neyyattinkara

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ മാലിന്യസംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്ന വാഗ്ദാനങ്ങൾ ഇപ്പോഴും ജലരേഖ മാത്രമാകുന്നു. എല്ലാത്തവണയും ഉള്ളതും പോലെ ഈ തിരഞ്ഞെടുപ്പിലും വാഗ്ദാന പെരുമഴയുമായി എത്തിയെങ്കിലും ഒന്നും നടക്കാൻ പോകുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. നെയ്യാറ്റിൻകര നഗരസഭയിലെ കുറകോട് മലയിലാണ് സംസ്കരണ പ്ളാന്റ് നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഇത് നടപ്പായില്ല. ഇതോടെയാണ് ടൗണും പരിസരവും മാലിന്യക്കൂനയായി മാറിയത്.

വ്യാപാര സ്ഥാപനങ്ങളിൽ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങളാണ് നഗരത്തെ വീർപ്പുമുട്ടിക്കുന്നത്.

നെയ്യാറ്റിൻകര, ആറാലുമൂട് ടി.ബി.ജംഗ്‌ഷൻ, പെരുമ്പഴുതൂർ കൊടങ്ങാവിള എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ലോറിയിൽ കയറ്റി നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും വയലുകളിലും നിക്ഷേപിക്കുന്നതും പതിവാണ്. സ്ഥിതി രൂക്ഷമായി തുടർന്നിട്ടും അധികൃതർ കണ്ണടയ്ക്കുകയായിരുന്നു.

മിനി പ്ളാന്റുകളും പാളി

പ്രതിഷേധം ശക്തമായതിനെ തുടർന്ന് ചന്തകളിൽ മിനി പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയെങ്കിലും അതും നടപ്പായില്ല. മാലിന്യം സമാഹരിച്ച് സംസ്കരിച്ച ശേഷം വളമാക്കി മാറ്റുന്ന പദ്ധതിയെക്കുറിച്ചും നഗരസഭ ആലോചിച്ചെങ്കിലും അതും പാളി. കേരളത്തിലെ പല നഗരസഭകളിലും മാലിന്യം സംഭരിച്ച് സംസ്കരിക്കുന്ന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും നെയ്യാറ്റിൻകരയെ മാത്രം അധികൃതർ അവഗണിക്കുകയായിരുന്നു.