മുടപുരം: ആൾക്കൂട്ട പ്രചാരണത്തിന് കൊറോണ തടയിട്ടതോടെ ചുവരെഴുത്തിന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രചാരമേറി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഫ്ളക്സ് ബോർഡും വർണ പോസ്റ്ററുകളും രംഗം കീഴടക്കിയതിനാൽ ചുവരെഴുത്തിന് പ്രാധാന്യം കുറവായിരുന്നു. എന്നാൽ പ്രകടനങ്ങളും പൊതുയോഗങ്ങളും കൂടിചേർന്നുള്ള വോട്ട് തേടലും കോലാഹലങ്ങളും കൊവിഡിനെ തുടർന്ന് നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ ഇപ്പോൾ നവമാദ്ധ്യമങ്ങൾക്കൊപ്പം ചുവരെഴുത്തും രംഗം കൈയടക്കി.
ഇതുമൂലം പ്രാദേശികമായ കലാകാരന്മാർക്ക് ഇപ്പോൾ വൻ ഡിമാൻഡാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ പാർട്ടി പ്രവർത്തകരും സ്ഥാനമോഹികളും ചുവരുകൾ വെള്ളയടിച്ച് ബുക്ക് ചെയ്തിരുന്നെങ്കിലും സ്ഥാനാർത്ഥി നിർണയ തീരുമാനം പൂർത്തിയാകാത്തതിനാൽ ചുവരെഴുത്ത് തുരാൻ കാലതാമസമുണ്ടായി.
സ്ഥാനാർത്ഥിത്വം തീരുമാനിക്കപ്പെട്ടവർക്ക് വേണ്ടി ദിവസങ്ങൾക്ക് മുൻപ് ചുവരെഴുത്ത് ആരംഭിച്ചെങ്കിലും എഴുത്തുകാരുടെ കുറവ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പെയിന്റിംഗ് ജോലിക്ക് പോകുന്ന കലാകാരന്മാരാണ് ചുവരെഴുത്ത് ജോലിയിലും ഏർപ്പെട്ടിരിക്കുന്നത്.
രാവും പകലും ദിവസങ്ങളായി അവർ ഈ ജോലിയിൽ വ്യാപൃതരായിരിക്കുകയാണ്. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായതിനാൽ ഇതൊരു സേവനമായി കണക്കിലെടുത്ത് തുശ്ചമായ പ്രതിഫലത്തിനാണ് ഈ ജോലി ചെയ്യുന്നതെന്ന് അഴൂർ പഞ്ചായത്ത് കന്നുകാലിവണം ശക്തിപുരം സ്വദേശി ജോബി പറഞ്ഞു. രാപകൽ ഇല്ലാതെ ഒരാഴ്ചയായി ജോബിയും സഹപ്രവർത്തകരായ ശങ്കർ, മനീഷ് എന്നിവരും എൽ.ഡി.എഫിനു വേണ്ടി ചുവരെഴുതുകയാണ്.
ഇനിയും ഒട്ടേറെ വാർഡുകളിലെ ചുവരെഴുത്ത് ജോലിക്കായി ബുക്ക് ചെയ്തിരിക്കുകയാണെന്നും ജോബി പറഞ്ഞു. എന്നാൽ കനത്ത കൂലിയും വൻപിച്ച പ്രതിഫലവും പറ്റുന്ന പ്രൊഫഷണൽ എഴുത്തുകാരും രംഗത്തുണ്ട്. കൊറോണക്കാലത്ത് കലാകാരന്മാർക്ക് ഇതൊരു വരുമാനമാർഗമായി എന്നത് വളരെ ആശ്വാസജനകം തന്നെ.