k-saritha-korakkod

കാസർകോട്: കൊവിഡ് കാലത്ത് വീടുകൾ പരീക്ഷണ ശാലയാക്കുകയാണ് അടുക്കത്തുബയൽ സർക്കാർ യു.പി. സ്കൂൾ. 786 കുട്ടികളുള്ള സ്കൂളിൽ 786 ലാബുകളാണ് ഒരുങ്ങുന്നത്. 80 ശതമാനം കുട്ടികളും തങ്ങളുടെ വീടുകളിൽ ലാബ് സജ്ജീകരിച്ചു സ്വയം പരീക്ഷണം തുടങ്ങി. അപകടം ക്ഷണിച്ചു വരുത്തുന്ന ആസിഡുകൾ ഒഴിവാക്കി പ്രകൃതിദത്തമായ പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് 'കുട്ടി ശാസ്ത്രജ്ഞന്മാർ' പരീക്ഷണം നടത്തുന്നത്. 'എന്റെ വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണശാല' എന്ന പദ്ധതിയാണ് പ്രാവർത്തികമാകുന്നത്.

പരീക്ഷണങ്ങൾ സ്കൂൾ ലാബുകളിൽ ചെയ്യാൻ പറ്റാത്ത ഈ അവസ്ഥയിൽ ഓൺലൈൻ പഠനത്തിന് അനുസരിച്ചുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതിന് വേണ്ടി ഓരോ കുട്ടികളുടെയും വീടുകളിൽ പരീക്ഷണശാല ഒരുക്കുകയാണ് ചെയ്തത്. സീറോ ബജറ്റ് ലാബുകൾ ഒരുക്കി നൽകാൻ രക്ഷിതാക്കളും ആവേശത്തിലാണ്. ഒരാഴ്ചകൊണ്ട് 100 ശതമാനം പരീക്ഷണശാലയും ഒരുക്കി ചരിത്രമെഴുതുകയാണ് വിദ്യാർഥികൾ. അന്തരീക്ഷ മർദ്ദം, വെള്ളത്തിന്റെ സാന്ദ്രത, ആസിഡ്, ആൽക്കലി എന്നിവ തിരിച്ചറിയൽ തുടങ്ങിയ ലളിതമായ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടതോടെ വിദ്യാർത്ഥികളും ആവേശത്തിലാണ്. അപ്പക്കാരവും വിനാഗിരിയും ചെമ്പരത്തി പൂവും കടലാസുകളും കോഴിമുട്ടയും ബലൂണുമെല്ലാം പരീക്ഷണ വസ്തുവായി വീടുകളിലെ നാടൻ ലാബുകളിൽ എത്തിയതും കൗതുകമായി.

വിലയേറിയ ജാറുകൾക്കും ഉപകരണങ്ങൾക്കും പകരം വീടുകളിലെ അടുക്കളയിൽ ഉപയോഗിക്കുന്ന ബോട്ടിലുകളും പലതരം പത്രങ്ങളുമെല്ലാം കുട്ടികളുടെ ലാബുകളിൽ സാമഗ്രികളായി. ലാബുകളിൽ ഉപയോഗിക്കുന്ന ലിറ്റ്മസ് പേപ്പറിന് പകരം പ്രകൃതിദത്തമായ ചെമ്പരത്തി പൂവ് ഉരച്ചു നിറംമാറ്റം ദൃശ്യമാക്കുന്നു. ആസിഡും ആൽകലിയും തിരിച്ചറിയാനാണ് ഇത്. ഉപ്പുവെള്ളത്തിന്റെ സാന്ദ്രത കൂടുതലുള്ളത് അറിയാൻ വെള്ളവും ഉപ്പുവെള്ളവും വെവ്വേറെ പാത്രത്തിൽ എടുത്തു കോഴിമുട്ട ഉപയോഗിച്ചാണ് പരീക്ഷണം. ബലൂൺ വീർപ്പിക്കുന്നതിന് അപ്പക്കാരവും വിനാഗിരിയുമാണ് കുട്ടികൾ ഉപയോഗിക്കുന്നത്. തീ കത്തുന്നതിന് ഓക്സിജൻ ആവശ്യമാണെന്ന പരീക്ഷണവും ഭംഗിയായി നടത്തി. പാഠഭാഗത്തെ ആസ്പദമാക്കി വിത്യസ്തങ്ങളായ പരീക്ഷണങ്ങളാണ് ഓരോ കുട്ടികളും നടത്തുന്നത്. പ്രധാനാദ്ധ്യാപിക യശോദ, അദ്ധ്യാപകരായ റാംമനോഹർ, ഷേർളി, മധുമ, പൂർണ്ണിമ, സരിത, ശാന്ത, ജിജി എന്നിവരാണ് ആസൂത്രണം. ഇവർ വീടുകളിൽ ചെന്ന് കുട്ടികളുടെ പ്രവർത്തനം വിലയിരുത്തും. സമ്പൂർണ്ണ ഗൃഹശാസ്ത്ര പരീക്ഷണശാല പ്രഖ്യാപനം നടത്താനാണ് ഉദ്ദേശിക്കുന്നത്. കാസർകോട് ഡി.ഇ.ഒ നന്ദികേശൻ ലാബ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.


ഹരിത പരീക്ഷണം നടത്തി ആസിഡ് കണ്ടെത്തി

കൊറക്കോട് താമസിക്കുന്ന കെ. ഹരിത വീട്ടിൽ സജ്ജീകരിച്ച ലാബിൽ നടത്തിയത് സാധാരണ ഉപയോഗിക്കുന്ന സാധന സാമഗ്രികളിൽ ആസിഡ് ഉണ്ടോയെന്ന് കണ്ടെത്താനുള്ള പരീക്ഷണമായിരുന്നു. ചെറുനാരങ്ങ, ബട്ടർ മിൽക്ക്, വിനാഗിരി, സാൾട് വാട്ടർ എന്നിവകളിൽ ആസിഡിന്റെ അംശം കണ്ടെത്താനായിരുന്നു പരീക്ഷണം. ബോട്ടിലുകൾ, പേപ്പർ, സ്പൂൺ തുടങ്ങിയ സാമഗ്രികളാണ് ഉപയോഗിച്ചത്. വെള്ളത്തിന്റെ സാന്ദ്രത അളക്കുന്നതിനുള്ള പരീക്ഷണവും നടത്തുകയുണ്ടായി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഹരിത, വിദ്യാനഗറിൽ ബിസിനസുകാരനായ കെ. ഹരീഷിന്റെയും സ്വകാര്യ കോളേജ് അദ്ധ്യാപിക പി.വി. അംബികയുടെയും മകളാണ്.