരുന്ന ഫയലുകൾക്ക് ഇപ്പോൾ രണ്ടു മാസം വരെ വേണം. അഞ്ചുവർഷത്തിലധികം പഴക്കമുള്ള ഫയലുകൾ വരെയുണ്ട്. ഇ- ഫയൽ സംവിധാനം നടപ്പിലായ ശേഷം കഴിഞ്ഞ വർഷവും ഈ വർഷവും ഫയൽ തീർപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും ഫലം കണ്ടില്ല. കടലാസിനു പകരം കമ്പ്യൂട്ടറായി എന്നു മാത്രം.
ഇ-ഫയൽ
പേപ്പറുകളിൽ എഴുതിയ ഫയലുകൾ ചുവപ്പുനാടയിട്ടു കെട്ടി ഒാരോ സെക്ഷനിലും അറ്റൻഡർമാർ എത്തിച്ചിരുന്ന രീതി മാറി. ഫയലുകൾ കമ്പ്യൂട്ടറുകൾ വഴി ഓരോ സെക്ഷനിലേക്കും മന്ത്രിമാരുടെയും ഒാഫീസുകളിലേക്കും എത്തുന്ന സംവിധാനമായി. ഇതിന് പ്രത്യേക ഇന്റർനെറ്റ് അധിഷ്ഠിത ശൃംഖലയും സോഫ്റ്റ് വെയറും.
ഫയൽ നീക്കം ഇങ്ങനെ
സ്വാതന്ത്ര്യസമര പെൻഷനുമായി ബന്ധപ്പെട്ട പരാതിയെങ്കിൽ, മുഖ്യമന്ത്രി കണ്ടശേഷം ബന്ധപ്പെട്ട വകുപ്പിലേക്ക്.
പിന്നീട് പൊതുഭരണ വകുപ്പിലെത്തും. സെക്രട്ടറി കണ്ടശേഷം ബന്ധപ്പെട്ട സെക്ഷനിലേക്ക്.
സെക്ഷനിൽ പരാതിയിലെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഫയലിന് നമ്പർ നൽകും.
രേഖകൾ കിട്ടാൻ അനുമതിക്കായി മുകളിലത്തെ ഓഫീസർക്ക്.
മുകൾത്തട്ടിലെ വിവിധ ഉദ്യോഗസ്ഥരിലൂടെ അണ്ടർസെക്രട്ടറിക്കു മുന്നിൽ
അനുമതിയുമായി ഇതേ തട്ടുകളിലൂടെ വീണ്ടും അസിസ്റ്റന്റിലേക്ക്.
സെക്ഷൻ ഓഫീസർ കണ്ടശേഷം ഓഫീസ് സെക്ഷനിലേക്ക് ഫയൽ അയയ്ക്കും.
അവിടെനിന്ന് കത്തായി കളക്ട്രേറ്റിലേക്ക്
കളക്ട്രേറ്റിൽ നിന്ന് ബന്ധപ്പെട്ട വില്ലേജ് ഓഫിസിലേക്ക്.
രേഖകൾ സഹിതം കളക്ട്രേറ്റിൽ മടങ്ങിയെത്തും.
വീണ്ടും സെക്രട്ടേറിയറ്റിലെ, ഫയൽ വന്ന സെക്ഷനിലേക്ക്.
വീണ്ടും സെക്ഷൻ ഓഫീസർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ കണ്ടശേഷം മുഖ്യമന്ത്രിയുടെ
ഓഫീസിൽ.
പരിശോധിക്കുക എന്ന് മുഖ്യമന്ത്രി ഫയലിൽ എഴുതിയാൽ ബന്ധപ്പെട്ട വകുപ്പിലെ
ഉദ്യോഗസ്ഥതലത്തിൽ പ്രശ്നം പരിഹരിക്കാം. പരിശോധിച്ചശേഷം തിരിച്ചയയ്ക്കുക എന്നാണെങ്കിൽ മുഖ്യമന്ത്രി വീണ്ടും കാണണം.
എന്തെങ്കിലും സംശയം ഉന്നയിക്കപ്പെട്ടാൽ വന്ന വഴികളിലുടെ ഫയൽ വീണ്ടും സഞ്ചരിക്കും.
മുഖ്യമന്ത്രി അംഗീകരിക്കുന്നതോടെ ഫയൽ വീണ്ടും വകുപ്പ് സെക്രട്ടറിയുടെ ഓഫീസിൽ.
അവിടെനിന്ന് ഉത്തരവിറക്കേണ്ട സെക്ഷനിലേക്ക്